പാരിസ്: ഫ്രാൻസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ ഇമ്മാനുവൽ മാക്രോണിന് വീണ്ടും വിജയം. എതിരാളിയായ തീവ്ര വലതുപക്ഷ സ്ഥാനാര്‍ഥി മറൈൻ ലെ പെന്നിനെ പരാജയപ്പെടുത്തിയാണ് നേട്ടം കുറിച്ചത്. കണക്കുകള്‍ പ്രകാരം മാക്രോണ്‍ 58.5% വോട്ടാണ് നേടിയത്.
ഇമ്മാനുവൽ മാക്രോണിന്‍റെ അനുയായികള്‍ ഞായറാഴ്ച പാരിസില്‍ വന്‍ ആഹ്ളാദപ്രകടനമാണ് സംഘടിപ്പിച്ചത്. 41.5% വോട്ടാണ് പെന്‍ നേടിയത്. വിജയത്തെ 'ഫ്രാന്‍സിന് ശുദ്ധവായു' ലഭിച്ചെന്ന് പാരിസ് നഗരത്തിലെ പ്രദേശവാസായായ സാൻഡ്രീൻ ഡി ലാ ഹൗസിയർ പറഞ്ഞു.
കടുത്ത ദേശീയവാദികളായ തീവ്ര വലതുപക്ഷത്തെ അകറ്റി നിർത്താൻ ജനം തനിക്ക് വോട്ട് രേഖപ്പെടുത്തുകയായിരുന്നുവെന്ന് മാക്രോൺ പറഞ്ഞു. അതേസമയം, ഇമ്മാനുവൽ മാക്രോണിനോട് മറൈൻ ലെ പെൻ പരാജയം സമ്മതിച്ച് രംഗത്ത് വന്നു. 2017-നെക്കാള്‍ തന്‍റെ പ്രകടനം മെച്ചപ്പെട്ടെന്നും ജൂണിൽ നടക്കുന്ന നിയമനിര്‍മാണ സഭ തെരഞ്ഞെടുപ്പിൽ പോരാടുമെന്നും അവര്‍ പറഞ്ഞു.
കൊവിഡ് മഹാമാരിക്കാലത്തെ ഇടപെടല്‍, സാമ്പത്തിക നയങ്ങൾ തുടങ്ങിയവ മാക്രോണിന്‍റെ വോട്ട് ശതമാനത്തില്‍ ഇടിവുവരുത്തി. സാമ്പത്തിക നയങ്ങൾക്കെതിരായി മാസങ്ങളോളം അക്രമാസക്തമായ പ്രതിഷേധങ്ങൾ രാജ്യത്ത് നടന്നിരുന്നു.