ന്യൂഡൽഹി: ചൈനീസ് പ്രസിഡന്‍റ് ഷി ജിൻപിങ് വീട്ടുതടങ്കലിലാണെന്ന അഭ്യൂഹങ്ങൾ പ്രചരിച്ചതിന് പിന്നാലെ പ്രതികരണവുമായി മുതിർന്ന ബിജെപി നേതാവ് സുബ്രഹ്മണ്യൻ സ്വാമി. ഇന്ത്യൻ പ്രദേശങ്ങൾ ക്രമേണ പിടിച്ചടക്കാനുള്ള ഷി ജിൻപിങ്ങിന്‍റെ തന്ത്രം പീപ്പിൾസ് ലിബറേഷൻ ആർമിയുടെ താത്പര്യങ്ങൾക്ക് വിരുദ്ധമായതായിരുന്നു എന്ന് സുബ്രഹ്മണ്യൻ സ്വാമി ഇടിവി ഭാരതിനോട് പ്രതികരിച്ചു.
ചൈനീസ് സൈന്യം സായുധ നീക്കത്തിലൂടെ എത്രയും പെട്ടെന്ന് ഇന്ത്യൻ പ്രദേശങ്ങൾ അധീനതയിലാക്കാൻ ആഗ്രഹിച്ചപ്പോൾ ഷീ ജിൻപിങ് രാഷ്‌ട്രീയമായി സമീപിക്കാൻ ശ്രമിക്കുകയായിരുന്നു. വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഷി ജിൻപിങ്ങുമായി 18 തവണ കൂടിക്കാഴ്‌ചകൾ നടത്തിയിരുന്നു. എന്നാൽ ചൈനീസ് സൈന്യം എപ്പോഴും സൈനിക ഇടപെടലിലൂടെ ഇന്ത്യൻ അതിർത്തിയിലേക്ക് കടക്കാൻ ശ്രമിക്കുകയായിരുന്നുവെന്ന് സുബ്രഹ്മണ്യൻ സ്വാമി ഇടിവി ഭാരത് പ്രതിനിധിയോട് പ്രതികരിച്ചു.
ഏതെങ്കിലും കാരണത്താൽ ജിൻപിങ്ങിനെ പിഎൽഎ നേതൃസ്ഥാനത്ത് നിന്നും നീക്കം ചെയ്‌താൽ, ഇന്ത്യയോട് കടുത്ത വിരോധം വച്ചുപുലർത്തുന്നതായിരിക്കും ഇനി വരുന്ന നേതൃത്വം. സൈന്യത്തിന്‍റെ താത്പര്യങ്ങൾക്ക് അനുസരിച്ചായിരിക്കും അവർ പ്രവർത്തിക്കുക. ഇപ്പോൾ സൈന്യം നമ്മളെ രണ്ട് തവണ ആക്രമിക്കുകയാണെങ്കിൽ പുതിയ നേതൃത്വം വരുന്നതോടു കൂടി അത് നാലായി വർധിക്കുമെന്നും സുബ്രഹ്മണ്യൻ സ്വാമി നിരീക്ഷിച്ചു.
അടുത്തിടെ അദ്ദേഹം സമർകാന്തിലായിരുന്നപ്പോൾ ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയായ പിഎൽഎയുടെ നേതാക്കൾ അദ്ദേഹത്തെ പാർട്ടിയിൽ നിന്നും പുറത്താക്കിയിരുന്നുവെന്നും പിന്നാലെ വീട്ടുതടങ്കലിൽ വയ്‌ക്കുകയുമായിരുന്നുവെന്ന് ഷി ജിൻപിങ്ങിനെ സംബന്ധിച്ച അഭ്യൂഹങ്ങൾ വന്നതിന് പിന്നാലെ സുബ്രഹ്മണ്യൻ സ്വാമി ട്വിറ്ററിൽ കുറിച്ചിരുന്നു. ട്വിറ്ററിൽ താൻ പങ്കുവച്ച വിവരങ്ങളുടെ ഉറവിടം ചൈനയ്‌ക്ക് പുറത്തുള്ളവരാണെന്നും എന്നാൽ ചൈനീസ് അധികാര കേന്ദ്രങ്ങളിൽ നടക്കുന്ന സംഭവവികാസങ്ങൾ അറിയുന്നവരാണെന്നും സുബ്രഹ്മണ്യൻ സ്വാമി ഇടിവി ഭാരതിനോട് പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് ചൈനയിൽ അട്ടിമറി നടന്നുവെന്നും ഷി ജിൻപിങ് വീട്ടുതടങ്കലിലാണ് എന്നുമുള്ള അഭ്യൂഹങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചത്. ജനറൽ ലി ക്വിയോമിങ് ആയിരിക്കും അടുത്ത ചൈനീസ് പ്രസിഡന്‍റ് എന്നും അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നു. എന്നാൽ അന്താരാഷ്‌ട്ര മാധ്യമങ്ങളൊന്നും വാർത്ത സ്ഥിരീകരിച്ചിട്ടില്ല.
ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നിർണായക സമ്മേളനം ഒക്‌ടോബർ 16ന് നടക്കാനിരിക്കെയാണ് അഭ്യൂഹങ്ങൾ പ്രചരിച്ചത്. അഴിമതിക്കേസിൽ രണ്ട് മുൻ മന്ത്രിമാർ ശിക്ഷിക്കപ്പെട്ടതോടെയാണ് ഇത്തരം പ്രചാരണങ്ങൾക്ക് ചൂടുപിടിച്ചത്. അതിനു പിന്നാലെ ഷി ജിൻപിങ്ങിനെതിരെ രാഷ്‌ട്രീയ നീക്കം നടത്തിയെന്നാരോപിച്ച് മുതിർന്ന ചൈനീസ് സുരക്ഷ ഉദ്യോഗസ്ഥന് ജീവപര്യന്തം ശിക്ഷ വിധിക്കുകയും ചെയ്‌തു.