ജക്കാർത്ത: തെക്കൻ ഇന്തോനേഷ്യയിൽ 240 പേരുമായി പോയ യാത്രാബോട്ടിന് തീപിടിച്ച് 14 പേർ മരിച്ചു. കിഴക്കൻ നുസ തെങ്കാര പ്രവിശ്യയിലെ കുപാംഗിൽ നിന്ന് കലബാഹിയിലേക്ക് പോവുകയായിരുന്ന കെഎം എക്‌സ്‌പ്രസ് കാന്തിക 77നാണ് തീപിടിച്ചത്. 230 യാത്രക്കാരും 10 ജീവനക്കാരുമാണ് ബോട്ടിലുണ്ടായിരുന്നതെന്ന് അധികൃതർ പറഞ്ഞു.
കുപാങ് സെർച്ച് ആൻഡ് റെസ്‌ക്യൂ ഏജൻസിയിൽ നിന്നും സമീപത്തുണ്ടായിരുന്ന കപ്പലുകളിൽ നിന്നുമുള്ള രക്ഷാപ്രവർത്തകർ ചേർന്ന് 226 പേരെ രക്ഷപ്പെടുത്തി. തീപിടിത്തം ഉണ്ടാകാനുള്ള കാരണം അന്വേഷിച്ചുവരികയാണ്. 17,000-ത്തിലധികം ദ്വീപുകളുടെ ഒരു ദ്വീപസമൂഹമായ ഇന്തോനേഷ്യയിൽ ഫെറി, ബോട്ട് ദുരന്തങ്ങൾ സാധാരണമാണ്.