വാഷിങ്ടൺ : വൈറ്റ് ഹൗസിൽ മോദിയെ സ്വീകരിച്ച് യുഎസ് പ്രസിഡന്‍റ് ജോ ബൈഡനും പ്രഥമ വനിത ഡോ. ജിൽ ബൈഡനും. പ്രസിഡന്‍റ് ജോ ബൈഡനും പ്രഥമ വനിതയും പ്രധാനമന്ത്രി മോദിയും സ്റ്റേറ്റ് ഡിന്നറിൽ ഒത്തുകൂടി. പ്രസിഡന്‍റും പ്രഥമ വനിതയും പ്രധാനമന്ത്രി മോദിക്ക് സമ്മാനങ്ങൾ നൽകുകയും ചെയ്‌തു. ഇരുപതാം നൂറ്റാണ്ടിന്‍റെ തുടക്കത്തില്‍ കൈകൊണ്ട് നിർമ്മിച്ച പുരാതന അമേരിക്കൻ പുസ്‌തക ഗാലിയാണ് മോദിക്ക് സമ്മാനിച്ചത്.
ആദ്യത്തെ കൊഡാക്ക് ക്യാമറയുടെ ജോർജ്ജ് ഈസ്റ്റ്മാന്‍റെ പേറ്റന്‍റിന്‍റെ പ്രിന്‍റ്, അമേരിക്കൻ വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫിയുടെ ഹാർഡ് കവർ പുസ്‌തകം എന്നിവയും മോദിക്ക് സമ്മാനമായി നൽകി. വൈറ്റ് ഹൗസ് സന്ദർശനത്തിന് മുമ്പ് പ്രധാനമന്ത്രി മോദി അപ്ലൈഡ് മെറ്റീരിയൽസ് പ്രസിഡന്‍റും സിഇഒയുമായ ഗാരി ഇ ഡിക്കേഴ്‌സൺ, മൈക്രോൺ ടെക്‌നോളജി പ്രസിഡന്‍റ് സിഇഒ സഞ്ജയ് മെഹ്‌റോത്ര, ജനറൽ ഇലക്‌ടിക് ചെയർമാനും ഇലക്‌റ്റിക് എയ്‌റോസ്‌പേസ് സിഇഒയുമായ എച്ച് ലോറൻസ് കൽപ് ജൂനിയർ എന്നിവരുമായും മോദി കൂടിക്കാഴ്‌ച നടത്തി.
ഇന്നലെ വാഷിംഗ്‌ടൺ ഡിസിയിൽ എത്തിയ പ്രധാനമന്ത്രി മോദി, 'സ്‌കില്ലിംഗ് ഫോർ ഫ്യൂച്ചർ' പരിപാടിയിൽ പങ്കെടുത്താണ് തന്‍റെ ദിനം ആരംഭിച്ചത്. ഇന്ത്യയും അമേരിക്കയും തമ്മിലുള്ള പങ്കാളിത്തം സുസ്ഥിരമായ ആഗോള വളർച്ചയ്ക്ക് പിന്നിലെ ചാലക എഞ്ചിനായി പ്രവർത്തിക്കുമെന്നും പരിപാടിയിൽ പറഞ്ഞു. നാളെ യുഎസ് വൈസ് പ്രസിഡന്‍റ് കമല ഹാരിസിനും യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്‍റണി ബ്ലിങ്കനുമൊപ്പമായിരിക്കും പ്രധാനമന്ത്രിയുടെ ലഞ്ച്.
ടെസ്‌ല സിഇഒ എലോൺ മസ്‌ക് ഉൾപ്പെടെയുള്ള യുഎസിലെ വിവിധ മേഖലകളിലെ പ്രമുഖ വ്യക്തികളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നലെ കൂടിക്കാഴ്‌ച നടത്തിയിരുന്നു. കൂടിക്കാഴ്‌ചക്കിടെ ഇന്ത്യയെക്കുറിച്ചുള്ള ടെസ്‌ല സിഇഒയുടെ വാക്കുകളും ഏറെ ശ്രദ്ധ നേടിയിരുന്നു. ഇന്ത്യയുടെ ഭാവിയെക്കുറിച്ച് താൻ അവിശ്വസനീയമാംവിധം ആവേശഭരിതനാണെന്നായിരുന്നു മസ്‌കിന്‍റെ വാക്കുകൾ. 'മറ്റേതൊരു വലിയ രാജ്യത്തേക്കാളും ഇന്ത്യക്ക് കൂടുതൽ സാധ്യതകളുണ്ടെന്നപം ഇലോൺ മസ്‌ക് ചൂണ്ടിക്കാട്ടി.
മസ്‌കിനെ കൂടാതെ, ജ്യോതിശാസ്‌ത്രജ്ഞനും എഴുത്തുകാരനുമായ നീൽ ഡിഗ്രാസ് ടൈസൺ, നോബൽ സമ്മാന ജേതാവായ സാമ്പത്തിക ശാസ്‌ത്രജ്ഞൻ പോൾ റോമർ, എഴുത്തുകാരൻ നിക്കോളാസ് നാസിം തലേബ്, നിക്ഷേപകനായ റേ ഡാലിയോ എന്നിവരുമായും പ്രധാനമന്ത്രി മോദി കൂടിക്കാഴ്‌ച നടത്തി. കൊവിഡ് പാൻഡമിക്ക് കാലത്തെ ഇന്ത്യയുടെ നീക്കങ്ങളെയും വൈറസിനെ കാര്യക്ഷമമായി നേരിട്ട രീതിയെയും കൂടിക്കാഴ്‌ചക്കിടെ നിക്കോളാസ് നാസിം തലേബ് അഭിനന്ദിച്ചിരുന്നു.
യുഎസ് പ്രസിഡന്‍റ് ജോ ബൈഡന്‍റെയും പ്രഥമ വനിത ജിൽ ബൈഡന്‍റെയും ക്ഷണപ്രകാരമാണ് മോദിയുടെ യുഎസ് സന്ദർശനം. നൊബേൽ സമ്മാന ജേതാക്കൾ, സാമ്പത്തിക വിദഗ്‌ധർ, കലാകാരന്മാർ, ശാസ്ത്രജ്ഞർ, പണ്ഡിതർ, സംരംഭകർ, അക്കാദമിക് - ആരോഗ്യ രംഗത്തെ വിദഗ്‌ധർ തുടങ്ങി വിവിധ മേഖലകളിലെ വിദഗ്‌ധരുമായി യുഎസ് സന്ദർശനത്തിൽ മോദി കൂടിക്കാഴ്‌ച നടത്തും.