ഫ്ലോറിഡ (യുഎസ്) : 200 വർഷം പഴക്കമുള്ള കപ്പലിന്‍റെ അവശിഷ്‌ടം ഫ്ലോറിഡയിലെ കിഴക്കൻ തീരത്ത് നിന്ന് കണ്ടെത്തി. ഫ്ലോറിഡയിലെ ഡെയ്‌റ്റോണ ബീച്ചിൽ നിന്നാണ് കപ്പലിന്‍റെ അവശിഷ്‌ടങ്ങൾ കണ്ടെത്തിയിരിക്കുന്നത്. പൂർണമായും മണൽ മൂടിയ നിലയിലായിരുന്നു കപ്പൽ. 80 അടി മുതൽ 100 അടിവരെ നീളമുള്ള കപ്പലിന്‍റെ അവശിഷ്‌ടമാണ് കണ്ടെത്തിയിരിക്കുന്നത്.

കടൽക്ഷോഭത്തെ തുടർന്ന് തീരത്തെ മണൽ ഒലിച്ചുപ്പോയപ്പോഴാണ് കടൽതീരത്ത് മണ്ണിനടിയിൽപ്പെട്ട കപ്പൽ കണ്ടെത്തിയത്. കഴിഞ്ഞ മാസം ഫ്ലോറിഡയിൽ നാശം വിതച്ച നിക്കോൾ ചുഴലിക്കാറ്റ് ഡെയ്‌റ്റോണ ബീച്ചിലും പ്രദേശത്തും കനത്ത നാശമാണ് സൃഷ്‌ടിച്ചത്. ചുഴലിക്കാറ്റിൽ തകർന്ന വീടുകളിൽ രക്ഷാപ്രവർത്തനത്തിന് എത്തിയവരും ലൈഫ് ഗാർഡുകളുമാണ് കടൽതീരത്ത് ഉയർന്നുവന്ന കപ്പലിന്‍റെ അവശിഷ്‌ടങ്ങൾ കണ്ടെത്തിയത്. 1800 കളിൽ നിർമിച്ചതാണ് കപ്പൽ എന്നാണ് കരുതുന്നത്.

'നൂറ്റാണ്ടുകൾ പഴക്കമുള്ള കപ്പൽ കണ്ടെത്തുന്നത് അത്ഭുതമാണ്. ഇതിൽ ഒരു നിഗൂഢതയുണ്ട്, എന്നാൽ കടൽ തീരത്ത് നിന്ന് മണൽ ഇത്തരത്തിൽ ഒലിച്ച് പോകുന്നത് അപൂർവമാണ്, കാലാവസ്ഥ വ്യതിയാനവും തുടർച്ചയായി തീവ്രമായ ചുഴലിക്കാറ്റും ഉണ്ടാകുമ്പോൾ ഇത്തരത്തിൽ സംഭവിക്കാമെന്ന് സമുദ്ര പഠന ഗവേഷകൻ ചക്ക് മെയ്‌ഡ് പറഞ്ഞു.
2022 സെപ്റ്റംബറിൽ ഫ്ലോറിഡയുടെ തെക്കുപടിഞ്ഞാറൻ തീരത്ത് ആഞ്ഞടിച്ച ഇയാൻ ചുഴലിക്കാറ്റും വൻനാശമാണ് സൃഷ്‌ടിച്ചത്. തുടർച്ചയായി ഉണ്ടാകുന്ന ചുഴലിക്കാറ്റിൽ പ്രകൃതിയിൽ വലിയ മാറ്റങ്ങളാണ് ഉണ്ടാക്കുന്നത്. കപ്പലിനെ കുറിച്ച് കൂടുതൽ വിവരങ്ങൾ ശേഖരിക്കാനുള്ള ശ്രമത്തിലാണ് പുരാവസ്‌തു ശാസ്‌ത്രജ്ഞർ.
ഇതിനായി കപ്പലിന്‍റെ ഭാഗം കണ്ടെത്തിയ വശങ്ങളിൽ ചെറിയ കുഴിയെടുത്ത് അളവുകൾ എടുക്കുകയും സ്കെച്ചുകൾ വരക്കുകയും ചെയ്‌തു. ഡെയ്‌റ്റോണ ബീച്ച് തീരത്ത് നിന്ന് ഇതുവരെ കപ്പൽ നീക്കം ചെയ്‌തിട്ടില്ല. പണച്ചെലവും കപ്പൽ പുറത്തെടുക്കാൻ വലിയ യന്ത്രസാമഗ്രികള്‍ വേണ്ടതിനാലുമാണ് കപ്പൽ തീരത്ത് നിന്നും നീക്കം ചെയ്യാത്തതെന്ന് മെയ്‌ഡ് പറഞ്ഞു.