വാഷിങ്ടൺ: 2024ൽ വീണ്ടും യു.എസ് പ്രസിഡന്‍റ് സ്ഥാനത്തേക്ക് മത്സരിക്കുമെന്ന് മുൻ അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ്. 76കാരനായ അദ്ദേഹം തെരഞ്ഞെടുപ്പിന് മത്സരിക്കാനുള്ള എല്ലാ രേഖകളും ഇതിനോടകം തന്നെ യു എസ് ഫെഡറൽ കമ്മിഷനിൽ സമർപ്പിക്കപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഫ്ലോറിഡയിലെ മാർ-എ-ലാഗോ എസ്റ്റേറ്റിൽ നൂറുകണക്കിന് പ്രവർത്തകർ സമ്മേളിച്ച പരിപാടിയിലാണ് ട്രംപ് തന്‍റെ തീരുമാനം പ്രഖ്യാപിച്ചത്.
അമേരിക്കയെ വീണ്ടും മഹത്തരമാക്കാൻ, അമേരിക്കൻ പ്രസിഡന്‍റ് സ്ഥാനത്തേക്കുള്ള എന്റെ സ്ഥാനാർഥിത്വം ഞാൻ ഇന്ന് പ്രഖ്യാപിക്കുന്നു. ഈ രാജ്യത്തിന് എന്തായിത്തീരാന്‍ സാധിക്കുമെന്ന് ലോകം ഇനിയും കണ്ടിട്ടില്ലെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. നമ്മള്‍ വീണ്ടും അമേരിക്കയെ ഒന്നാമതെത്തിക്കും - ട്രംപ് പറഞ്ഞു.
രണ്ട് തവണയാണ് ട്രംപ് യു എസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ മത്സരിച്ചത്. 2016ൽ ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി ഹിലരി ക്ലിന്‍റനെ തോല്‍പ്പിച്ച് പ്രസിഡന്‍റായി. 2020ൽ നിലവിലെ പ്രസിഡന്‍റായ ജോ ബൈഡനെതിരെയായിരുന്നു പോരാട്ടം. എന്നാൽ കനത്ത തോല്‍വി ഏറ്റുവാങ്ങുകയായിരുന്നു. അമേരിക്കയിലെ ഇടക്കാല തെരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടി കനത്ത തോൽവി നേരിട്ടതിനിടയിലാണ് ട്രംപ് അതിവേഗം സ്ഥാനാർഥിത്വം പ്രഖ്യാപിച്ചിരിക്കുന്നത്. പാർട്ടിയിലെ തന്‍റെ എതിരാളികളെ തടയുകയെന്നത് കൂടിയാണ് ഈ നീക്കത്തിന് പിന്നിൽ ട്രംപിന്‍റെ ലക്ഷ്യം.
ട്രംപിന്‍റെ സ്ഥാനാർഥിത്വം പാർട്ടിക്ക് ദോഷം ചെയ്യുമെന്ന് കരുതുന്നവര്‍ റിപ്പബ്ലിക്കൻ പാര്‍ട്ടിയില്‍ ഏറെയുണ്ട്. അതുകൊണ്ട് തന്നെ അഭ്യൂഹങ്ങൾ വ്യാപകമായതിന് പിന്നാലെ ഇടക്കാല തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കപ്പെടുന്നതിന് മുൻപ് സ്ഥാനാർഥിത്വം പ്രഖ്യാപിക്കരുതെന്ന് ട്രംപിന് കടുത്ത നിർദേശം ലഭിച്ചിരുന്നു.