ബീജിങ് : മുൻ ചൈനീസ് പ്രധാനമന്ത്രി ലീ കെചിയാങ് അന്തരിച്ചു (Former Chinese Premier Li Keqiang Dies). ഹൃദയാഘാതത്തെ തുടർന്ന് ഇന്ന് പുലർച്ചെ 12.10 ഓടെയായിരുന്നു അന്ത്യം. 68 വയസായിരുന്നു. 2013 മുതൽ 2023 മാർച്ച് വരെ ചൈനയുടെ പ്രധാനമന്ത്രിയായിരുന്ന ലീ, ചൈനീസ് സർക്കാരിലും പാർട്ടിയിലും രണ്ടാമനായിരുന്നു. ഒരു ദശാബ്‌ദക്കാലമായി രാജ്യത്തെ ഉന്നത സാമ്പത്തിക വിദഗ്‌ധനായും അദ്ദേഹം പ്രവീണ്യം തെളിയിച്ചിട്ടുണ്ട് (top economic official of China).
ഇംഗ്ലീഷ് സംസാരിക്കുന്ന സാമ്പത്തിക ശാസ്‌ത്രജ്ഞനായ ലീ കമ്മ്യൂണിസ്റ്റ് പാർട്ടി നേതാവ് ഹു ജിന്‍റാവോ പ്രസിഡന്‍റായിരിക്കെ അദ്ദേഹത്തിന്‍റെ പിൻഗാമിയാകാൻ മത്സരിച്ചിരുന്നു. എന്നാൽ, ഹു യുഗത്തിലെ സമവായത്തിലധിഷ്‌ഠിതമായ നേതൃത്വത്തെ മാറ്റിമറിച്ച് ഷി ജിൻപിങ് (Xi Jinping) പ്രസിഡന്‍റായും ലീ പ്രധാനമന്ത്രിയായും ചുമതലയേൽക്കുകയായിരുന്നു. സാമ്പത്തിക ഉദ്യോഗസ്ഥനെന്ന നിലയിൽ ജോലിയും സമ്പത്തും സൃഷ്‌ടിക്കുന്ന സംരംഭകർക്ക് സാഹചര്യങ്ങൾ മെച്ചപ്പെടുത്തുമെന്ന് ലീ വാഗ്‌ദാനം ചെയ്‌തിരുന്നെങ്കിലും ഷിയുടെ കീഴിലുള്ള ഭരണകക്ഷി സാങ്കേതികവിദ്യയുടെയും മറ്റ് വ്യവസായങ്ങളുടെയും മേലുള്ള നിയന്ത്രണം കർശനമാക്കുകയായിരുന്നു.
പിന്നീട്, 2022 ഒക്‌ടോബറിൽ ൽ ലീയെ സ്‌റ്റാൻഡിങ് കമ്മറ്റിയിൽ നിന്നും പുറത്താക്കിയ ശേഷം ഷീ സമവായ നേതൃത്വത്തിന്‍റെ യുഗം അവസാനിപ്പിക്കുകയും പാർട്ടിയുടെ ആജീവനാന്ത നേതാവായി സ്വയം മാറുകയും ചെയ്‌തു. രാജ്യം സാമ്പത്തിക പ്രതിസന്ധി നേരിട്ട പല ഘട്ടങ്ങളിലും രക്ഷകനായി ലീ മാറിയിരുന്നു. 1998 ൽ മധ്യ ചൈനയിലെ ജനസാന്ദ്രതയുള്ള ഹെനാൻ പ്രവിശ്യയുടെ ഗവർണറായും പിന്നീട് പാർട്ടി സെക്രട്ടറിയായും ലി തന്‍റെ രാഷ്‌ട്രീയ വൈദഗ്‌ധ്യം പ്രകടിപ്പിച്ചിട്ടുണ്ട്.