വാഷിങ്‌ടൺ: മൈക്രോ ബ്ലോഗിങ് പ്ലാറ്റ്‌ഫോമായ ട്വിറ്ററിന് പുതിയ മേധാവി എത്തുന്നുവെന്ന് സൂചന. ആറ് മാസക്കാലമായി ട്വിറ്റർ മേധാവി സ്ഥാനത്തേക്ക് തനിക്ക് പകരക്കാരനെ തേടുകയായിരുന്നു ഇലോൺ മസ്‌ക്. ഈ സാഹചര്യത്തിലാണ് എൻബിസി യൂണിവേഴ്‌സലിന്‍റെ പരസ്യ വിഭാഗം മേധാവിയായ ലിൻഡ യാക്കാരിനോയുടെ പേര് ഉയർന്നുകേൾക്കുന്നത്.
ഇലോൺ മസ്‌ക് വരാനിരിക്കുന്ന വനിത സിഇഒയുടെ പേര് ഔപചാരികമായി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും പ്രാദേശിക മാധ്യമങ്ങൾ ഇക്കാര്യം സ്ഥിരീകരിച്ച് കഴിഞ്ഞു. ആറ് ആഴ്‌ചയ്‌ക്കകം ലിൻഡ യാക്കാരിനോ ട്വിറ്റർ മേധാവിയായി ചുമതലയേൽക്കുമെന്നാണ് വാഷിങ്‌ടണിൽ നിന്ന് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. പുതിയ സിഇഒ ചുമതല ഏൽക്കുന്ന സാഹചര്യത്തിൽ പ്രോഡക്‌റ്റ്, സോഫ്‌റ്റ്‌വെയർ, സിസ്റ്റം ഓപ്പറേഷൻസ് വിഭാഗങ്ങളുടെ എക്‌സിക്യൂട്ടീവ് ചെയർ, സിടിഒ എന്നീ സ്ഥാനങ്ങളായിരിക്കും മസ്‌ക് പിന്നീട് വഹിക്കുക.
ലിൻഡ യാക്കാരിനോ നിസാരക്കാരിയല്ല: യുഎസിലെ മിയാമി ബീച്ചിൽ നടന്ന ഒരു മാർക്കറ്റിങ് കോൺഫറൻസിൽ മസ്‌കും യാക്കാരിനോയും ഒന്നിച്ച് പങ്കെടുത്തിരുന്നു. കഴിഞ്ഞ വർഷം 44 ബില്യൺ ഡോളറിനാണ് ഇലോൺ മസ്‌ക് ട്വിറ്റർ ഏറ്റെടുത്തത്. ഇതിന് പിന്നാലെ സിഇഒ പരാഗ് അഗ്രിവാൾ ഉൾപ്പടെ നിരവധി പേരെ മസ്‌ക് പിരിച്ചുവിട്ടിരുന്നു. അതേസമയം 2000 തൊഴിലാളികൾക്കാണ് യാക്കാരിനോ മേൽനോട്ടം വഹിക്കുന്നത്.
പരസ്യ മേഖലയിൽ നിന്നും 100 ബില്യൺ ഡോളർ ഇവർ സമ്പാദിച്ചതായും കൂടാതെ ആപ്പിൾ, സ്‌നാപ്‌ചാറ്റ്, ബസ്‌ഫീഡ്, ട്വിറ്റർ, യൂട്യൂബ് എന്നിവയുൾപ്പടെയുള്ള കമ്പനികളുമായി പങ്കാളിത്തമുള്ളതായും യാക്കാരിനോയുടെ സോഷ്യൽ പ്രൊഫൈൽ വെളിപ്പെടുത്തുന്നു. ട്വിറ്റർ മേധാവി സ്ഥാനത്ത് താൻ തുടരണോ വേണ്ടയോ എന്ന ചോദ്യത്തിൽ മസ്‌ക് കഴിഞ്ഞ ഡിസംബറിൽ ട്വിറ്ററിലൂടെ ഒരു വോട്ടെടുപ്പ് നടത്തിയിരുന്നു. അതിനൊപ്പം ഉപഭോക്താക്കളുടെ ആഗ്രഹം എന്തായാലും അത് അനുസരിക്കുമെന്നും മസ്‌ക് വ്യക്തമാക്കി.
തിരിച്ചടി നൽകിയ വോട്ടെടുപ്പ് : എന്നാൽ തിരിച്ചടിയെന്നോണം ഭൂരിഭാഗം (57.5 ശതമാനം) ഉപഭോക്താക്കളും മസ്‌കിന്‍റെ രാജിയാണ് ആവശ്യപ്പെട്ടത്. അപ്രതീക്ഷിതമായ ഫലത്തിൽ, ആഗ്രഹങ്ങൾ പറയുമ്പോൾ ഉപഭോക്താക്കൾ ശ്രദ്ധിക്കണമെന്നും ചിലപ്പോൾ അത് നടപ്പാക്കപ്പെടുമെന്നും മസ്‌ക് മറുപടി നൽകിയിരുന്നു. വോട്ടെടുപ്പിന്‍റെ ഫലം അനുകൂലമല്ലെന്ന് കണ്ട മസ്‌ക് പിന്നീട് താൻ രാജി വയ്‌ക്കുമെന്നും പക്ഷെ ഈ ജോലി ഏറ്റെടുക്കാൻ മാത്രം വിഡ്‌ഢിയായ ഒരാളെ കണ്ടെത്തിയതിന് ശേഷം മാത്രമാകും രാജിയെന്നുമായിരുന്നു പ്രഖ്യാപിച്ചത്.
also read : 'ട്വിറ്റർ ശുദ്ധീകരിക്കുന്നു, ഫോളോവർമാർ കുറയും'; വമ്പൻ പ്രഖ്യാപനവുമായി ഇലോണ്‍ മസ്‌ക്
പ്രസക്തമായ നയമാറ്റങ്ങൾ : ട്വിറ്ററിൽ ചുമതലയേറ്റ ശേഷം നിരവധി നയമാറ്റങ്ങൾ മസ്‌ക് കൊണ്ടുവന്നിരുന്നു. ഫേസ്‌ബുക്ക്, ഇൻസ്‌റ്റഗ്രാം പോലെയുള്ള സമൂഹമാധ്യമങ്ങളെ പ്രമോട്ട് ചെയ്യുന്ന അക്കൗണ്ടുകൾ നിരോധിക്കുക, ബ്ലൂ സബ്‌സ്‌ക്രിപ്‌ഷൻ ചെയ്യാത്തവരുടെ ലെഗസി ബ്ലൂ വെരിഫൈഡ് ചെക്ക് മാർക്കുകൾ ഒഴിവാക്കൽ, ട്വിറ്ററിന്‍റെ ലോഗോ മാറ്റി ബ്ലൂ ബേർഡിന് പകരം ഡോഗ് മീമോ നൽകൽ ഉൾപ്പടെ വലിയ അഴിച്ചുപണിയാണ് ചുരുങ്ങിയ സമയം കൊണ്ട് മസ്‌ക് നടപ്പാക്കിയത്.