ബെങ്കുലു (ഇന്തോനേഷ്യ): ഇന്തോനേഷ്യയിലെ ബെങ്കുലുവില്‍ നിന്ന് 62 കിലോമീറ്റര്‍ അകലെ പടിഞ്ഞാറ് ഭൂചലനം അനുഭവപ്പെട്ടു. റിക്‌ടര്‍ സ്‌കെയിലില്‍ 4.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് റിപ്പോര്‍ട്ട് ചെയ്‌തത്. ഇന്ന് പുലര്‍ച്ചെയാണ് ഭൂചലനം അനുഭവപ്പെട്ടത്.
യുണൈറ്റഡ് സ്റ്റേറ്റ്സ് ജിയോളജിക്കൽ സർവേ (യുഎസ്‌ജിഎസ്) ആണ് വിവരം പുറത്തുവിട്ടത്. ഇന്തോനേഷ്യന്‍ പ്രവിശ്യയായ ബെങ്കുലുവിന്‍റെ തലസ്ഥാനം കൂടിയാണ് ബെങ്കുലു. 48.8 കിലോമീറ്റര്‍ താഴ്‌ചയിലാണ് ഭൂചലനം അനുഭവപ്പെട്ടത്. ആളപായം റിപ്പോര്‍ട്ട് ചെയ്‌തിട്ടില്ല.
നേരത്തെ 2002 ഫെബ്രുവരിയിൽ, ഇന്തോനേഷ്യയുടെ കിഴക്കൻ പ്രവിശ്യയായ നോർത്ത് മലുകുവിൽ 6.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം റിപ്പോര്‍ട്ട് ചെയ്‌തിരുന്നു. ഈ ഭൂചലനത്തിവും ആളപായമോ നാശനഷ്‌ടമോ ഉണ്ടായിരുന്നില്ല. മൊറോട്ടായി ദ്വീപ് ജില്ലയിൽ നിന്ന് 133 കിലോമീറ്റർ വടക്കുപടിഞ്ഞാറായും കടലിനടിയിൽ 112 കിലോമീറ്റർ ആഴത്തിലുമായിരുന്നു ഭൂചലനത്തിന്‍റെ പ്രഭവ കേന്ദ്രം. ഭൂചലനം സുനാമിക്ക് കാരണമായില്ലെന്നും ഇന്തോനേഷ്യന്‍ കാലാവസ്ഥ കേന്ദ്രം അറിയിച്ചിരുന്നു.
സമീപ പ്രവിശ്യയായ നോർത്ത് സുലവേസിയിലും ഭൂചലനത്തിന്‍റെ പ്രകമ്പനം അനുഭവപ്പെട്ടതായി ഏജൻസി അറിയിച്ചു. ഇതുവരെ ഉണ്ടായ ഭൂചലനത്തില്‍ കെട്ടിടങ്ങൾക്കോ അടിസ്ഥാന സൗകര്യങ്ങൾക്കോ കേടുപാടുകൾ വന്നിട്ടില്ലെന്ന് ദേശീയ ദുരന്ത നിവാരണ ഏജൻസി വക്താവ് അബ്‌ദുല്‍ മുഹരി പറഞ്ഞു.