വാഷിങ്‌ടണ്‍: കൊറോണ വൈറസിന്‍റെ (SARS-CoV-2) ഉത്ഭവം എവിടെ നിന്നാണ് എന്നത് സംബന്ധിച്ച് ഇപ്പോഴും കൃത്യമായ ഉത്തരം ലഭിച്ചിട്ടില്ല. മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് പകര്‍ന്നതാണോ അതോ ചൈനീസ് ലാബില്‍ നിന്ന് സമൂഹത്തിലേക്ക് പകര്‍ന്നതാണോ എന്നുള്ളതാണ് ഈ വിഷയത്തില്‍ പലരുടേയും പ്രധാന ചോദ്യം. എന്നാല്‍ യുഎസ് ഡിപ്പാര്‍ട്ട്മെന്‍റ് ഓഫ് എനര്‍ജി(ഡിഒഇ ) ആത്‌മവിശ്വാസക്കുറവോടുകൂടി(low confidence) വിലയിരുത്തുന്നത് കൊറോണ, ലാബ് ചോര്‍ച്ചയിലൂടെയാണ് മനുഷ്യരിലേക്ക് പകര്‍ന്നത് എന്നാണ്.
ഈ കാര്യം ഡിഒഇ ഔദ്യോഗികമായി പറഞ്ഞതല്ല പകരം പ്രസ്‌തുത വിലയിരുത്തലുകള്‍ അടങ്ങിയ റിപ്പോര്‍ട്ടിലെ ഉള്ളടക്കത്തെ കുറിച്ച് അറിവുള്ള വ്യക്തി പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാതെ മാധ്യമങ്ങളോട് പറഞ്ഞതാണ്. എന്നാല്‍ യുഎസിലെ തന്നെ ചില രഹസ്യാന്വേഷണ വിഭാഗത്തിലെ ആളുകള്‍ ഈ വിലയിരുത്തലുകളോട് വിയോജിക്കുന്നു.
എങ്ങനെയാണ് കൊവിഡ് പൊട്ടിപുറപ്പെട്ടത് എന്നത് സംബന്ധിച്ച് നിലവില്‍ യുഎസില്‍ അഭിപ്രായ സമന്വയമില്ല എന്ന് ദേശീയ സുരക്ഷ കൗണ്‍സിലിന്‍റെ വക്‌താവ് ജോണ്‍ കിര്‍ബി പറഞ്ഞു. കൊവിഡ് ഉറവിടത്തെ സംബന്ധിച്ചുള്ള ഡിഒഇയുടെ വിലയിരുത്തലുകള്‍ ആദ്യം റിപ്പോര്‍ട്ട് ചെയ്‌തത് വാള്‍സ്‌ട്രീറ്റ് ജേര്‍ണലാണ്. പുതിയ രഹസ്യാന്വേഷണ വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് ഈ വിലയിരുത്തലുകള്‍ എന്നാണ് വാള്‍ സ്‌ട്രീറ്റ് ജേര്‍ണല്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍ വാര്‍ത്തയോട് വൈറ്റ്‌ഹൗസ് അധികൃതര്‍ പ്രതികരിച്ചിട്ടില്ല.
2021ല്‍ കൊവിഡിന്‍റെ ഉറവിടം സംബന്ധിച്ച രഹസ്യാന്വേഷണ റിപ്പോര്‍ട്ടിന്‍റെ ഒരു രത്നചുരുക്കം യുഎസ് അധികൃതര്‍ പുറത്ത് വിട്ടിരുന്നു. അതില്‍ കൊവിഡിന്‍റെ ഉറവിടം ഇന്നതാണെന്ന് സ്‌പഷ്‌ടമായി പറയുന്നില്ല. യുഎസ് ഇന്‍റലിജന്‍സ് സമൂഹത്തിലെ നാല് അംഗങ്ങള്‍ ലോ കോണ്‍ഫിഡന്‍സോടുകൂടി (ആത്‌മവിശ്വാസം കുറഞ്ഞ അളവില്‍) വിശ്വസിക്കുന്നത് കൊവിഡ് ആദ്യമായി മൃഗത്തില്‍ നിന്നാണ് മനുഷ്യനിലേക്ക് പകര്‍ന്നത് എന്നാണ്. എന്നാല്‍ അഞ്ചാമത്തെ അംഗം വിശ്വസിക്കുന്നത് അദ്യമായി കൊറോണ വൈറസ് മനുഷ്യനിലേക്ക് പകര്‍ന്നത് ഒരു ലാബുമായി ബന്ധപ്പെട്ടിട്ടാണ് എന്നാണെന്നായിരുന്നു ആ രത്‌നചുരുക്കം.
