വാഷിങ്‌ടൺ: വിൻഡോസ് 11ന്‍റെ നോട്ട്പാഡ് ആപ്പിന് ടാബ് ഫീച്ചർ ലഭിക്കാൻ പോകുന്നുവെന്നുള്ള മൈക്രോസോഫ്‌റ്റ് ജീവനക്കാരന്‍റെ അബദ്ധ പ്രഖ്യാപനം ചർച്ചയാകുന്നു. അമേരിക്കൻ ടെക് ഭീമനായ മൈക്രോസോഫ്‌റ്റിന്‍റെ സീനിയർ പ്രോഡക്‌ട് മാനേജറാണ് ടാബ് ഫീച്ചറോട് കൂടിയ നോട്ട്‌പാടിന്‍റെ പുതിയ വെർഷന്‍റെ ചിത്രം ട്വിറ്ററിലൂടെ പുറത്തുവിട്ടത്. ലൗഡ്‌സ്‌പീക്കർ ഇമോജിക്കൊപ്പം, 'വിൻഡോസ് 11ലെ നോട്ട്പാഡിന് ഇനി ടാബുകളും!' എന്ന കാപ്‌ഷനോടു കൂടിയായിരുന്നു അദ്ദേഹത്തിന്‍റെ പ്രഖ്യാപനം.
ഇതിനു പിന്നാലെ മൈക്രോസോഫ്‌റ്റിന്‍റെ മുന്നറിയിപ്പും ഉണ്ടായി. കമ്പനിയുടെ ഫീച്ചറുകൾ ചർച്ച ചെയ്യുകയോ സ്‌ക്രീൻഷോട്ടുകൾ എടുക്കുകയോ ചെയ്യരുതെന്നായിരുന്നു മുന്നറിയിപ്പ്. മൈക്രോസോഫ്‌റ്റിന്‍റെ ടാബ് ഫീച്ചർ ഇപ്പോഴും പ്രാഥമിക പരീക്ഷണ ഘട്ടത്തിലാണെന്നും അതിൽ പറയുന്നു.
കമ്പനിയുടെ വിശദീകരണം പുറത്തു വന്ന് മിനിറ്റുകൾക്കകം ട്വീറ്റ് അപ്രത്യക്ഷമായെങ്കിലും വിൻഡോസ് സെൻട്രലിന് പുറമേ നിരവധി വിൻഡോസ് പ്രേമികൾക്കിടയിലും വാർത്ത പരന്നു. ഏതായാലും മൈക്രോസോഫ്‌റ്റ് അത്തരത്തിൽ നോട്ട്‌പാടുകൾക്കായി ടാബ് ഫീച്ചർ കൊണ്ടുവരുകയാണെങ്കിൽ, ടാബ്‌ഡ് ഇന്‍റർഫേസോട് കൂടിയ (tabbed interface) ആദ്യത്തെ ബിൾട്ട്-ഇൻ ടൂളായിരിക്കും ഇത്. ഈ വർഷം ആദ്യം ഫയൽ എക്സ്പ്ലോററിലേക്കും മൈക്രോസോഫ്‌റ്റ് ടാബ് ഫീച്ചർ കൊണ്ടുവന്നിരുന്നു.
നാല് വർഷം മുമ്പ് 'സെറ്റ്‌സ്' (Sets) എന്ന ഫീച്ചറിൽ എല്ലാ വിൻഡോസ് 10 ആപ്പുകളിലും മൈക്രോസോഫ്‌റ്റ് ആദ്യമായി ടാബുകൾ പരീക്ഷിച്ചിരുന്നു. നോട്ട്‌പാഡിലെയും ഫയൽ എക്‌സ്‌പ്ലോററിലെയും ടാബ് പ്രവർത്തനക്ഷമത ഇതിൽ ഉൾപ്പെടുത്തിയിരുന്നു. എന്നാൽ മൈക്രോസോഫ്‌റ്റ് ആ പ്രോജക്‌ട് നിർത്തലാക്കിയതോടെ വിൻഡോസ് 10 ഉപഭോക്താക്കൾക്കിടയിൽ ടാബ് ഫീച്ചർ റിലീസ് ചെയ്യാനായില്ല.