വാഷിംഗ്‌ടണ്‍ : പ്രതലത്തിലൂടെ ഉള്ളതിനേക്കാള്‍ കൊവിഡ് പകരാന്‍ 1000 മടങ്ങ് സാധ്യത വായുവിലൂടെയെന്ന് പഠനം. യുഎസിലെ മിഷിഗൺ സർവകലാശാലയിലെ ഗവേഷകർ 2020 ഓഗസ്റ്റ് മുതൽ 2021 ഏപ്രിൽ വരെ നടത്തിയ പഠനമാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. കൊവിഡ് രോഗി തൊട്ട പ്രതലത്തില്‍ നിന്നും പകരുന്നതിനേക്കാള്‍ 1000 മടങ്ങ് സാധ്യത രോഗിയുടെ ശ്വാസത്തിലൂടെയാണെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്.
വായുവിലേയും ഉപരിതലത്തിലേയും സാമ്പിളുകള്‍ ശേഖരിച്ചാണ് പഠനം നടത്തിയത്. എക്‌സ്‌പോഷർ സയൻസ് ആന്‍ഡ് എൻവയോൺമെന്റൽ എപ്പിഡെമിയോളജി ജേണലിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. ക്ലാസ് മുറികൾ, റിഹേഴ്‌സൽ റൂമുകൾ, കഫറ്റീരിയകള്‍, ബസുകൾ, ജിമ്മുകൾ എന്നിവയുൾപ്പടെയുള്ള പൊതു ഇടങ്ങളിലായിരുന്നു പഠനം.
ക്യാമ്പസില്‍ പോസിറ്റീവ് കേസുകളുള്ള സമയത്ത് വായുവില്‍ നിന്നും ശേഖരിച്ച സാമ്പിളുകളില്‍ വലിയ അളവില്‍ വൈറസിനെ കണ്ടെത്തിയിരുന്നു. വലിയ അളവില്‍ വായു വലിച്ചെടുത്തായിരുന്നു പഠനം. 2020 ഓഗസ്റ്റ് മുതൽ 2021 ഏപ്രിൽ വരെ ഗവേഷകർ 256 വായു സാമ്പിളുകളും 517 ഉപരിതല സാമ്പിളുകളും ശേഖരിച്ചാണ് പഠനം നടത്തിയതെന്നും അധികൃതര്‍ വ്യക്തമാക്കി.