ടെഹ്റാൻ : വിഖ്യാത ഹോളിവുഡ് നടി ആഞ്ജലീന ജോളിയെപ്പോലെയാകാൻ നിരവധി ശസ്‌ത്രക്രിയകൾ നടത്തിയ ഇറാന്‍ സ്വദേശി സഹര്‍ തബറിന് രൂപമാറ്റം സംഭവിച്ചെന്ന രീതിയില്‍ സമൂഹമാധ്യമങ്ങളിൽ ചിത്രങ്ങള്‍ വൈറലായിരുന്നു. എന്നാൽ അത് വെറും എഡിറ്റിങ് ആയിരുന്നുവെന്ന് വ്യക്തമാക്കി യഥാര്‍ഥ മുഖം ലോകത്തിന് മുന്നിൽ വെളിപ്പെടുത്തിയിരിക്കുകയാണ് പ്രസ്‌തുത യുവതി. ജയിൽ മോചിതയായ ശേഷമാണ്, സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ച ചിത്രങ്ങൾ ഫോട്ടോഷോപ്പ് ചെയ്‌തതാണെന്ന് സഹര്‍ തബര്‍ വിശദീകരിച്ചത്.
അഴിമതി, മതനിന്ദ എന്നിവ ആരോപിക്കപ്പെട്ട് സഹര്‍ 10 വർഷത്തേക്ക് ജയിലിലടയ്ക്കപ്പെടുകയായിരുന്നു. 2019 ഒക്‌ടോബറിലാണ് തടവുശിക്ഷ ലഭിച്ചത്. എന്നാല്‍ സഹറിന്‍റെ മോചനത്തിനായി സമൂഹ മാധ്യമങ്ങളിൽ വ്യാപക പ്രതിഷേധം അരങ്ങേറിയിരുന്നു.
മഹ്സ അമിനിയുടെ മരണത്തെത്തുടർന്ന് ഇറാനിൽ തുടങ്ങിയ പ്രക്ഷോഭങ്ങളുടെ ഫലമായാണ് സഹർ തബറിന്‍റെ ജയില്‍ മോചനം സാധ്യമായത്. 'സോംബി ആഞ്ജലീന ജോളി' എന്നായിരുന്നു സഹര്‍ വിളിക്കപ്പെട്ടിരുന്നത്. ആഞ്ജലീനയെ പോലെയാകാന്‍ സഹർ പ്ലാസ്‌റ്റിക്ക് ശസ്‌ത്രക്രിയ ചെയ്‌തെന്നും തുടര്‍ന്ന് വിരൂപയായെന്നുമാണ് പരക്കെ കരുതിയിരുന്നത്.
എന്നാല്‍ ലോകമാകെ പ്രചരിച്ച തന്‍റെ ചിത്രങ്ങൾ എഡിറ്റ് ചെയ്‌തതാണെന്ന് തബർ പറഞ്ഞു. 'ലിപ് ഫില്ലറുകൾ, ലിപ്പോസക്ഷൻ തുടങ്ങിയ ചില സൗന്ദര്യവർധക ശസ്‌ത്രക്രിയകൾക്ക് താൻ വിധേയയായിട്ടുണ്ട്, എന്നാൽ ഈ ചിത്രങ്ങൾ മേക്കപ്പിലൂടെയും ഫോട്ടോഷോപ്പിലൂടെയും നിർമിച്ചതാണ്' - ഒരു പ്രാദേശിക മാധ്യമത്തിന് നൽകിയ അഭിമുഖത്തില്‍ യുവതി പറഞ്ഞു.
ഫാത്തിമ ഖിഷ്‍വാന്ദ് എന്നാണ് തബറിന്‍റെ യഥാർഥ പേര്. പെട്ടെന്ന് പ്രശസ്‌തയാകാനാണ് അത്തരം ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചതെന്നും സഹർ വിശദീകരിച്ചു.