ചില ശാസ്‌ത്രജ്ഞര്‍ ഇപ്പോഴും ലാബ് ചോര്‍ച്ച തിയറിയോട് തുറന്ന സമീപനം സ്വീകരിക്കുന്നുണ്ട്. എന്നാല്‍ ശാസ്‌ത്രജ്ഞരില്‍ ഒരു വിഭാഗം മറ്റ് പല വൈറസുകളും എന്ന പോലെ കൊറോണ വൈറസും വകഭേദം സംഭവിച്ച് മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് പകര്‍ന്നു എന്ന് വിശ്വസിക്കുന്നു. കൊവിഡ് ഉറവിടം കൃത്യമായി കണ്ടെത്താന്‍ സാധിച്ചേക്കില്ല എന്ന് പല വിദഗ്‌ധരും പറയുന്നു.
കൂടുതല്‍ അന്വേഷണം നടത്തണം എന്ന് ആവശ്യം: യുഎസിലെ ദേശീയ ഇന്‍റലിജന്‍സ് ഓഫിസ് വാള്‍സ്‌ട്രീറ്റ് ജേര്‍ണലിലെ റിപ്പോര്‍ട്ടിനോട് പ്രതികരണം നടത്തിയിട്ടില്ല. യുഎസ് ഇന്‍റലിജന്‍സ് കമ്മ്യൂണിറ്റിയിലെ 18 ഓഫിസുകള്‍ക്കും ഡിഇഒ തങ്ങളുടെ നിഗമനങ്ങളില്‍ എത്തിച്ചേരാന്‍ ആധാരമാക്കിയ വിവരം ലഭ്യമാണ്. മസാച്ചുസെറ്റ്‌സ് ഇന്‍സ്‌റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെ മോളിക്കുലര്‍ ബയോളജിസ്‌റ്റ് ആയ അലീന ചാന്‍ പറയുന്നത് ചൈനയിലെ വുഹാന്‍ ഇന്‍സ്‌റ്റിറ്റ്യൂട്ട് ഓഫ് വൈറോളജയിലെ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ചുള്ള വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ആയിരിക്കും ഡിഒഇ നിഗമനങ്ങളില്‍ എത്തിചേര്‍ന്നത് എന്നാണ്.
2018ല്‍ യുഎസിലെ ശാസ്‌ത്രജ്ഞരും വുഹാന്‍ ഇന്‍സ്‌റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലെ ശാസ്‌ത്രജ്ഞരും ചേര്‍ന്നുള്ള ഒരു ഗവേഷണ നിര്‍ദേശത്തില്‍ (research proposals) കൊവിഡിന് സമാനമായുള്ള വൈറസിന്‍റെ മാതൃകയെ പറ്റി വിശദീകരിക്കുന്നുണ്ട് എന്ന് ചാന്‍ പറയുന്നു. ഇത് കഴിഞ്ഞ് രണ്ട് വര്‍ഷത്തിനുള്ളിലാണ് കൊറോണ വൈറസ് വുഹാന്‍ നഗരത്തില്‍ വ്യാപിക്കുന്നത്.
