വാഷിങ്‌ടൺ : യുഎസ് പ്രതിനിധിസഭ സ്‌പീക്കറായി (New Speaker Of US House Of Representatives) മൈക്ക് ജോൺസൺ (Mike Johnson) (51) തെരഞ്ഞെടുക്കപ്പെട്ടു. ലൂസിയാനയിൽ നിന്നുള്ള റിപ്പബ്ലിക്കൻ കോൺഗ്രസ് അംഗമാണ് (Republican Congressman from Louisiana) മൈക്ക് ജോൺസൺ. ഇതോടെ മൂന്നാഴ്‌ചയായി നീണ്ടുനിന്ന അമേരിക്കൻ രാഷ്‌ട്രീയത്തിലെ അനിശ്ചിതത്ത്വത്തിനാണ് വിരാമമായത്.
രാജ്യത്തെ ഏറ്റവും ശക്തമായ രാഷ്‌ട്രീയ കസേരകളിലൊന്നാണ് സ്‌പീക്കർ സ്ഥാനം. 220 വോട്ടുകൾക്കാണ് മൈക്ക് ജോൺസൺ വിജയിച്ചത്. ഒക്‌ടോബർ മൂന്നിന് കെവിൻ മക്കാർത്തിയെ (Kevin McCarthy) പുറത്താക്കിയതിന് ശേഷം ഈ സ്ഥാനത്തേക്ക് നോമിനേറ്റ് ചെയ്യപ്പെടുന്ന നാലാമത്തെ റിപ്പബ്ലിക്കനാണ് ജോൺസൺ. ഡൊണാൾഡ് ട്രംപ് (Donald Trump) പിന്തുണച്ച സ്ഥാനാർഥികൂടിയായിരുന്നു അദ്ദേഹം.
ഇസ്രയേലിനുള്ള പിന്തുണയ്‌ക്ക് മുൻഗണന : മൂന്നാഴ്‌ചയായി സ്‌പീക്കറില്ലാതെ ഭരിക്കാൻ കഴിയാത്തതിനാൽ സഭ സ്‌തംഭിച്ച അവസ്ഥയിലായിരുന്നു. 435 അംഗ സഭയിൽ, ഡെമോക്രാറ്റുകളുടെ 212 സീറ്റുകൾക്കെതിരെ 221 സീറ്റുകളുടെ നേരിയ ഭൂരിപക്ഷമാണ് റിപ്പബ്ലിക്കിനുള്ളത്. അഭിഭാഷകൻ കൂടിയായ ജോൺസൺ ജനപ്രതിനിധി സഭയുടെ 56മത് സ്‌പീക്കറാണ്. അതേസമയം, ഹമാസിന്‍റെ ഭീകരാക്രമണത്തിൽ തകർന്ന ഇസ്രയേലിനെ പിന്തുണയ്‌ക്കുന്ന പ്രമേയം കൊണ്ടുവരിക എന്നതാണ് തന്‍റെ ആദ്യ നിയമനിർമാണ അജണ്ടയെന്ന് ജോൺസൺ കോൺഗ്രസിനെ അഭിസംബോധന ചെയ്‌ത് പറഞ്ഞു.
തങ്ങൾക്ക് മുന്നിലുള്ള വെല്ലുവിളി വലുതാണെന്നും എന്നാൽ ഇതാണ് പ്രവർത്തിക്കേണ്ട സമയമെന്നും അദ്ദേഹം പറഞ്ഞു. നിലവിലെ ഏറ്റവും വലിയ പ്രതിസന്ധി ഇസ്രായേലിലെയും യുക്രെയ്‌നിനും യുദ്ധാന്തരീക്ഷത്തിൽ ധനസഹായം നൽകാനുള്ള പ്രസിഡന്‍റ് ജോ ബൈഡന്‍റെ 100 ബില്യൺ യുഎസ് ഡോളറിന്‍റെ അഭ്യർഥന അംഗീകരിക്കുകയും സർക്കാരിനെ സംരക്ഷിക്കുകയുമാണ്. അതിനാൽ, അമേരിക്കൻ ജനതയെ സേവിക്കുക എന്ന തന്‍റെ കർത്തവ്യത്തിലേയ്‌ക്ക് താൻ ഉടൻ തന്നെ പ്രവേശിക്കുകയാണെന്ന് സ്‌പീക്കർ കൂട്ടിച്ചേർത്തു.
ജോൺസണെ അഭിനന്ദിച്ച് ബൈഡൻ : അതേസമയം, ജോൺസണുമായി ഒന്നിച്ച് പ്രവർത്തിക്കാൻ താൻ കാത്തിരിക്കുകയാണെന്ന് യുഎസ് പ്രസിഡന്‍റ് ജോ ബൈഡൻ പറഞ്ഞു (US President Joe Biden). ദേശീയ സുരക്ഷ ആവശ്യങ്ങൾ പരിഹരിക്കാനും 22 ദിവസത്തിനുള്ളിൽ സർക്കാർ അടച്ചുപൂട്ടൽ ഒഴിവാക്കാനും പ്രവർത്തനങ്ങൾ വേഗത്തിലാക്കേണ്ടതുണ്ടെന്നും ചില വിഷയങ്ങളിൽ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടെങ്കിലും സാധിക്കുന്നിടത്തെല്ലാം പൊതുവായ താൽപര്യം മനസിലാക്കി മുന്നോട്ട് നീങ്ങുമെന്നും ജോൺസണെ അഭിനന്ദിച്ചുകൊണ്ട് ബൈഡൻ അറിയിച്ചു.