ട്രിപ്പോളി : ലിബിയയിൽ വൻ വെള്ളപ്പൊക്കത്തെത്തുടർന്ന് 2,000 ത്തിലധികം പേർ മരിച്ചതായി റിപ്പോർട്ട് (Floods in Eastern Libya- More than 2000 People Dead). കിഴക്കൻ ലിബിയയിലെ ഡെർന നഗരത്തെയാണ് വെള്ളപ്പൊക്കം ബാധിച്ചത്. കനത്ത മഴയിൽ ഡെർന (Derna) നഗരത്തിന് മുകളിലുള്ള അണക്കെട്ട് തകർന്നതാണ് (Dam Collapsed) ദുരന്തത്തിന്‍റെ ആക്കം കൂട്ടിയതെന്ന് ലിബിയൻ നാഷണൽ ആർമി വക്താവ് അഹമ്മദ് മിസ്മാരി പറഞ്ഞു. കാണാതായവർക്കായി തെരച്ചിൽ തുടരുകയാണെന്നും അധികൃതർ അറിയിച്ചു.
വെള്ളപ്പൊക്കത്തിൽ ആറായിരത്തോളം പേരെ കാണാതായതായും റിപ്പോർട്ടുകളുണ്ട് (More than 6000 People Missing). ഇതിനോടകം 300 മൃതദേഹങ്ങൾ കണ്ടൈത്തിയിട്ടുണ്ടെന്ന് ലിബിയൻ റെഡ് ക്രസന്‍റ് അറിയിച്ചു. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ ഇനിയും നിരവധി മൃതദേഹങ്ങൾ കുടുങ്ങിക്കിടക്കുന്നുണ്ട് എന്നാണ് രക്ഷാപ്രവർത്തകർ പറയുന്നത്. പ്രളയത്തിൽ നഗരം ഒന്നടങ്കം കടലിലേക്ക് ഒലിച്ചുപോയതായാണ് പ്രാദേശിക മാധ്യമങ്ങൾ നൽകുന്ന വിവരം. വൈദ്യുതിയും വാർത്താവിനിമയ സംവിധാനങ്ങളും പൂര്‍ണമായി തകരാറിലായ സ്ഥിതിവിശേഷം അതീവ ദുസ്സഹമാണെന്നും മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഡെർനയുടെ മധ്യത്തിലൂടെ വെള്ളം ഒഴുകുന്നതായും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. നഗരത്തിലൂടെ പ്രളയജലം ഒഴുകുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വീഡിയോയിൽ കനത്ത നാശനഷ്ടങ്ങളാണ് ദൃശ്യമാകുന്നത്. നദിയിൽ നിന്ന് ദൂരെമാറി സ്ഥിതിചെയ്തിരുന്ന ബഹുനില മന്ദിരങ്ങൾ പലതും ഭാഗികമായി മണ്ണിൽ പുതഞ്ഞ നിലയിലാണ്.
കിഴക്കൻ ലിബിയയുടെ പ്രധാനമന്ത്രി ഒസാമ ഹമദ് (Osama Hammad) ഡെർനയെ ദുരന്തമേഖലയായി പ്രഖ്യാപിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കി. 2,000 പേർ മരിച്ചെന്ന് സംശയിക്കുന്നതായും അദ്ദേഹം ആശങ്കപ്പെട്ടു. 5,000-ത്തിലധികം ആളുകളെ ഡെർനയിൽ കാണാതായിട്ടുണ്ടെന്ന് ഭയപ്പെടുന്നതായി കിഴക്കൻ ലിബിയൻ ആഭ്യന്തര മന്ത്രി എസ്സാം അബു സെറിബയും പറഞ്ഞു. ഇരകളിൽ പലരും മെഡിറ്ററേനിയൻ കടലിലേക്ക് ഒഴുകിപ്പോയതായും അദ്ദേഹം ആശങ്കപ്പെട്ടു.
അതേസമയം ലിബിയയിലെ രണ്ടാമത്തെ വലിയ നഗരമായ ബെൻഗാസിയിൽ കനത്ത കൊടുങ്കാറ്റാണ് നാശം വിതച്ചത്. ഇവിടെയും തെരച്ചിലും രക്ഷാപ്രവർത്തനവും തുടരുന്നതായി അധികൃതർ അറിയിച്ചു. ഡെർനയുടെ പടിഞ്ഞാറ് യുനെസ്‌കോയുടെ പൈതൃക പട്ടികയിലുള്ള പുരാവസ്തു സൈറ്റായ സിറീൻ സ്ഥിതിചെയ്യുന്ന തുറമുഖ പട്ടണമായ സോസിക്കും ഷാഹത്തിനും ഇടയിൽ കനത്ത നാശനഷ്ടമുണ്ടായിട്ടുണ്ട്.
Also Read: കിഴക്കൻ കോംഗോയിൽ വന്‍ നാശം വിതച്ച് മഴ ; വെള്ളപ്പൊക്കത്തിൽ മരണം 200 കടന്നു
ദുരന്തത്തെത്തുടർന്ന് കിഴക്കൻ ലിബിയയിൽ മൂന്ന് ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു. രാജ്യത്ത് പലയിടത്തും കർഫ്യൂവും അതീവ അടിയന്തരാവസ്ഥയും പ്രഖ്യാപിച്ചിട്ടുണ്ട്. രാജ്യത്തെ നാല് പ്രധാന തുറമുഖങ്ങളായ റാസ് ലനൂഫ്, സുയിറ്റിന, ബ്രെഗ, എസ് സിദ്ര എന്നിവ ശനിയാഴ്ച വൈകുന്നേരം മുതൽ അടച്ചതായി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു. അതിനിടെ, കിഴക്കൻ ലിബിയയിലെ ദുരിതബാധിത പ്രദേശങ്ങളിലേക്ക് സഹായം എത്തിക്കാൻ ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനി സർക്കാരിന് നിർദേശം നൽകിയതായി ഖത്തർ സ്റ്റേറ്റ് വാർത്ത ഏജൻസി റിപ്പോർട്ട് ചെയ്തു. ഈജിപ്റ്റ്, ടുണീഷ്യ, തുർക്കി,യു എ ഇ എന്നീ രാജ്യങ്ങൾ ഇതിനോടകം കിഴക്കൻ ലിബിയയ്ക്ക് സഹായം പ്രഖ്യാപിച്ചിട്ടുണ്ട്.