ബെയ്‌റൂട്ട് : സിറിയയിൽ സൈനിക ബിരുദദാന ചടങ്ങിനിടെ (military graduation ceremony) ഉണ്ടായ ഡ്രോൺ (Drone Attack Syria) ആക്രമണത്തിൽ 80 പേർ കൊല്ലപ്പെട്ടു. അപകടത്തിൽ 240 പേർക്ക് പരിക്കേറ്റു. സമീപ വർഷങ്ങളിൽ സിറിയയിലെ സൈന്യത്തിന് നേരെ നടന്ന ഏറ്റവും വലിയ ആക്രമണമാണിത്. ആറ് കുട്ടികൾ ഉൾപ്പെടെയുള്ള സാധാരണക്കാരും സൈനിക ഉദ്യോഗസ്ഥരും അപകടത്തിൽ കൊല്ലപ്പെട്ടതായി ആരോഗ്യമന്ത്രി ഹസൻ അൽ ഗബാഷ് (Health Minister Hassan al-Ghabash) അറിയിച്ചു.
പരിക്കേറ്റവരിൽ പലരുടേയും നില ഗുരുതരമായതിനാൽ മരണ സംഖ്യ ഉയരാനാണ് സാധ്യത. ഹോംസിൽ ബിരുദദാന ചടങ്ങ് നടക്കുന്നതിനിടെ യുവ സൈനികരെയും അവിടെ സന്നിഹിതരായിരുന്ന ഇവരുടെ കുടുംബാംഗങ്ങളെയും ലക്ഷ്യമിട്ടാണ് സ്‌ഫോടക വസ്‌തുക്കൾ നിറഞ്ഞ ഡ്രോണുകൾ ഉപയോഗിച്ച് ആക്രമണം (Drone Attack) നടത്തിയതെന്ന് സിറിയൻ സൈന്യം പറഞ്ഞു. ഗുരുതരമായി പരിക്കേറ്റവരിൽ സ്‌ത്രീകളും കുട്ടികളും ഉൾപ്പെടുന്നു. കൃത്യമായ പേര് പരാമർശിക്കാതെ അന്താരാഷ്‌ട്ര സേനയുടെ പിന്തുണയുള്ള കലാപകാരികളാണ് ആക്രമണത്തിന് പിന്നിലെന്നാണ് സൈന്യം (Syria Military) ആരോപിക്കുന്നത്.
രാജ്യത്തെ വിഭജിച്ച ആഭ്യന്തര യുദ്ധം : അതേസമയം, ആക്രമണത്തിന്‍റെ ഉത്തരവാദിത്തം ഇത് വരെ ആരും ഏറ്റെടുത്തിട്ടില്ല. ആക്രമണത്തെ തുടർന്ന് ഇന്ന് മുതൽ രാജ്യത്ത് മൂന്ന് ദിവസം ദുഃഖാചരണം പ്രഖ്യാപിച്ചിരിക്കുകയാണ്. 2011 മാർച്ചിൽ പ്രസിഡന്‍റ് ബാഷർ അസദിന്‍റെ സർക്കാരിനെതിരെ ആരംഭിച്ച പ്രതിഷേധം ആഭ്യന്തര യുദ്ധമായി മാറുകയായിരുന്നു.
പ്രതിഷേധക്കാർക്കെതിരെ സർക്കാർ നടത്തിയ ക്രൂരമായ അടിച്ചമർത്തലാണ് യുദ്ധാന്തരീക്ഷത്തിന് കാരണമായത്. തുടർന്ന് 2015 ൽ സിറിയയ്‌ക്കും ഇറാനും ലെബനൻ തീവ്രവാദി ഗ്രൂപ്പായ ഹിസ്‌ബുള്ളയ്‌ക്കും റഷ്യ സൈനിക പിന്തുണ നൽകിയതോടെ വിമത സൈന്യത്തിനെതിരായ അസദിന്‍റെ സൈന്യം ശക്തിപ്രാപിച്ചു. ഇതുവരെ സിറിയയിൽ നടന്ന ആഭ്യന്തര യുദ്ധത്തിൽ അരലക്ഷം ആളുകളാണ് കൊലപ്പെട്ടത്.
ലക്ഷക്കണക്കിന് ആളുകൾക്ക് പരിക്കേറ്റിട്ടുണ്ട്. സിറിയയിൽ നിന്നും ദശലക്ഷക്കണക്കിന് ആളുകളാണ് അയൽരാജ്യങ്ങളിൽ അഭയാർഥികളായി പലായനം ചെയ്‌തത്. ആഭ്യന്തര യുദ്ധത്തോടെ (Syria Civil War) വിഭജിക്കപ്പെട്ട സിറിയയുടെ വടക്കുപടിഞ്ഞാറൻ എൻക്ലേവ് ഹയാത്ത് തഹ്‌രീർ അൽ-ഷാം ഗ്രൂപ്പിലെയും തുർക്കി പിന്തുണയുള്ള പ്രതിപക്ഷ പോരാളികളുടെയും അൽ-ഖ്വയ്‌ദയുമായി ബന്ധമുള്ള തീവ്രവാദികളുടെയും നിയന്ത്രണത്തിലാണ്. അതേസമയം, വടക്കുകിഴക്കൻ മേഖല യുഎസ് പിന്തുണയുള്ള കുർദിഷ് നേതൃത്വത്തിലുള്ള സിറിയൻ ഡെമോക്രാറ്റിക് സേനയുടെ നിയന്ത്രണത്തിലാണ്.