മെക്‌സിക്കോ സിറ്റി: വടക്കൻ മെക്‌സിക്കോയില്‍ കുടിയേറ്റക്കാരെ പാര്‍പ്പിക്കുന്ന കേന്ദ്രത്തിലുണ്ടായ തീ പിടിത്തത്തില്‍ 38 പേര്‍ കൊല്ലപ്പെട്ടു. മെക്‌സിക്കോയിലെ അതിർത്തി നഗരമായ സിയുഡാഡ് ജുവാരസിലെ കേന്ദ്രത്തില്‍ തിങ്കളാഴ്ച വൈകിയാണ് തീപിടിത്തമുണ്ടായത്. 40 പേർ മരിച്ചതായാണ് അധികൃതർ ആദ്യം അറിയിച്ചത്. എന്നാല്‍ കണക്കെടുപ്പിലെ പിഴവാണ് ആശയക്കുഴപ്പത്തിന് ഇടയാക്കിയെതെന്ന് പിന്നീട് വിശദീകരിക്കുകയായിരുന്നു.
പ്രതിഷേധിച്ച് തീയിട്ടു, അത് തീപിടിത്തമായി: തങ്ങളെ നാടുകടത്തുമെന്ന് മനസിലാക്കിയതിനെ തുടർന്ന് കുടിയേറ്റക്കാര്‍ കേന്ദ്രത്തിൽ തീ വയ്‌ക്കുകയായിരുന്നുവെന്ന് മെക്‌സിക്കോ പ്രസിഡന്‍റ് ആന്ദ്രേസ് മാനുവൽ ലോപ്പസ് ഒബ്രഡോർ പറഞ്ഞു. സംഭവം ഇത്രയും വലിയ നിർഭാഗ്യത്തിന് കാരണമാകുമെന്ന് അവർ ഒരിക്കലും കരുതിയിരിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം, പുകയും തീയും വ്യാപിക്കുന്നതിനിടെ മുറിയില്‍ ഉണ്ടായിരുന്നവരെ രക്ഷിക്കാൻ സെക്യൂരിറ്റി ഉദ്യോഗസ്ഥർ യാതൊരു ശ്രമവും നടത്താതിരുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്.
പ്രതിഷേധിച്ച അഭയാര്‍ഥികള്‍ തങ്ങളുടെ മെത്തകൾക്കും മറ്റ് വസ്‌തുക്കള്‍ക്കും തീ വെച്ചതാണ് ദുരന്തത്തിന് കാരണമെന്നാണ് പ്രാഥമിക വിലയിരുത്തല്‍. സംഭവത്തില്‍ ഇരുപത്തിയെട്ട് പേർക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് നാഷണൽ ഇമിഗ്രേഷൻ ഇൻസ്റ്റിറ്റ്യൂട്ട് അറിയിച്ചിരിക്കുന്നത്. മധ്യ, തെക്കേ അമേരിക്കയിൽ നിന്നുള്ള 68 പുരുഷന്മാരെയാണ് ഈ കേന്ദ്രത്തില്‍ പാര്‍പ്പിച്ചിരുന്നത്. ഇതില്‍ മിക്കവരും ഗ്വാട്ടിമാല, ഹോണ്ടുറാസ്, വെനസ്വേല, എൽ സാൽവഡോർ എന്നിവിടങ്ങളിൽ നിന്നുള്ളവരാണെന്നും ഇൻസ്റ്റിറ്റ്യൂട്ട് അറിയിച്ചു.
മരിച്ചവരും പരിക്കേറ്റവരും ഗ്വാട്ടിമാല, ഹോണ്ടുറാസ്, എൽ സാൽവഡോർ, വെനസ്വേല, കൊളംബിയ, ഇക്വഡോർ എന്നിവിടങ്ങളിൽ നിന്നുള്ളവരാണെന്ന് മെക്‌സിക്കൻ അറ്റോർണി ജനറലിന്‍റെ ഓഫീസിൽ നിന്നുള്ള പ്രസ്താവനയിൽ സ്ഥിരീകരിച്ചിട്ടുണ്ട്.