സാന്‍ ഫ്രാന്‍സിസ്‌കോ: 27 വര്‍ഷത്തെ സേവനത്തിന് ശേഷം വിട പറഞ്ഞ് മൈക്രോസോഫ്‌റ്റിന്‍റെ ഇന്‍റര്‍നെറ്റ് എക്‌സ്‌പ്ലോറര്‍. 2000-ത്തിന്‍റെ തുടക്കത്തില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ ഉപയോഗിച്ചിരുന്ന ബ്രൗസറായിരുന്നു ഇന്‍റര്‍നെറ്റ് എക്‌സ്‌പ്ലോറർ. ഗൂഗിളിന്‍റെ ക്രോം, മോസില്ലയുടെ ഫയര്‍ഫോക്‌സ് തുടങ്ങിയവയുടെ വരവോടെയാണ് ഇന്‍റര്‍നെറ്റ് എക്‌സ്‌പ്ലോററിന്‍റെ ജനപ്രീതി ഇടിയുന്നത്.
2022 ജൂണ്‍ 15ന് ഇന്‍റര്‍നെറ്റ് എക്‌സ്‌പ്ലോററിന്‍റെ പ്രവര്‍ത്തനം അവസാനിപ്പിക്കുമെന്ന് കഴിഞ്ഞ വര്‍ഷം മൈക്രോസോഫ്‌റ്റ് അറിയിച്ചിരുന്നു. ഇന്‍റര്‍നെറ്റ് എക്‌സ്‌പ്ലോററിന്‍റെ പിന്‍ഗാമിയായി 2015ല്‍ മൈക്രോസോഫ്‌റ്റ് എഡ്‌ജ് ബ്രൗസർ അവതരിപ്പിച്ചിരുന്നു. 1995ലാണ് മൈക്രോസോഫ്‌റ്റ് ഇന്‍റർനെറ്റ് എക്‌സ്‌പ്ലോററിന്‍റെ ആദ്യ പതിപ്പ് പുറത്തിറക്കുന്നത്.
ഉപയോക്താക്കളുടെ പ്രിയ ബ്രൗസര്‍: വെബ് സർഫിങിന്‍റെ തുടക്ക കാലഘട്ടത്തില്‍ നെറ്റ്‌സ്‌കേപ്പ് നാവിഗേറ്ററാണ് ആധിപത്യം പുലര്‍ത്തിയിരുന്നത്. മൈക്രോസോഫ്‌റ്റ് വിൻഡോസ് ഓപ്പറേറ്റിങ് സിസ്റ്റത്തില്‍ ഇന്‍റര്‍നെറ്റ് എക്‌സ്‌പ്ലോറര്‍ ഉള്‍പ്പെടുത്താന്‍ തുടങ്ങിയതോടെ നെറ്റ്‌സ്‌കേപ്പ് നാവിഗേറ്ററിന് പകരം പലരും ഡീഫോള്‍ട്ടായി ഇന്‍റര്‍നെറ്റ് എക്‌സ്‌പ്ലോററര്‍ ഉപയോഗിക്കാന്‍ ആരംഭിച്ചു. ഇത് മൂലം കമ്പനി പലപ്പോഴും നിയമ കുരുക്കുകളില്‍പ്പെടുന്ന സാഹചര്യങ്ങളുമുണ്ടായി.
വിൻഡോസ് ഉപയോഗിക്കുന്നതിനുള്ള ഒരു വ്യവസ്ഥയായി ബ്രൗസറിനെ മാറ്റിയതിലൂടെ കണ്‍സന്‍റ് ഡിക്രീ (സമ്മതപത്രം) ലംഘിച്ചുവെന്ന് ചൂണ്ടികാട്ടി 1997ൽ ജസ്റ്റിസ് ഡിപ്പാർട്ട്‌മെന്‍റ് മൈക്രോസോഫ്‌റ്റിനെതിരെ കേസ് നല്‍കി. 2002ലാണ് കേസ് ഒത്തുതീര്‍പ്പാകുന്നത്. വിൻഡോസില്‍ ഉള്‍പ്പെടുത്തിയതോടെ മോസില്ലയുടെ ഫയർഫോക്‌സ്, ഒപ്പേര, ഗൂഗിളിന്‍റെ ക്രോം എന്നിവയുമായി അപേക്ഷിച്ച് ഇന്‍റർനെറ്റ് എക്‌സ്‌പ്ലോററിന് കൂടുതല്‍ പരിഗണന ലഭിക്കുന്നുവെന്ന പരാതിയും ഉയർന്നിരുന്നു.
ക്രോമിന്‍റെ വരവോടെ ഇടിഞ്ഞ ജനപ്രീതി: ഇന്‍റര്‍നെറ്റ് എക്‌സ്‌പ്ലോറര്‍ മന്ദഗതിയിലാണെന്നും ക്രാഷിങിനും ഹാക്ക് ചെയ്യപ്പെടാനും സാധ്യതയുണ്ടെന്നും പിന്നീട് ഉപയോക്താക്കള്‍ പരാതി ഉന്നയിച്ചു. 2000-ത്തിന്‍റെ തുടക്കത്തിൽ 90 ശതമാനം ആയിരുന്ന ഇന്‍റർനെറ്റ് എക്‌സ്‌പ്ലോററിന്‍റെ മാർക്കറ്റ് ഷെയര്‍, ക്രോം ഉള്‍പ്പെടെയുള്ള മറ്റ് ഇന്‍റര്‍നെറ്റ് ബ്രൗസിങ് സേവനങ്ങള്‍ മത്സര രംഗത്ത് വന്നതോടെ പതിയെ ഇടിയാന്‍ തുടങ്ങി.
ഇന്‍റർനെറ്റ് അനലിറ്റിക്‌സ് കമ്പനിയായ സ്റ്റാറ്റ്‌കൗണ്ടറിന്‍റെ റിപ്പോര്‍ട്ട് അനുസരിച്ച്, ഇന്ന് ലോകമെമ്പാടുമുള്ള ബ്രൗസർ വിപണിയുടെ ഏകദേശം 65 ശതമാനം വിഹിതവുമായി ഗൂഗിളിന്‍റെ ക്രോമാണ് ബ്രൗസിങ് മേഖലയില്‍ ആധിപത്യം പുലർത്തുന്നത്. 19 ശതമാനമുള്ള ആപ്പിളിന്‍റെ സഫാരിയാണ് തൊട്ടുപിന്നില്‍. ഏകദേശം നാല് ശതമാനം മാത്രം വിപണി വിഹിതമുള്ള എഡ്‌ജ് ഫയര്‍ഫോക്‌സിന് തൊട്ടു മുന്നിലാണ്.