ബ്രസൽസ്: 2035 ഓടെ പുതിയ പെട്രോള്‍, ഡീസല്‍ കാറുകളുടെയും വാനുകളുടെയും വില്‍പന നിരോധിക്കാന്‍ കരാറിലെത്തി യൂറോപ്യന്‍ പാര്‍ലമെന്‍റും യൂറോപ്യന്‍ യൂണിയനും. ആഗോള താപനത്തിന് കാരണമാകുന്ന വാതകങ്ങളുടെ പുറന്തള്ളല്‍ 55 ശതമാനം കുറക്കുക എന്ന യൂറോപ്യന്‍ യൂണിയന്‍റെ ലക്ഷ്യം കൈവരിക്കുന്നതിനായി രൂപീകരിച്ച ബ്ലോക്കിന്‍റെ ഫിറ്റ് ഫോര്‍ 55 ഇഞ്ച് വ്യവസ്ഥകളിലെ ആദ്യ ഉടമ്പടിയിലാണ് യൂറോപ്യന്‍ യൂണിയന്‍ പ്രതിനിധികള്‍ ഒപ്പുവച്ചത്.
ഇന്നലെ (ഒക്‌ടോബര്‍ 27) രാത്രിയാണ് അന്തിമ കരാറില്‍ ഒപ്പുവച്ചത്. യൂറോപ്യന്‍ യൂണിയന്‍റെ കാലാവസ്ഥ വ്യതിയാന സമ്മേളനം നടക്കാനിരിക്കെയാണ് പുതിയ കരാറിന് അംഗീകാരം. കാലാവസ്ഥ ലക്ഷ്യങ്ങളില്‍ പ്രതിപാദിച്ചിരിക്കുന്ന കൂടുതൽ കാര്യങ്ങള്‍ കൈവരിക്കുന്നതിന് നടപടി സ്വീകരിക്കുന്നതില്‍ യൂറോപ്യൻ യൂണിയൻ കൂടുതല്‍ ശ്രദ്ധ പുലര്‍ത്തുന്നു എന്നതിന്‍റെ വ്യക്തമായ സൂചനയാണ് ഈ കരാര്‍ എന്ന് യുറോപ്യന്‍ പാര്‍ലമെന്‍റ് പറഞ്ഞു.
യൂറോപ്യന്‍ യൂണിയന്‍റെ കണക്കുകള്‍ പ്രകാരം 1990 നും 2019 നും ഇടയില്‍ ഹരിതഗൃഹ വാതകങ്ങളുടെ പുറന്തള്ളല്‍ 33.5 ശതമാനം വര്‍ധിക്കാനിടയായ ഏക മേഖലയാണ് ഗതാഗതമേഖല. റോഡ് ഗതാഗതത്തില്‍ നിന്നുണ്ടാകുന്ന മൊത്തം കാര്‍ബണ്‍ ഡയോക്‌സൈഡിന്‍റെ 61 ശതമാനവും പാസഞ്ചര്‍ കാറുകളില്‍ നിന്നുള്ളതാണ്. 2050 ഓടെ വാഹനങ്ങളില്‍ നിന്നുള്ള വാതകങ്ങളുടെ പുറന്തള്ളല്‍ ഗണ്യമായി കുറയ്ക്കാനും ഇലക്ട്രിക് കാറുകൾ പ്രോത്സാഹിപ്പിക്കാനുമാണ് യൂറോപ്യന്‍ യൂണിയന്‍റെ നീക്കം.
2025, 2030, 2035 വർഷങ്ങളിൽ ഡീകാർബണൈസേഷൻ പാത സജ്ജമാക്കി 2050 ഓടെ കാലാവസ്ഥ സന്തുലിതമാക്കുന്നതിനുള്ള ചരിത്രപരമായ തീരുമാനമാണ് ഗ്യാസൊലിന്‍, ഡീസല്‍ വാഹനങ്ങളുടെ വില്‍പന നിരോധിക്കുകയെന്നത് എന്ന് യൂറോപ്യൻ പാർലമെന്‍റിന്‍റെ പരിസ്ഥിതി സമിതി അധ്യക്ഷൻ പാസ്‌കൽ കാൻഫിൻ പറഞ്ഞു.