വുഹാന്‍ ഇന്‍സ്‌റ്റിറ്റ്യൂട്ട് കൊറോണ വൈറസുകളെ പറ്റി വര്‍ഷങ്ങളായി പഠിച്ച് കൊണ്ടിരിക്കുകയായിരുന്നു. കൊവിഡ് 19 മനഃപൂര്‍വം സമൂഹത്തിലേക്ക് തുറന്ന് വിട്ടു എന്ന് തങ്ങള്‍ വിശ്വസിക്കുന്നു എന്ന് ഒരു രഹസ്യാന്വേഷണ ഏജന്‍സിയും ഇതുവരെ പുറത്ത് പറഞ്ഞിട്ടില്ല. 2021ലെ അണ്‍ക്ലാസിഫൈഡ് ആയ യുഎസ് ഇന്‍റലിജന്‍സിന്‍റെ രത്‌നചുരുക്കം ഇക്കാര്യത്തില്‍ വ്യക്തമാണ്: ഈ വൈറസ് ഒരു ബയോളജിക്കല്‍ ആയുധമായി രൂപപ്പെടുത്തിയതല്ല എന്നാണ് തങ്ങള്‍ വിലയിരുത്തുന്നത് എന്നാണ് അതില്‍ പറഞ്ഞിരിക്കുന്നത്.
ലാബ് അപകടങ്ങള്‍ അപ്രതീക്ഷിതമായി സംഭവിക്കാറുണ്ട്. എന്നാല്‍ പല ആളുകള്‍ക്കും ഇതിനെകുറിച്ച് ധാരണയില്ല. കാരണം ഇതിനെകുറിച്ചുള്ള വാര്‍ത്തകള്‍ പുറത്ത് വിടാത്തതാണ് കാരണം.
ലാബില്‍ നിന്ന് കൊറോണ വൈറസ് പുറത്തുവന്നതാണോ എന്ന് സംബന്ധിച്ച് ആഴത്തിലുള്ള അന്വേഷണം നടത്തണമെന്ന് കഴിഞ്ഞ വര്‍ഷം ലോകാരോഗ്യ സംഘടന നിര്‍ദേശിച്ചിരുന്നു. കൊവിഡ് ചൈനയിലെ ലാബില്‍ നിന്ന് പുറത്ത് വന്നതാണെന്നുള്ള വാദം അടിസ്ഥാന രഹിതമാണെന്നാണ് ചൈനയുടെ പ്രതികരണം.
മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് പകര്‍ന്നത് എന്ന തിയറി: പല ശാസ്‌ത്രജ്ഞരും വിലയിരുത്തുന്നത് മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് കൊവിഡ് പകര്‍ന്നു എന്നുള്ള തിയറിക്കാണ് കൂടുതല്‍ സാധ്യത എന്നാണ്. വവ്വാലില്‍ നിന്ന് മനുഷ്യരിലേക്ക് നേരിട്ടോ അല്ലെങ്കില്‍ വവ്വാലില്‍ നിന്ന് മറ്റൊരു വന്യമൃഗത്തിലേക്ക് പകര്‍ന്ന് അതില്‍ നിന്ന് മനുഷ്യരിലേക്ക് പകര്‍ന്നതോ ആണെന്നാണ് ഇവര്‍ വിലയിരുത്തുന്നത്. 'സെല്‍' എന്ന ശാസ്‌ത്ര ജേര്‍ണലില്‍ പ്രസിദ്ധീകരിച്ച ഗവേഷണ പ്രബന്ധത്തില്‍ പറയുന്നത് മനുഷ്യരില്‍ ബാധിക്കപ്പെട്ട ഒമ്പതാമത്തെ ഡോക്യുമെന്‍റ് ചെയ്യപ്പെട്ട കൊറോണ വൈറസാണ് കൊവിഡ് 19 എന്നാണ്. കൊവിഡ് 19ന് മുമ്പുള്ള എല്ലാ കൊറോണ വൈറസുകളും മൃഗങ്ങളില്‍ നിന്നാണ് ഉത്ഭവം.