അങ്കാറ : തുര്‍ക്കിയിലും വടക്കുപടിഞ്ഞാറന്‍ സിറിയയിലുമുണ്ടായ ഭൂകമ്പത്തില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കെ മരിച്ചവരുടെ എണ്ണം 34,000 കടന്നുവെന്ന് റിപ്പോര്‍ട്ട്. രാജ്യത്ത് മാത്രം മരിച്ചത് 29,605 പേരാണെന്ന് തുര്‍ക്കിഷ് എമർജൻസി കോർഡിനേഷൻ സെന്‍റര്‍ അറിയിച്ചു. സിറിയയിലെ മരണസംഖ്യ 4,574 ആണ്.
വടക്കുപടിഞ്ഞാറന്‍ സിറിയയിലെ വിമത നിയന്ത്രണ പ്രദേശങ്ങളില്‍ മരിച്ചവര്‍ 3,160 ആയി. സിറിയയിലെ സര്‍ക്കാര്‍ നിയന്ത്രിത മേഖലകളില്‍ 1,414 മരണമാണ് രേഖപ്പെടുത്തിയതെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. വിമത നിയന്ത്രണ മേഖലകളിലേക്ക് സഹായമെത്തിക്കാന്‍ ആവശ്യമായ അനുമതിയ്‌ക്കായി ലോകാരോഗ്യ സംഘടന കാത്തിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്.
സഹായങ്ങള്‍ എത്തിക്കാന്‍ ലോകാരോഗ്യ സംഘടന: ലോകാരോഗ്യ സംഘടനയുടെ ഡയറക്‌ടര്‍ ജനറല്‍ ടെഡ്രോസ് അദാനോം ഗെബ്രിയേസസ്, കൂടുതല്‍ ദുരിത ബാധിത മേഖലകളില്‍ സന്ദര്‍ശനം നടത്തുമെന്ന് ബന്ധപ്പെട്ടവര്‍ ഇന്നലെ അറിയിച്ചിരുന്നു. 290,000 യുഎസ് ഡോളര്‍ വിലമതിക്കുന്ന സര്‍ജിക്കല്‍ കിറ്റും സഹായത്തിനായുള്ള മറ്റ് അടിയന്തര സാമഗ്രികളുമായി ലോകാരോഗ്യ സംഘടനയുടെ ഡയറക്‌ടര്‍ ജനറലും മറ്റ് ഉന്നത ഉദ്യോഗസ്ഥരുമടങ്ങുന്ന സംഘം ഇന്നലെ സിറിയയിലെ അലെപ്പോയില്‍ എത്തിയിരുന്നു. ഫെബ്രുവരി ആറിന് ഭൂകമ്പം ഉണ്ടായത് മുതല്‍ വടക്ക് പടിഞ്ഞാറന്‍ സിറിയയിലേക്ക് മതിയായ സഹായങ്ങളൊന്നും നല്‍കപ്പെട്ടിട്ടില്ലെന്ന് പ്രാദേശിക എമര്‍ജന്‍സി വിഭാഗം ഡയറക്‌ടര്‍ റിക് ബ്രണ്ണന്‍ പറഞ്ഞു.
അടുത്ത ഏതാനും ദിവസങ്ങളില്‍ അവിടേയ്‌ക്ക് സഹായം എത്തിച്ച് നല്‍കുവാനുള്ള എല്ലാ ശ്രമങ്ങളും പുരോഗമിച്ചുകൊണ്ടിരിക്കുകയാണെന്ന് റിക് ബ്രണ്ണന്‍ വ്യക്തമാക്കി. സിറിയന്‍ സര്‍ക്കാരിന്‍റെ അനുമതി ലഭിച്ചുവെങ്കിലും ദുരിത ബാധിത മേഖലകളിലെ അധികാരികളില്‍ നിന്ന് ശേഷിക്കുന്ന അനുവാദങ്ങള്‍ക്കായി കാത്തിരിക്കുകയാണെന്നും ഇതിനായി കഠിന പ്രയത്‌നം നടത്തുകയാണെന്നും ബ്രണ്ണന്‍ കൂട്ടിച്ചേര്‍ത്തു. അതേസമയം, ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള ഐക്യരാഷ്‌ട്ര സംഘടനയുടെ ട്രക്കുകള്‍ വടക്ക് പടിഞ്ഞാറന്‍ സിറിയയില്‍ എത്തിയതായി ഫോട്ടോകള്‍ അടക്കം പങ്കുവച്ചുകൊണ്ട് യുഎന്‍ കോര്‍ഡിനേറ്റര്‍ മാര്‍ട്ടിന്‍ ഗ്രിഫിത്ത്‌സ് വ്യക്തമാക്കിയിട്ടുണ്ട്.
രക്ഷാപ്രവര്‍ത്തനം അന്തിമ ഘട്ടത്തില്‍ : സഹായങ്ങള്‍ എത്തിച്ച് നല്‍കിയ ശേഷം മാര്‍ട്ടിന്‍ ഗ്രിഫിത്ത്‌സ്, സാധന സാമഗ്രികള്‍ മതിയാംവണ്ണം ലഭ്യമാക്കാന്‍ സാധിക്കാത്തതില്‍ ക്ഷമാപണം നടത്തിയെന്ന് വൈറ്റ് ഹെല്‍ംസ് സംഘടനയുടെ മേധാവി അല്‍ സാലഹ് പറഞ്ഞു. വടക്ക് പടിഞ്ഞാറന്‍ സിറിയയിലേയ്‌ക്ക് അടിയന്തര സഹായമെത്തിക്കാന്‍ മൂന്ന് ക്രോസിങ്ങുകള്‍ തുറക്കാന്‍ ഐക്യരാഷ്‌ട്ര സംഘടനയോട് സാലഹ് ആവശ്യപ്പെട്ടിരുന്നു. 7.8 തീവ്രതയില്‍ രേഖപ്പെടുത്തിയ ഭൂകമ്പത്തില്‍ കുടുങ്ങിക്കിടക്കുന്നവരെ രക്ഷിക്കാന്‍ രാജ്യത്തിന്‍റെ പല കോണുകളില്‍ നിന്നും രക്ഷാപ്രവര്‍ത്തകരുടെ വിവിധ സംഘങ്ങള്‍ എത്തിച്ചേരുകയാണ്.
രക്ഷാപ്രവര്‍ത്തനം അന്തിമഘട്ടത്തോട് അടുക്കുന്നതായി യുഎന്‍ അധികൃതര്‍ അറിയിച്ചിരുന്നു. ദുരന്തം നടന്ന് 108 മണിക്കൂറുകള്‍ പിന്നിട്ടപ്പോള്‍ രണ്ട് മാസം പ്രായമുള്ള കുഞ്ഞിനെയും 147 മണിക്കൂര്‍ പിന്നിട്ടപ്പോള്‍ 10 വയസുകാരിയെയും ജീവനോടെ രക്ഷാപ്രവര്‍ത്തകര്‍ കെട്ടിടാവശിഷ്‌ടങ്ങള്‍ക്കുള്ളില്‍ നിന്ന് പുറത്തെടുത്തിരുന്നു. 162 മണിക്കൂറുകള്‍ പിന്നിട്ടപ്പോള്‍ ഒരു കൗമാരക്കാരിയെയും 50 വയസുകാരിയെയും ജീവനോടെ പുറത്തെടുക്കാനായതും നേട്ടമായെന്ന് തുര്‍ക്കി ആരോഗ്യ മന്ത്രി ഫഹ്രെറ്റിൻ കൊക്ക അറിയിച്ചു.