ടോക്യോ(ജപ്പാൻ): ഒൻപത് വർഷം ജപ്പാൻ പ്രധാനമന്ത്രി. സാമൂഹികമായും സാമ്പത്തികമായും വ്യാവസായികമായും ജപ്പാനെ ഉന്നതങ്ങളില്‍ എത്തിച്ച നേതാവ്. ലോകം മുഴുവന്‍ സാമ്പത്തിക പ്രതിസന്ധിയില്‍ അടിപതറിയപ്പോൾ ജപ്പാനെ കരകയറ്റിയ ഭരണാധികാരി. അത്രമേല്‍ ജനകീയനായിരുന്ന ജപ്പാൻ മുൻ പ്രധാനമന്ത്രി ഷിൻസൊ ആബെയുടെ സംസ്‌കാര ചടങ്ങ് ഇപ്പോൾ വിവാദത്തിന് വഴിയൊരുക്കിയിരിക്കുകയാണ്.
സംസ്‌കാരചടങ്ങ് നടക്കുന്നതിനിടെ പ്രതിഷേധവുമായി ജനം തെരുവിലിറങ്ങി. കോടികൾ മുടക്കിയാണ് ആബെയുടെ അന്ത്യയാത്ര. സംസ്‌കാര ചടങ്ങിനായി സർക്കാർ വൻ തുക പൊതുഖജനാവിൽ നിന്ന് ചെലവഴിക്കുന്നതിനെതിരെയാണ് ജപ്പാനിൽ വ്യാപക പ്രതിഷേധം ഉടലെടുത്തിരിക്കുന്നത്. ഈ വർഷം ജൂലൈയിലാണ് ഷിൻസോ ആബെ കൊല്ലപ്പെട്ടത്.
ഔദ്യോഗിക സംസ്‌കാര ചടങ്ങ് ആർക്കൊക്കെ?: രാജ്യത്തിന് അസാധാരണ സംഭാവനകൾ നൽകിയവർ അന്തരിക്കുമ്പോഴാണ് ജപ്പാനിൽ ഔദ്യോഗിക ബഹുമതികളോടെ സംസ്‌കാരച്ചടങ്ങുകൾ നടത്തുന്നത്. രാജകുടുംബാംഗങ്ങളുടെ മരണാന്തര ചടങ്ങുകളാണ് ഔദ്യോഗിക ബഹുമതികളോടെയും ആദരവുകളോടെയും നടത്തിയിരുന്നത്. എന്നാൽ പില്‍ക്കാലത്ത് രാഷ്‌ട്രീയ സൈനിക നേതാക്കളെയും ഇത്തരത്തിൽ ആദരിച്ചിരുന്നു.
അതേസമയം രണ്ടാം ലോക മഹായുദ്ധത്തോടെ ഇത്തരം സംസ്‌കാര ചടങ്ങുകൾ നിർത്തലാക്കി. അതിനുശേഷം ജപ്പാനിലെ കരുത്തനായ രാഷ്‌ട്രീയ നേതാവ് ഷിഗേരു യോഷിദയ്ക്കാണ് ഇത്തരത്തില്‍ അന്ത്യയാത്ര നല്‍കിയത്. യുഎസ് അധിനിവേശം അവസാനിപ്പിച്ച് സഖ്യകക്ഷികളുമായുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനായി സാൻ ഫ്രാൻസിസ്കോ ഉടമ്പടിയിൽ ഒപ്പുവച്ചത് യോഷിദയായിരുന്നു.
ജനാധിപത്യത്തിന് എതിരാണ് ഇത്തരം ചടങ്ങുകളെന്ന് യോഷിദയുടേതിനെതിരെ ജപ്പാനിൽ വിമർശനം ഉയർന്നിരുന്നു. തുടർന്ന് സർക്കാരുകൾ ഇത്തരം ശവസംസ്‌കാര ചടങ്ങുകൾ നടത്തുന്നതിന് അനുമതി നൽകിയിരുന്നില്ല.
എന്തുകൊണ്ട് ആബെ: ജപ്പാനെ പുരോഗതിയിലേക്ക് നയിച്ച നേതാവ്, ലോകം മുഴുവന്‍ സാമ്പത്തിക പ്രതിസന്ധിയില്‍ ഞെരുങ്ങുമ്പോള്‍ ജപ്പാനെ കരകയറ്റിയ അബെനോമിക്‌സ് എന്ന സാമ്പത്തികനയത്തിന്‍റെ ഉപജ്ഞാതാവ് തുടങ്ങി നിരവധി വിശേഷണങ്ങളാണ് ആബെയ്ക്കുള്ളത്.
ജപ്പാനില്‍ ഏറ്റവും കൂടുതല്‍ കാലം പ്രധാനമന്ത്രിയായിരുന്ന നേതാവാണ് ഷിന്‍സോ ആബെ. ഒൻപത് വർഷമാണ് ആബെ പ്രധാനമന്ത്രിയായിരുന്നത്. 2006 മുതല്‍ 2007 വരെയും 2012 മുതല്‍ 2020 വരെയും അദ്ദേഹം പ്രധാനമന്ത്രി പദവിയില്‍ ഇരുന്നു. ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് 2020ല്‍ സ്ഥാനം ഒഴിയുകയായിരുന്നു.
ലിബറല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി നിയമസഭാംഗങ്ങളെ പ്രീതിപ്പെടുത്താനുള്ള ജപ്പാൻ പ്രധാനമന്ത്രി ഫുമിയൊ കിഷിദയുടെ ശ്രമമാണ് ആബെയ്ക്ക് ഇത്ര വിപുലമായ ശവസംസംസ്‌കാരച്ചടങ്ങ് നല്‍കുന്നതിന് പിന്നിലെന്നാണ് ജപ്പാനിലെ രാഷ്‌ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.
