ലാൽബസാർ (കൊൽക്കത്ത): അമേരിക്കയിൽ വയോധികരെ കബളിപ്പിച്ച് കോടികൾ തട്ടിയ സംഘം കൊൽക്കത്തയിൽ പിടിയിൽ. സൈജൻ അലി ഹൈദർ, മുഹമ്മദ് ആതിഫ്, സബ്‌തിൻ അലി ഹൈദർ എന്നിവരാണ് അറസ്‌റ്റിലായത്. കൊൽക്കത്തയിലെ ലാൽബസാറിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതികളാണ് പിടിയിലായത്.
യുഎസ് രഹസ്യാന്വേഷണ ഏജൻസിയായ ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്‌റ്റിഗേഷനും (എഫ്ബിഐ) കൊൽക്കത്ത പൊലീസും ചേർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്. തട്ടിപ്പ് നടത്തിയശേഷം രക്ഷപ്പെട്ട പ്രതികൾ ഇന്ത്യയിലാണെന്ന് മൊബൈൽ ഫോൺ ട്രാക്ക് ചെയ്‌താണ് കണ്ടെത്തിയത്. തുടർന്ന് ഇന്ത്യയിലെ യുഎസ് എംബസിയുടെ സഹായത്തോടെ എഫ്ബിഐയും കൊൽക്കത്ത പൊലീസും അന്വേഷണം നടത്തുകയായിരുന്നു.
കേസിലെ രണ്ട് പ്രതികളെ നേരത്തെ പിടികൂടിയിരുന്നു. എന്നാൽ മുഖ്യപ്രതി സബ്‌തിൻ അലി ഹൈദറിനെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. തുടർന്ന് കൊൽക്കത്ത പൊലീസ് കമ്മിഷണർ വിനീത് ഗോയൽ കേസന്വേഷണം സൈബർ ക്രൈം വിഭാഗത്തിനെ ഏൽപ്പിക്കുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ സബ്‌തിന്‍റെ ഫോണിന്‍റെ സിഗ്നൽ ഉത്തരേന്ത്യയിലെ വിവിധ സ്ഥലങ്ങളിലായി കണ്ടെത്തി.
കഴിഞ്ഞ ദിവസം ഇയാൾ രാജസ്ഥാനിലെ അജ്‌മീറിൽ ഉണ്ടെന്ന് വിവരം ലഭിച്ചു. ഇതിന്‍റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് അജ്‌മീറിലെ ഒരു ഹോട്ടലിൽ നിന്ന് ഇയാളെ പിടികൂടിയത്. ഇയാളെയും കൊൽക്കത്തയിൽ കൊണ്ടുവന്നതായി പൊലീസ് അറിയിച്ചു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ 15 ദിവസത്തേക്ക് റിമാൻഡ് ചെയ്‌തു.