ഇസ്‌ലാമാബാദ്: അഴിമതിക്കേസിൽ ജയിലിൽ കഴിയുന്ന പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്‍റെ ശിക്ഷ താത്‌കാലികമായി മരവിപ്പിച്ചു (Pakistan court suspends conviction of Imran Khan). തോഷഖാന അഴിമതി കേസിൽ (Toshakhana Case) ഇമ്രാൻ നൽകിയ അപ്പീൽ പരിഗണിച്ച ഇസ്‌ലാമാബാദ് ഹൈക്കോടതിയാണ് (Islamabad High Court) നടപടിയെടുത്തത്. ഇസ്‌ലാമാബാദ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആമിർ ഫാറൂഖ്, ജസ്റ്റിസ് താരിഖ് മെഹ്മൂദ് ജഹാംഗിരി എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് വിധി പ്രഖ്യാപിച്ചത്.
തോഷഖാന അഴിമതി കേസിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിന് പിന്നാലെയാണ് ഇസ്‌ലാമാബാദിലെ വിചാരണ കോടതി ഇമ്രാനെ മൂന്ന് വർഷത്തെ തടവിന് ശിക്ഷിച്ചത്. തടവിന് പുറമെ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ അഞ്ച് വർഷത്തേക്ക് അയോഗ്യതയും 10 ലക്ഷം പാക് രൂപ പിഴയും ശിക്ഷാവിധിയിലുണ്ടായി. കോടതി വിധി വന്നതിന് തൊട്ടുപിന്നാലെ ലാഹോറിലെ വസതിയിൽനിന്ന് അറസ്റ്റ് ചെയ്‌ത ഇമ്രാനെ അറ്റോക്ക് ജയിലിലടയ്ക്കുകയായിരുന്നു.
തോഷഖാന അഴിമതിക്കേസ് : ഇമ്രാൻ ഖാൻ പ്രധാനമന്ത്രിയായിരുന്ന കാലയളവിൽ ലഭിച്ച 14 കോടി പാകിസ്ഥാൻ രൂപ മൂല്യമുള്ള സമ്മാനങ്ങൾ കുറഞ്ഞവിലയ്ക്ക് സർക്കാർ ഖജനാവിൽനിന്ന് ലേലത്തിൽ വാങ്ങിയശേഷം മറിച്ചു വിറ്റതാണ് തോഷഖാന അഴിമതിക്കേസ്. പ്രധാനമന്ത്രി ഇത്തരത്തിൽ സമ്മാനങ്ങൾ വാങ്ങുമ്പോൾ അധികൃതരെ അറിയിക്കണമെന്നാണ് പാകിസ്ഥാനിലെ നിയമം. നിശ്ചിത തുകയിൽ കുറവാണ് മൂല്യമെങ്കിൽ മാത്രമേ അവ കൈവശം വയ്ക്കാനാകൂ. അല്ലാത്തവ തോഷഖാന എന്ന ഖജനാവിലേക്ക് മാറ്റണം. പിന്നീട് ഈ സമ്മാനങ്ങളുടെ വില 50 ശതമാനം വരെ കുറച്ച് സ്വന്തമാക്കാനാകും. എന്നാൽ ഇമ്രാൻ ഖാൻ നിയമം ലംഘിച്ച് 20 ശതമാനം വരെ കുറച്ച് സമ്മാനങ്ങൾ സ്വന്തമാക്കുകയും അവ മറിച്ചുവിൽക്കുകയും ചെയ്‌തു എന്നായിരുന്നു ആരോപണം.
അതേസമയം ഇമ്രാന്‍റെ ജയിൽമോചനം ഉടൻ സാധ്യമാകില്ലെന്നാണ് സൂചന. സൈഫർ കേസിൽ കുറ്റാരോപിതനായ ഇമ്രാനെ ജയിൽ മോചിതനാക്കേണ്ടെന്നാണ് പാകിസ്ഥാൻ ഫെഡറൽ ഇൻവെസ്റ്റിഗേഷൻ ഏജൻസി (എഫ്ഐഎ) ഉത്തരവിട്ടത്. ഇമ്രാനെ അറ്റോക്ക് ജയിലിൽ തന്നെ പാർപ്പിക്കാനും ഔദ്യോഗിക രഹസ്യ നിയമപ്രകാരം നാളെ കോടതിയിൽ ഹാജരാക്കാനാണ് എഫ്ഐഎയുടെ നീക്കമെന്ന് പാക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു.
സൈഫർ കേസ്- യു.എസിലെ പാകിസ്‌ഥാൻ എംബസിയിൽ നിന്നുള്ള സൈഫർ സന്ദേശം (രഹസ്യ നയതന്ത്ര കേബിൾ) പരസ്യമാക്കി എന്നതാണ് ഇമ്രാൻ ഖാനെതിരെയുള്ള സൈഫർ കേസ്. കോഡ് ഭാഷയിൽ എഴുതപ്പെട്ട രഹസ്യവും നിയന്ത്രിതവുമായ നയതന്ത്ര ആശയവിനിമയ ഭാഷയാണ് സൈഫർ. രാഷ്ട്രീയ നേട്ടങ്ങൾക്കായി സൈഫറുകൾ വഴി ലഭിച്ച അതീവ രഹസ്യമായ വിവരങ്ങൾ പരസ്യമാക്കി എന്നതാണ് ഇമ്രാൻ ഖാനെതിരെയുള്ള ആരോപണം.
2022 ഏപ്രിലിൽ നടന്ന അവിശ്വാസ വോട്ടെടുപ്പിൽ ഇമ്രാൻ ഖാൻ അധികാരത്തിൽ നിന്ന് പുറത്തായിരുന്നു. ഇതിനു പിന്നാലെയാണ് അഴിമതി, രാജ്യവിരുദ്ധ പ്രവർത്തനം എന്നിങ്ങനെയുള്ള വകുപ്പുകൾ ചുമത്തി ഇമ്രാനെ അറസ്റ്റ് ചെയ്യാൻ നീക്കം തുടങ്ങിയത്. തുടർന്ന് ഇക്കഴിഞ്ഞ മേയ് ഒമ്പതിനാണ് ഇമ്രാൻ ഖാനെ അറസ്റ്റ് ചെയ്‌തത്. അറസ്റ്റിനു പിന്നാലെ വ്യാപക പ്രതിഷേധങ്ങളാണ് പാകിസ്‌ഥാനിൽ അരങ്ങേറിയത്. പ്രതിഷേധത്തെത്തുടർന്ന് ജനങ്ങളെ അക്രമത്തിന് പ്രേരിപ്പിക്കൽ അടക്കം 150-ലധികം കേസുകളും ഇമ്രാന്‍ ഖാനെതിരെ ചുമത്തിയിട്ടുണ്ട്.
ALSO READ: 'കൊല്ലാനാണ് വെടി വച്ചത്'; ഇമ്രാൻ ഖാനെ ഉന്നമിട്ടതിന് പിന്നിലെ കാരണം വെളിപ്പെടുത്തി അക്രമി