ഗാസ : വെടിനിർത്തൽ കരാറിന്‍റെ ഭാഗമായി 39 പലസ്‌തീൻ തടവുകാരെ ഇസ്രയേൽ മോചിപ്പിച്ചു. 13 ഇസ്രയേലികളെയും നാല് വിദേശികളെയും ഹമാസ് മോചിപ്പിച്ചതിന് പകരമായാണ് ഇത്. വെടിനിർത്തൽ കരാർ പ്രകാരം നടന്ന രണ്ടാം ഘട്ട കൈമാറ്റമായിരുന്നു ഇത്.
അതേസമയം മണിക്കൂറുകളോളം വൈകിപ്പിച്ചതിന് ശേഷമാണ് കൈമാറ്റം നടന്നത്. ഇത് സംഘർഷാവസ്ഥ സൃഷ്ടിച്ചിരുന്നു. തടവിലാക്കപ്പെട്ടവരുമായി പോയ ബസ് ഇന്ന് പുലർച്ചെയോടെയാണ് വെസ്റ്റ്ബാങ്കിൽ എത്തിച്ചേർന്നത്. മോചിപ്പിച്ച നാല് തായ്‌ലൻഡുകാരെ ഇസ്രയേല്‍ മാറ്റിയതായി സൈന്യം അറിയിച്ചു. ഇവരെ നിരീക്ഷണത്തിനായി കുടുംബത്തോടൊപ്പം ആശുപത്രികളിലേക്ക് കൊണ്ടുപോയതായാണ് വിവരം.
മോചിതയായ നൂർഹാൻ അവദിന് ജെറുസലേമിന് സമീപമുള്ള ഖലാൻഡിയ അഭയാർഥി ക്യാമ്പിൽ ലഭിച്ചത് വന്‍ വരവേൽപ്പായിരുന്നു. 2016ൽ ഇസ്രയേൽ സൈനികനെ കത്രിക ഉപയോഗിച്ച് കുത്താൻ ശ്രമിച്ച കേസിൽ പതിമൂന്നര വർഷം തടവിന് ശിക്ഷിക്കപ്പെട്ട നൂർഹാന് ശിക്ഷ വിധിക്കുമ്പോൾ പ്രായം 17 മാത്രമായിരുന്നു. അതേസമയം മോചിതയായ പലസ്‌തീൻ വനിത ഷുറൂഖ് ദുവിയത്ത് ജെറുസലേമിലെ വീട്ടിൽ എത്തി.
ഗാസയിലെ ജനങ്ങൾക്ക് പൂർണ പിന്തുണ നൽകുന്നതായി ഷുറൂഖ് ദുവിയത്ത് മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം ഇസ്രയേലികൾക്കെതിരെ ആക്രമണം നടത്തിയതിന് 2015 മുതൽ തടവിലാക്കപ്പെട്ട ഇസ്ര ജാബിസിനെ ജെറുസലേമിൽ കാണാനെത്തിയ മാധ്യമപ്രവർത്തകരെ സൈന്യം പുറത്താക്കി.
നൂറുകണക്കിന് പലസ്‌തീനികളാണ് വെസ്റ്റ് ബാങ്ക് നഗരമായ ബെയ്റ്റൂണിയയിൽ മോചിതരുടെ വരവിനായി കാത്തുനിന്നത്. ഇന്നലെ ഹമാസ് വിട്ടയച്ച ഇസ്രയേൽ ബന്ദികളിൽ ഏഴ് കുട്ടികളും ആറ് സ്ത്രീകളും ഉൾപ്പെടുന്നുവെന്നാണ് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്‍റെ ഓഫീസ് അറിയിച്ചത്.
ഒക്‌ടോബർ 7 ന് ഹമാസ് തീവ്രവാദികളുടെ ആക്രമണത്തിനിടെ തടവിലായവരാണ് മോചിപ്പിക്കപ്പെട്ടവരിലേറെയും. മൂന്ന് മുതൽ 67 വയസുവരെയുള്ള സ്ത്രീകളും സംഘത്തിലുണ്ടായിരുന്നു.