വാഷിങ്‌ടണ്‍: യുഎസിലെ ടെക്‌സാസില്‍ സ്‌കൂളിലുണ്ടായ വെടി വയ്പ്പില്‍ കുട്ടികളും മുതിര്‍ന്നവരും കൊല്ലപ്പെട്ട സംഭവത്തില്‍ വികാരഭരിതനായി യുഎസ് പ്രസിഡന്‍റ് ജോ ബൈഡന്‍. ഇത് പ്രതികരിക്കാനുള്ള സമയമാണെന്നും രാജ്യത്തെ തോക്ക് ലോബിയെ തകര്‍ക്കുമെന്നും ബൈഡൻ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളുടെ ദുഃഖത്തില്‍ പങ്കുചേര്‍ന്ന് പറഞ്ഞു.
"രാജ്യത്തെ തോക്ക് ലോബികള്‍ക്കെതിരെ എന്നാണ് നാം പ്രതികരിക്കുക, ഇനി എന്ന് വരെ നമ്മള്‍ ഇത് ചുമക്കും? ഇത് പ്രതികരിക്കാനുള്ള സമയമാണ്" - ബൈഡന്‍ പറഞ്ഞു. ടെക്‌സാസ് സ്‌കൂളിലെത്തിയ 18കാരൻ കൈത്തോക്ക് ഉപയോഗിച്ചാണ് വിദ്യാര്‍ഥികളുടെ നേര്‍ക്ക് വെടിയുതിർത്തത്.
Read More: യു.എസിലെ സ്‌കൂളില്‍ വെടിവയ്പ്പ്: 18 വിദ്യാര്‍ഥികളടക്കം 21 പേര്‍ മരിച്ചു
രണ്ട് വിദ്യാര്‍ഥികൾ സംഭവസ്ഥലത്ത് തന്നെ കൊല്ലപ്പെട്ടതായി ടെക്‌സാസ് ഗവർണർ ഗ്രെഗ് അബോട്ട് പറഞ്ഞു. പ്രതി തന്‍റെ മുത്തശിയെ വെടിവച്ച ശേഷം സ്‌കൂളില്‍ കയറി കുട്ടികളെ കൂട്ടത്തോടെ കൊല്ലുകയായിരുന്നെന്ന് പൊലീസ് പറയുന്നു. ദേശീയ ദുഃഖാചരണത്തിന്‍റെ ഭാഗമായി അമേരിക്കന്‍ പതാക ഇന്ന് പകുതി താഴ്ത്തി കെട്ടും.