എന്തിനെക്കാളും വലുതും വിലപ്പെട്ടതുമാണ് പ്രണയം എന്ന് കരുതുന്ന ഒട്ടനവധി ആളുകളാണ് നമുക്ക് ചുറ്റുമുള്ളത്. ആ കൂട്ടത്തില്‍പ്പെട്ട ഒരാളാണ് മലേഷ്യന്‍ സ്വദേശി ആഞ്ചലീന്‍ ഫ്രാന്‍സിസ് ഖൂ (Angeline Francis Khoo). പണത്തിനാണോ പ്രണയത്തിനാണോ താന്‍ കൂടുതല്‍ പ്രാധാന്യം നല്‍കുന്നത് എന്ന് ചോദിച്ചാല്‍ പ്രണയത്തിനാണ് എന്നായിരിക്കും ആഞ്ചലീന്‍ ഫ്രാന്‍സിസ് നല്‍കുന്ന മറുപടി. തന്‍റെ ജീവിതം കൊണ്ട് തന്നെ ഇത് ആഞ്ചലീന്‍ വ്യക്തമാക്കിയിട്ടുണ്ട്... ആ കഥ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ തരംഗമാണ്.
മലേഷ്യയിലെ പ്രമുഖ വ്യവസായി ഖൂ കേ പെങ്ങിന്‍റെയും (Khoo Kay Peng) മുന്‍ മിസ് മലേഷ്യ പോളിന്‍ ചായുടെയും (Pauline Chai) മകള്‍. രാജ്യത്തെ തന്നെ ഏറ്റവും വലിയ ധനികരില്‍ ഒരാളായിരുന്നു ആഞ്ചലീന്‍ ഫ്രാന്‍സിസിന്‍റെ അച്ഛന്‍. ഓക്‌സ്ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയിലായിരുന്നു (Oxford University) ആഞ്ചലീന്‍ ഫ്രാന്‍സിസിന്‍റെ പഠനം.
ഇവിടെ വച്ച് ജെഡിഡിയ ഫ്രാന്‍സിസ് (Jedidiah Francis) എന്ന ആണ്‍ സുഹൃത്തുമായി ആഞ്ചലീന്‍ പ്രണയത്തിലായി. ഇക്കാര്യം ആഞ്ചലീന്‍ തന്‍റെ മാതാപിതാക്കളെ അറിയിക്കുകയും ജെഡിഡിയയെ വിവാഹം കഴിക്കാന്‍ തനിക്ക് താല്‍പര്യമുണ്ടെന്ന് പറയുകയുമായിരുന്നു. എന്നാല്‍, ജെഡിഡിയയുടെ കുടുംബവുമായുള്ള സാമ്പത്തിക അന്തരം ഏറെ വലുതായതുകൊണ്ട് തന്നെ ഇതില്‍ സമ്മതം മൂളാന്‍ ആഞ്ചലീന്‍ ഫ്രാന്‍സിസിന്‍റെ കുടുംബം തയ്യാറായിരുന്നില്ല.
വീട്ടുകാര്‍ എതിര്‍പ്പുന്നയിച്ചതോടെ വീട് വിട്ടിറങ്ങാനും കാമുകനോടൊപ്പം പോകാനുമായിരുന്നു ആഞ്ചലീന്‍ തീരുമാനിച്ചത്. തനിക്ക് മാതാപിതാക്കള്‍ വാഗ്‌ദാനം നല്‍കിയ 2000 കോടിയിലധികം രൂപയുടെ സ്വത്തവകാശം വേണ്ടന്ന് വച്ചായിരുന്നു ആഞ്ചലീന്‍ ഫ്രാന്‍സിസ് ഖൂ തന്‍റെ പ്രണയത്തെ തെരഞ്ഞെടുത്തത്.
15 വര്‍ഷം മുന്‍പ് 2008ലായിരുന്നു ആഞ്ചലീന്‍ ഫ്രാന്‍സിസിന്‍റെയും ജെഡിഡിയയുടെയും വിവാഹം. വിവാഹ ശേഷം ഇരുവരും കുടുംബങ്ങളില്‍ നിന്നും മാറിയായിരുന്നു താമസിച്ചിരുന്നത്. അതിന് ശേഷം തന്‍റെ മാതാപിതാക്കളുടെ വിവാഹ മോചന സമയത്ത് കോടതിയില്‍ എത്തിയപ്പോഴാണ് ആഞ്ചലീന്‍ തന്‍റെ കുടുംബത്തെ വീണ്ടും കാണുന്നത്.
ഇത്തരമൊരു സാഹചര്യത്തില്‍ കോടതിയില്‍ എത്തിയ ആഞ്ചലീന്‍ തന്‍റെ അമ്മയെ ഏറെ പിന്തുണച്ചുകൊണ്ടായിരുന്നു സംസാരിച്ചത്. അച്ഛന്‍ പലപ്പോഴും ബിസിനസ് കാര്യങ്ങളില്‍ ഏറെ തിരക്കിലായിരുന്നു. ഈ സമയങ്ങളില്‍ അമ്മ നന്നായിട്ടായിരുന്നു കുടുംബത്തെ നോക്കിയിരുന്നതെന്നായിരുന്നു ആഞ്ചലീന്‍റെ പ്രതികരണം.
ഒരു ശ്രീലങ്കന്‍ പ്രണയകഥ: ഇന്ത്യയിലേക്ക് ടൂറിസ്റ്റ് വിസയിലെത്തി ആന്ധ്രാപ്രദേശ് സ്വദേശിയെ വിവാഹം ചെയ്‌ത് ശ്രീലങ്കന്‍ യുവതി. ശ്രീലങ്കന്‍ സ്വദേശിയായ വിഘ്‌നേശ്വരി എന്ന യുവതിയാണ് ചിറ്റൂര്‍ സ്വദേശിയായ ലക്ഷ്‌മണ്‍ എന്ന യുവാവിനെ അന്വേഷിച്ച് ഇന്ത്യയിലേക്ക് എത്തിയത്. കഴിഞ്ഞ ജൂലൈ എട്ടിനായിരുന്നു യുവതി ലങ്കയില്‍ നിന്നും ടൂറിസ്റ്റ് വിസയില്‍ ഇന്ത്യയിലേക്ക് എത്തിയത്.
ഇന്ത്യയിലേക്കെത്തിയ വിഘ്‌നേശ്വരിയെ ലക്ഷ്‌മണ്‍ തന്‍റെ വീട്ടിലേക്ക് കൂട്ടിപ്പോകുകയും ചെയ്‌തിരുന്നു. തുടര്‍ന്ന് ജൂലൈ 20നായിരുന്നു ഇരുവരും വിവാഹതിരായത്.