ന്യൂഡല്‍ഹി : രാജ്യം റഷ്യ-യുക്രൈന്‍ സംഘര്‍ഷത്തിനെതിരാണെന്നും ഒരു ഭാഗം തെരഞ്ഞടുക്കുകയാണെങ്കില്‍ അത് കലാപങ്ങള്‍ അവസാനിപ്പിക്കാനുള്ള സമാധാനത്തിന്‍റെ പാതയായിരിക്കുമെന്നും വിദേശകാര്യ മന്ത്രി എസ് ജയ്‌ശങ്കര്‍. ഇന്ത്യന്‍ സമീപനം ദേശീയ നയങ്ങളും മൂല്യങ്ങളും താൽപ്പര്യവും നയതന്ത്രവും അനുസരിച്ചായിരിക്കണമെന്നതിനോട് ഏവരും യോജിക്കുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു. ലോക്‌സഭയില്‍ യുക്രൈന്‍ വിഷയത്തിന്‍മേലുള്ള ചർച്ചയ്ക്കുള്ള മറുപടിയിലായിരുന്നു പരാമര്‍ശം.
also read:'ശത്രുക്കളെ ഉന്മൂലനം ചെയ്യും'; റഷ്യയെ തകർക്കാൻ സൈന്യത്തിൽ ചേർന്ന് യുക്രൈൻ പെണ്‍ പട
സര്‍ക്കാര്‍, സംഘര്‍ഷത്തിന് പൂര്‍ണമായും എതിരാണ്. നിരപരാധികളുടെ ജീവന്‍ പണയപ്പെടുത്തി രക്തം ചൊരിഞ്ഞുകൊണ്ട് ഒരു പരിഹാരത്തിലും എത്തിച്ചേരാനാകില്ല. സംഭാഷണവും നയതന്ത്രവുമാണ് എത് പ്രശ്നങ്ങള്‍ക്കുമുള്ള ശരിയായ ഉത്തരം. അന്താരാഷ്ട്ര നിയമത്തോടുള്ള ബഹുമാനവും സംസ്ഥാനങ്ങളുടെ പരമാധികാരവും പ്രാദേശിക സമഗ്രതയും കണക്കിലെടുത്താണ് യുഎന്‍ ചാര്‍ട്ടര്‍ നിര്‍മിച്ചിരിക്കുന്നത്. റഷ്യ- യുക്രൈന്‍ സംഘര്‍ഷം ഉടന്‍ അവസാനിപ്പിക്കണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു.
യുഎൻ ഉൾപ്പടെയുള്ള അന്താരാഷ്ട്ര വേദികളിലും സംവാദങ്ങളിലും ഈ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. യുക്രൈന്‍ നഗരമായ ബുച്ചയില്‍ നടന്ന കൊലപാതകങ്ങളെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകളില്‍ ആശങ്കയുണ്ടെന്നും ശക്തമായി അപലപിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.