കാഠ്‌മണ്ഡു: നേപ്പാൾ ഉപപ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ റാബി ലാമിച്ചനെതിരെ വ്യാജ പൗരത്വ കേസിൽ സുപ്രീംകോടതി നടപടി. അദ്ദേഹത്തിന്‍റെ എംപി സ്ഥാനം കോടതി റദ്ദാക്കി. ആക്‌ടിങ് ചീഫ് ജസ്റ്റിസ് ഹരികൃഷ്‌ണ കര്‍ക്കി അധ്യക്ഷനായ ഭരണഘടന ബഞ്ചിന്‍റേതാണ് വിധി.
2022 നേപ്പാള്‍ പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കാനായി റാബി ലാമിച്ചനെ സമര്‍പ്പിച്ച നേപ്പാള്‍ പൗരത്വ സര്‍ട്ടിഫിക്കറ്റ് നിയമ വിരുദ്ധമാണെന്നായിരുന്നു സുപ്രീം കോടതിയുടെ വിലയിരുത്തല്‍. അമേരിക്കൻ പൗരത്വം ഉപേക്ഷിച്ചതിന് ശേഷം നേപ്പാളി പൗരന്‍ എന്ന നിലയിൽ അദ്ദേഹം നടത്തിയിട്ടുള്ള എല്ലാ പ്രവൃത്തികളും നിയമ വിരുദ്ധമായാണ് കണക്കാക്കുന്നത്. നേപ്പാള്‍ പൗരത്വം ലഭിക്കുന്നതിന് മുന്‍പ് അസാധുവാക്കിയ പൗരത്വം അദ്ദേഹം ഉപയോഗിച്ചിരുന്നുവെന്നും കോടതി വ്യക്തമാക്കി.
അതേസമയം, കോടതി വിധിക്ക് പിന്നാലെ റാബി ലാമിച്ചനെ മന്ത്രി, എംപി, പാർട്ടി അധ്യക്ഷൻ എന്നീ സ്ഥാനങ്ങളിൽ നിന്നും നീക്കിയിട്ടുണ്ട്. 2018 ജൂണിലാണ് റാബി തന്‍റെ അമേരിക്കന്‍ പൗരത്വം ഉപേക്ഷിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. തുടര്‍ന്ന്, മാധ്യമ പ്രവര്‍ത്തകനായിരുന്ന അദ്ദേഹം കഴിഞ്ഞ ജൂണോടെയാണ് രാഷ്‌ട്രീയത്തില്‍ പ്രവേശിച്ചത്.
പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പില്‍ മത്സരിച്ച് വിജയിച്ച റാബി ലാമിച്ചനെയ്‌ക്ക് ഉപപ്രധാനമന്ത്രിക്കൊപ്പം ആഭ്യന്തര വകുപ്പിന്‍റെ ചുമതലയും ലഭിക്കുകയായിരുന്നു. എന്നാല്‍, നേപ്പാളി പൗരത്വമില്ലാത്തതിനാൽ ലാമിച്ചനെ പാർലമെന്‍റ് അംഗമാക്കാന്‍ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടി ഇക്കഴിഞ്ഞ ഡിസംബര്‍ 14ന് അഭിഭാഷകരായ യുബരാജ് പൗഡലും റാബിരാജ് ബസൗലയും ചേര്‍ന്നാണ് സുപ്രീം കോടതിയില്‍ റിട്ട് ഹര്‍ജി സമര്‍പ്പിച്ചത്.
നേപ്പാളി പൗരന്മാര്‍ക്ക് മാത്രമാണ് തെരഞ്ഞെടുപ്പില്‍ മത്സരിക്കാനും വോട്ട് രേഖപ്പെടുത്താനും പാര്‍ട്ടി രൂപീകരിക്കാനും ഭരണഘടനാപാരമായ അവകാശമുള്ളതെന്നായിരുന്നു ഹര്‍ജിക്കാരുടെ വാദം. ഈ സാഹചര്യത്തില്‍ പാര്‍ട്ടി മേധാവി സ്ഥാനത്ത് നിന്നുള്‍പ്പടെ റാബി ലാമിച്ചനെ നീക്കം ചെയ്യണമെന്ന് ഹര്‍ജിക്കാര്‍ കോടതിയില്‍ ആവശ്യപ്പെടുകയായിരുന്നു.