ഒട്ടാവ : കാനഡയില്‍ 10 പേരെ കുത്തിക്കൊന്ന രണ്ട് പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജിതം. സസ്‌കാച്ചെവാന്‍ പ്രവിശ്യയിലെ വിവിധയിടങ്ങളില്‍ ഞായറാഴ്‌ചയുണ്ടായ (സെപ്‌റ്റംബര്‍ നാല്) സംഭവത്തില്‍ 15 പേര്‍ക്ക് പരിക്കേറ്റു. ഡാമീന്‍ സാന്‍ഡേഴ്‌സണ്‍, മൈല്‍സ് സാന്‍ഡേഴ്‌സണ്‍ എന്നിവരാണ് ആക്രമണത്തിന് പിന്നിലെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം.
ഭീതിയുണ്ടാക്കുന്നതാണ് സംഭവമെന്നും കൊല്ലപ്പെട്ടവരുടെ കുടുംബത്തിന്‍റെയും സുഹൃത്തുക്കളുടെയും ദുഃഖത്തില്‍ പങ്കുചേരുന്നതായും കാനഡ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ പറഞ്ഞു. ജെയിംസ് സ്‌മിത്ത് ക്രീ നാഷണല്‍, വെൽഡൺ എന്നീ ഉള്‍പ്രദേശങ്ങളിലാണ് ക്രൂരകൃത്യം നടന്നത്.
''പലരെയും മുന്‍കൂട്ടി തയ്യാറാക്കിയ ആസൂത്രണത്തിന്‍റെ ഭാഗമായാണ് കൊലപ്പെടുത്തിയത്. എന്നാല്‍, ചിലരെ യാദൃശ്ചികമായി ആക്രമിച്ചതാവാനാണ് സാധ്യത''. - ആര്‍സിഎംപി (Royal Canadian Mounted Police) സസ്‌കാച്ചെവാന്‍ അസിസ്റ്റന്‍റ് കമ്മിഷണർ റോന്‍ഡ ബ്ലാക്ക്‌മോർ പ്രാഥമിക നിഗമനം പങ്കുവച്ചു.
"സംഭവം ഭയപ്പെടുത്തുന്നതാണ്. ഇതേക്കുറിച്ച് കൂടുതല്‍ വ്യക്തത വരാനുണ്ട്. പ്രദേശവാസികള്‍ നല്‍കിയ വിവരപ്രകാരം പ്രതികളെന്ന് സംശയിക്കുന്നവരെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവര്‍ക്കായി അന്വേഷണം ഊര്‍ജിതമാണ്''- റോന്‍ഡ ബ്ലാക്ക്‌മോർ മാധ്യമങ്ങളോട് വ്യക്തമാക്കി.