വാഷിങ്‌ടണ്‍: യുക്രൈന് എതിരെ യുദ്ധം നടത്തുന്ന റഷ്യയെ സാമ്പത്തികമായി ഞെരുക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു അമേരിക്കയുടെ നിയന്ത്രണത്തിലുള്ള പാശ്ചാത്യ രാജ്യങ്ങള്‍ റഷ്യയില്‍ നിന്നുള്ള ഫോസില്‍ ഇന്ധനങ്ങള്‍ ഇറക്കുമതി ചെയ്യുന്നത് കുറച്ചത്. റഷ്യന്‍ സര്‍ക്കാറിന്‍റെ വരുമാനത്തിന്‍റെ നല്ലൊരു ഭാഗം ഫോസില്‍ ഇന്ധനങ്ങളുടെ കയറ്റുമതി വഴിയുള്ളതാണ്. അതുകൊണ്ട് തന്നെ ഈ കയറ്റുമതിയില്‍ വിള്ളല്‍ വരുത്താന്‍ സാധിച്ചാല്‍ റഷ്യയെ പിടിച്ചുകെട്ടാന്‍ സാധിക്കുമെന്നായിരുന്നു കണക്കുകൂട്ടല്‍.
എന്നാല്‍ യുദ്ധം തുടങ്ങി നാല് മാസം പിന്നിടുമ്പോള്‍ വ്യക്തമാവുന്നത് പാശ്ചാത്യ രാജ്യങ്ങളുടെ കണക്കുകൂട്ടലുകള്‍ പാളി എന്ന് മാത്രമല്ല തീരുമാനം അവരുടെ നേരെ തിരിച്ചടിക്കുന്നതാണ്. പാശ്ചാത്യ രാജ്യങ്ങള്‍ റഷ്യയില്‍ നിന്നുള്ള അസംസ്‌കൃത എണ്ണയുടെ ഇറക്കുമതി കുറച്ചപ്പോള്‍ ലോക വിപണയില്‍ വില വര്‍ധിച്ചു. ഇതിന്‍റെ ഫലമായി റഷ്യയ്‌ക്ക് മുന്‍പത്തേക്കാള്‍ കുറഞ്ഞ അളവില്‍ എണ്ണ കയറ്റുമതി ചെയ്‌തുകൊണ്ട് തന്നെ ഒരു നിശ്ചിത വരുമാനം ലഭിക്കുമെന്നായി. കൂടാതെ യൂറോപ്പ് പ്രതിദിനം എത്ര ബാരല്‍ ഇറക്കുമതിയാണോ കുറച്ചത് ഏതാണ്ട് അത്രത്തോളം ബാരല്‍ ചൈനയും ഇന്ത്യയും പ്രതിദിനം റഷ്യയില്‍ നിന്ന് അസംസ്‌കൃത എണ്ണ ഇറക്കുമതി ചെയ്യുകയാണ്.
ആഗോള തലത്തില്‍ എണ്ണ വില വര്‍ധിച്ചത് പാശ്ചാത്യ രാജ്യങ്ങളിലടക്കം വലിയ വിലക്കയറ്റത്തിനാണ് വഴി വച്ചത്. അമേരിക്കയിലും യൂറോപ്പിലും പതിറ്റാണ്ടുകള്‍ക്കിടയിലെ ഏറ്റവും വലിയ വിലക്കയറ്റം രേഖപ്പെടുത്തുകയാണ്. ഇത് ആ രാജ്യങ്ങളിലെ സര്‍ക്കാരുകളുടെ ജനസമ്മിതിയാണ് ഇടിച്ചത്. ഈ ഒരു സാഹചര്യത്തിലാണ് റഷ്യയ്‌ക്ക് എതിരെ ജി7 രാജ്യങ്ങള്‍ പുതിയൊരു തന്ത്രത്തിന് ഒരുങ്ങുന്നത്.
ജര്‍മനിയില്‍ നടന്നുകൊണ്ടിരിക്കുന്ന 48-ാമത് ജി7 ഉച്ചകോടിയില്‍ യുഎസാണ് പുതിയ തന്ത്രം മുന്നോട്ട് വച്ചത്. റഷ്യയുടെ അസംസ്‌കൃത എണ്ണയ്‌ക്ക് അന്താരാഷ്‌ട്ര വില നിലവാരത്തിലും വളരെ താഴ്‌ന്ന ഒരു വില പരിധി നിശ്ചയിക്കുകയും ഈ പരിധിക്ക് അപ്പുറത്തുള്ള വിലയില്‍ ഒരു രാജ്യവും റഷ്യയില്‍ നിന്ന് അസംസ്‌കൃത എണ്ണ വാങ്ങാത്ത സാഹചര്യം സൃഷ്‌ടിക്കുകയും ചെയ്യുക എന്നുള്ളതാണ് പുതിയ തന്ത്രം.
ഈ തന്ത്രം വിജയിച്ചാല്‍ റഷ്യയുടെ വരുമാനം കുറയ്‌ക്കാനും അന്താരാഷ്‌ട്ര വിപണിയിലെ എണ്ണയുടെ ഉയര്‍ന്ന വില കുറയ്‌ക്കാനും സാധിക്കും. യുഎസ് ട്രഷറി സെക്രട്ടറി ജനറ്റ് യെല്ലെന്‍റേതാണ് ഈ ആശയം. കുറഞ്ഞത് ചൈനയും ഇന്ത്യയും പാശ്ചാത്യ രാജ്യങ്ങളോടൊപ്പം സഹകരിച്ചാല്‍ മാത്രമെ ഈ തന്ത്രം വിജയിക്കുകയുള്ളൂ. യുക്രൈന്‍ യുദ്ധത്തില്‍ ഇന്ത്യയുടെയും ചൈനയുടെയും നിലപാട് എന്ത് തന്നെയായാലും കുറഞ്ഞ വിലയില്‍ റഷ്യയില്‍ നിന്ന് അസംസ്‌കൃത എണ്ണ വാങ്ങാന്‍ കഴിയുന്ന സാഹചര്യമുണ്ടാകുന്ന ഈ തീരുമാനത്തോട് ഇരു രാജ്യങ്ങളും യോജിക്കുമെന്നാണ് ജി7 രാജ്യങ്ങളുടെ പ്രതീക്ഷ.