ന്യൂയോര്‍ക്ക്: യുക്രൈന്‍ സപ്പോരിജിയ ആണവനിലയത്തിന് സമീപം നടന്ന ഷെല്ലാക്രമണത്തില്‍ ആശങ്ക അറിയിച്ച് ഇന്ത്യ. ആണവനിലയങ്ങളുടെ സുരക്ഷ അപകടപ്പെടുത്താതിരിക്കാൻ ഇരു രാജ്യങ്ങളും പരസ്‌പര സംയമനം പാലിക്കാനും ഇന്ത്യ ആവശ്യപ്പെട്ടു. ഐക്യരാഷ്‌ട്രസഭയുടെ സെക്യൂരിറ്റി കൗണ്‍സില്‍ ബ്രീഫിങിലാണ് ഇന്ത്യയുടെ സ്ഥിരം പ്രതിനിധി അംബാസഡർ രുചിര കാംബോജിന്‍റെ പ്രതികരണം.
അതേസമയം ഷെല്ലാക്രമണത്തില്‍ പരസ്‌പരം പഴിചാരി റഷ്യയും, യുക്രൈനും കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ഒന്നില്‍ കൂടുതല്‍ പ്രാവശ്യമാണ് റഷ്യ ആണവനിലയത്തിന് നേരെ ആക്രമണം നടത്തിയതെന്നാണ് യുക്രൈനിന്‍റെ ആരോപണം.
യുക്രൈനിലെ ആണവ റിയാക്‌ടറുകളുടെ സൗകര്യങ്ങളും സുരക്ഷയും സംബന്ധിച്ച സംഭവവികാസങ്ങൾ കൃത്യമായി നിരീക്ഷിക്കുന്നുണ്ടെന്ന് ഇന്ത്യന്‍ പ്രതിനിധി വ്യക്തമാക്കിയിട്ടുണ്ട്. ഏതൊരു അപകടവും പാരിസ്ഥിതികവും പൊതുജനാരോഗ്യ സുരക്ഷയും അപകടത്തിലാക്കുന്നതാണ്. അതിനാല്‍ ആണവ കേന്ദ്രങ്ങളുടെ സുരക്ഷയ്‌ക്കുമാണ് ഇന്ത്യ മുന്‍ഗണന നല്‍കുന്നതെന്ന് രുചിര ഐക്യരാഷ്‌ട്ര സഭയില്‍ അറിയിച്ചു.
അക്രമം അവസാനിപ്പിച്ച് നയതന്ത്ര ചര്‍ച്ചകളിലൂടെ ഇരു രാജ്യങ്ങളും തമ്മിലുള്ള പരസ്‌പര ശത്രുത അവസാനിപ്പിക്കാന്‍ ഇന്ത്യ തുടക്കം മുതല്‍ അഭ്യര്‍ഥിക്കുന്നുണ്ട്. യുദ്ധം വികസ്വര രാജ്യങ്ങളിലെ സമ്പദ് വ്യവസ്ഥയില്‍ ചെലുത്തുന്ന സ്വാധീനങ്ങളും ഇരു രാജ്യങ്ങളും പരിഗണിക്കണം. ഭക്ഷ്യധാന്യങ്ങൾ, വളം, ഇന്ധന വിതരണ ശൃംഖല എന്നിവയിൽ യുദ്ധം ചെലുത്തുന്ന സ്വാധീനം കാരണം നിരവധി രാജ്യങ്ങൾ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളെയും കാംബോജ് എടുത്തുപറഞ്ഞു.
യുക്രെയിനിൽ നിന്ന് കരിങ്കടൽ വഴി ധാന്യങ്ങളുടെയും, റഷ്യൻ ഭക്ഷണത്തിന്‍റെയും രാസവളങ്ങളുടെയും കയറ്റുമതി സുഗമമാക്കാനുള്ള യുഎൻ സെക്രട്ടറിയുടെ ഇടപെടലുകളെയും ഇന്ത്യ അഭിനന്ദിച്ചു.