വിവാദത്തിന് പിന്നിൽ : ഇത്തരം ചടങ്ങുകൾ ജനാധിപത്യ വിരുദ്ധമാണെന്നും കിഷിദ മന്ത്രിസഭയുടെ ഏകപക്ഷീയമായ തീരുമാനമാണിതെന്നും പ്രതിപക്ഷം ആരോപിച്ചു. പൊതുഖജനാവില്‍ നിന്ന് അനാവശ്യമായി പണം ചെലവിടുന്നു എന്നാണ് ജനങ്ങളുടെ പരാതി. ആബെയുടെ സംസ്‌കാരത്തിനായി ഇത്രയധികം പണം ചെലവിടുന്നതില്‍ രാജ്യത്തെ ജനങ്ങള്‍ എതിര്‍പ്പ് പ്രകടമാക്കിയിട്ടുണ്ട്.
ഒരു കൂട്ടം അഭിഭാഷകർ ശവസംസ്‌കാരം നടത്താതിരിക്കാൻ നിയമനടപടികളുമായി മുന്നോട്ടുപോയിരുന്നു. എന്നാൽ കോടതി പരാതി തള്ളി. ജപ്പാനില്‍ ഇതിനോടകം പ്രതിഷേധ സമരങ്ങളും നടന്നു. പ്രധാനമന്ത്രിയുടെ വസതിയ്ക്ക് സമീപം ഒരാള്‍ സ്വയം തീകൊളുത്തുകയും ചെയ്‌തിരുന്നു.
എലിസബത്ത് രാജ്ഞിയുടെ സംസ്‌കാരച്ചെലവിനേക്കാൾ : സംസ്‌കാര ചടങ്ങിനായി ജപ്പാൻ സർക്കാർ ഏകദേശം 1.66 ബില്യൺ യെൻ (94.1041 കോടി രൂപ) ചെലവഴിക്കാനാണ് തീരുമാനിച്ചത്. ഇത് എലിസബത്ത് രാജ്ഞിയുടെ സംസ്‌കാരച്ചെലവിനേക്കാൾ കൂടുതലാണെന്ന് മാധ്യമ റിപ്പോർട്ടുകൾ പറയുന്നു. എലിസബത്ത് രാജ്ഞിയുടെ സംസ്‌കാരത്തിന് ചെലവായത് ഏകദേശം 1.3 ബില്യൺ യെൻ (73.6959 കോടി രൂപ) ആയിരുന്നു.
സംസ്‌കാര ചടങ്ങുകള്‍ക്ക് മാത്രം 25 കോടി യെന്‍ ചെലവാകുമെന്ന് ചീഫ് ക്യാബിനറ്റ് സെക്രട്ടറി ഹിരൊക്കസു മത്‌സുനൊ വ്യക്തമാക്കിയിരുന്നു. ചടങ്ങുകള്‍ക്കായുള്ള സുരക്ഷയ്‌ക്ക് 80 കോടി യെന്‍ ചെലവ്. ലോക നേതാക്കള്‍ക്ക് ആതിഥേയത്വം ഒരുക്കുന്നതിനായി 60 കോടിയും ചെലവഴിക്കും. ചടങ്ങുകള്‍ക്കുള്ള മൊത്ത ചെലവ് 170 കോടി യെന്‍ വരെ ആയേക്കാമെന്നും ക്യാബിനറ്റ് സെക്രട്ടറി പറഞ്ഞു.
കടുത്ത സുരക്ഷ : കടുത്ത സുരക്ഷ ക്രമീകരണങ്ങളോടെ ജപ്പാനിലെ ബുഡോകാനിലാണ് സംസ്‌കാരചടങ്ങുകൾ നടന്നത്. സംസ്‌കാര ചടങ്ങുകൾ നടക്കുന്ന വേദിക്ക് സമീപമുള്ള സ്‌കൂളുകൾ അടച്ചിടുകയും പരിപാടിക്ക് സുരക്ഷ ഉറപ്പാക്കാനായി 20,000 പൊലീസ് ഉദ്യോഗസ്ഥരെ പ്രദേശത്ത് നിയോഗിക്കുകയും ചെയ്‌തിരുന്നു.
രാഷ്‌ട്രത്തലവന്മാരുടെ സാന്നിധ്യം: സംസ്‌കാര ചടങ്ങുകളിൽ പങ്കെടുക്കുന്നതിനായി 20ലധികം രാഷ്‌ട്രത്തലവന്മാരുൾപ്പെടെ 100 രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ ടോക്യോയിൽ എത്തിയിരുന്നു. യുഎസ് വൈസ് പ്രസിഡന്‍റ് കമല ഹാരിസ് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടാതെ ഓസ്‌ട്രേലിയ, വിയറ്റ്‌നാം, കംബോഡിയ, സിംഗപ്പൂർ എന്നീ രാഷ്‌ട്രങ്ങളുടെ നേതാക്കളും സംസ്‌കാര ചടങ്ങിൽ അന്തിമോപചാരം അർപ്പിച്ചു. ജാപ്പനീസ് നിയമനിർമാതാക്കൾ, രാഷ്‌ട്രീയ നേതാക്കൾ, ബിസിനസ്, സാംസ്‌കാരിക മേഖലകളിൽ നിന്നുള്ള പ്രതിനിധികൾ എന്നിവരുൾപ്പടെ 4,300 പേരോളമാണ് ചടങ്ങിൽ പങ്കെടുക്കുന്നത്.