ലഹൈന (ഹവായ്) : യുഎസിലെ ഹവായ് ദീപിലുണ്ടായ കാട്ടുതീയില്‍ മരിച്ചവരുടെ എണ്ണം 89 ആയി ഉയര്‍ന്നു. അമേരിക്കയില്‍ ഒരു നൂറ്റാണ്ടിനിടെ ഉണ്ടാകുന്ന ഏറ്റവും ദുരന്തപൂര്‍ണമായ കാട്ടുതീ ആണ് ഹവായ് ദ്വീപില്‍ ഉണ്ടായത്. ഇക്കഴിഞ്ഞ ചൊവ്വാഴ്‌ചയാണ് ഹവായില്‍ തീ ആളിപ്പടര്‍ന്നത്.
കാറ്റ് ശക്തമായി വീശിയടിച്ചത് തീ കൂടുതല്‍ പടരാന്‍ കാരണമായി. ഹവായ് ദ്വീപുകളിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ മൗയിലാണ് തീ കൂടുതല്‍ നാശം വിതച്ചത്. ആയിരത്തില്‍ അധികം കെട്ടിടങ്ങള്‍ കത്തി നശിച്ചതായാണ് റിപ്പോര്‍ട്ട്. തീ പടര്‍ന്നതോടെ വൈദ്യുതിയും ഇന്‍റര്‍നെറ്റും മുടങ്ങിയതും അപകടത്തിന്‍റെ വ്യാപ്‌തി വര്‍ധിപ്പിച്ചു.
2018 ല്‍ വടക്കന്‍ കാലിഫോര്‍ണിയയില്‍ ഉണ്ടായ തീപിടിത്തത്തേക്കാള്‍ കൂടുതല്‍ മരണം ഹവായില്‍ സംഭവിച്ചിട്ടുണ്ട്. കാലിഫോര്‍ണിയയില്‍ ഉണ്ടായ തീപിടിത്തത്തില്‍ 85 പേരാണ് മരിച്ചത്. 1918 ല്‍ വടക്കന്‍ മിനസോട്ടയില്‍ പടര്‍ന്നുപിടിച്ച കാട്ടുതീയില്‍ നൂറുകണക്കിന് ആളുകള്‍ക്കാണ് ജീവന്‍ നഷ്‌ടപ്പെട്ടത്. ആയിരക്കണക്കിന് വീടുകള്‍ അന്ന് അഗ്‌നിക്കിരയായി.
ഹവായില്‍ മരണ സംഖ്യ ഉയരുമ്പോള്‍ ആശങ്കയിലാണ് ഭരണകൂടം. മരണ സംഖ്യ ഇനിയും ഉയരുമെന്ന സൂചനയാണ് ലഭിക്കുന്നത്. പതിനായിരത്തോളം മാത്രം ജനസംഖ്യയുള്ള മൗയിലെ ലഹൈന പൂര്‍ണമായി അഗ്‌നിക്കിരയായതായാണ് റിപ്പോര്‍ട്ടുകള്‍. പ്രശസ്‌ത വിനോദ സഞ്ചാര കേന്ദ്രമാണ് ലഹൈന. ഇവിടെ നിന്ന് ആയിരത്തിലധികം ആളുകളെ മാറ്റി പാര്‍പ്പിച്ചിട്ടുണ്ട്.
1873ല്‍ ഇന്ത്യയില്‍ നിന്നെത്തിച്ച് ഫ്രണ്ട് സ്‌ട്രീറ്റില്‍ നട്ടുപിടിപ്പിച്ച ആല്‍മരവും തീയില്‍ കത്തി നശിച്ചു. ഇവിടെയെത്തുന്ന വിനോദ സഞ്ചാരികളുടെ പ്രധാന ആകര്‍ഷണമായിരുന്നു പഴക്കം ചെന്ന ഈ അരയാല്‍. അതിനിടെ ലഹൈനയില്‍ തീ പടര്‍ന്നപ്പോള്‍ അപായ സൈറണ്‍ മുഴങ്ങാതിരുന്നതില്‍ വിവാദം ഉയര്‍ന്നിട്ടുണ്ട്. സൈറണ്‍ മുഴക്കാതെ അധികൃതര്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റുകള്‍ പങ്കുവയ്‌ക്കുകയാണ് ചെയ്‌തത് എന്നാണ് ആക്ഷേപം.
അപകടത്തെ കുറിച്ച് കൂടുതല്‍ പേരും അറിഞ്ഞില്ലെന്നാണ് വിവരം. ഇതും ദുരന്തത്തിന്‍റെ വ്യാപ്‌തി വര്‍ധിപ്പിച്ചു. അതേസമയം ലഹൈനയില്‍ തീപിടിത്തത്തിന് സാധ്യതയുണ്ടെന്ന് 2020ല്‍ തന്നെ മുന്നറിയിപ്പ് ഉണ്ടായിരുന്നതായാണ് ചില റിപ്പോര്‍ട്ടുകള്‍.
കഴിഞ്ഞ ദിവസം മൗയി മേയര്‍ റിച്ചാര്‍ഡ് ബിസ്സിനൊപ്പം ഗവര്‍ണര്‍ ജോഷ് ഗ്രീന്‍ ദുരന്ത മേഖല സന്ദര്‍ശിച്ചിരുന്നു. ജനങ്ങള്‍ തീയില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുകയാണെന്നും തുറസായ സ്ഥലത്താണ് കൂടുതല്‍ പേരും മരിച്ചതെന്നും ജോഷ് ഗ്രീന്‍ പറഞ്ഞു. കാട്ടുതീ പടരാന്‍ ഉണ്ടായ സാഹചര്യം, ദുരന്ത ബാധിത മേഖലയിലെ സ്ഥിതിഗതികള്‍ എന്നിവ വിലയിരുത്താനായി സമഗ്രമായ അവലോകനത്തിന് ഉത്തരവിട്ടതായും ഗവര്‍ണര്‍ വ്യക്തമാക്കുകയുണ്ടായി.