ധാക്ക : ബംഗ്ലാദേശില്‍ വോട്ടെടുപ്പിന് തൊട്ടുമുമ്പ് പത്ത് ജില്ലകളിലായി പതിനാല് പോളിങ് സ്റ്റേഷനുകള്‍ക്ക് തീയിട്ടു. സ്‌കൂളുകള്‍ ഉള്‍പ്പെടെയുള്ള പോളിങ് സ്റ്റേഷനുകള്‍ അക്രമികള്‍ അഗ്നിക്കിരയാക്കിയതായി ധാക്ക ട്രൈബ്യൂണ്‍ റിപ്പോര്‍ട്ട് ചെയ്‌തു.
ശനിയാഴ്‌ച ഹാത്തിബന്ദയിലെ ലാല്‍ മോനിര്‍ഹയിലെ പോളിങ് കേന്ദ്രം അക്രമികള്‍ തീവച്ച് നശിപ്പിച്ചിരുന്നു. ഇന്നലെ (ജനുവരി 6) രാത്രി പത്ത് മണിയോടെയാണ് ഷെയ്ഖ് സുന്ദര്‍ മാസ്റ്റര്‍പര പ്രാഥമിക വിദ്യാലയത്തിന് അക്രമികള്‍ തീയിട്ടത്. അതേസമയം അക്രമത്തില്‍ ആളപായമില്ലെന്നും ധാക്ക ട്രൈബ്യൂണിന്‍റെ റിപ്പോര്‍ട്ട് പറയുന്നു.
വ്യാഴം, വെള്ളി ദിവസങ്ങളിലുണ്ടായ അക്രമങ്ങളില്‍ പോളിങ് സ്റ്റേഷനുകളായി ഉപയോഗിക്കാന്‍ നിശ്ചയിച്ചിരുന്ന ഫെനി, രാജ് ഷഹി മേഖലകളിലെ അഞ്ച് സ്‌കൂളുകളെങ്കിലും തീയിട്ട് നശിപ്പിച്ചതായാണ് വിലയിരുത്തുന്നത്. ഇന്നാണ് ബംഗ്ലാദേശില്‍ വോട്ടെടുപ്പ്.
വെള്ളിയാഴ്‌ച രാത്രി എട്ട് മണിയോടെ ഛണ്ഡിഘട്ടിലെ സദര്‍ ഉപശിലയിലെ മൗലവിബസാറിലുള്ള സാബിയ സര്‍ക്കാര്‍ പ്രാഥമിക വിദ്യാലയത്തിന് തീയിട്ടിരുന്നു. മൗലവി ബസാര്‍ മൂന്ന് മണ്ഡലത്തിലെ പോളിങ് സ്റ്റേഷനായിരുന്നു ഈ സ്‌കൂള്‍.
മൂന്ന് ക്ലാസ് മുറികളുടെ വാതില്‍ തകര്‍ത്തതായും തീയിട്ടതായും സ്‌കൂള്‍ മാനേജിങ് കമ്മിറ്റി പ്രസിഡന്‍റ് അബ്‌ദുല്‍ ഗോഫര്‍ ബബ്‌ലു പറഞ്ഞു. ഹബിഗഞ്ച് ചുനരുഘട്ട് ഉപശിലയിലെ ധലൈപര്‍ സര്‍ക്കാര്‍ പ്രാഥമിക വിദ്യാലയത്തിന് ശനിയാഴ്‌ച പുലര്‍ച്ചെ പന്ത്രണ്ടേകാലോടെ ചിലര്‍ തീയിടുകയായിരുന്നു.
അതേസമയം തെരഞ്ഞെടുപ്പ് ഉപകരണങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചിട്ടില്ലെന്ന് ചുനരുഘട്ട് ഉപശില തെരഞ്ഞെടുപ്പ് ഓഫിസര്‍ നീലിമ റെയ്ഹാന പഞ്ഞു. ബംഗ്ലാദേശിലെ ഗാസിപൂര്‍ ജില്ലയിലെ വിവിധ ഭാഗങ്ങളിലായി രണ്ട് പോളിംഗ് കേന്ദ്രങ്ങളും അഗ്നിക്കിരയാക്കി.
കലിയകൈര്‍ ഉപശിലയിലെ ബസ്തോളി സര്‍ക്കാര്‍ പ്രാഥമിക വിദ്യാലയത്തിന്‍റെ ഓഫസ് മുറിക്ക് അക്രമികള്‍ തീയിട്ടതായി റിട്ടേണിങ് ഓഫിസര്‍ ഹുസൈന്‍ മുഹമ്മദ് ഹൈ പറഞ്ഞു. ഗാസിപൂര്‍ നഗരത്തിലെ ഈസ്റ്റ് ചന്ദന സര്‍ക്കാര്‍ പ്രൈമറി സ്‌കൂളിനും ഒരു സംഘം പുലര്‍ച്ചെ ഒന്നരയോടെ തീയിട്ടു.
മറ്റൊരു സ്‌കൂളില്‍ ഹെഡ്‌മാസ്റ്ററുടെ മുറിക്കാണ് തീയിട്ടത്. നിരവധി പുസ്‌തകങ്ങളും മറ്റും കത്തി നശിച്ചു. അതേസമയം സ്‌കൂളുകള്‍ക്ക് നേരെ നടന്ന ആക്രമണങ്ങള്‍ എത്ര നഷ്‌ടം വരുത്തി എന്നതില്‍ വ്യക്തതയില്ല. ഇന്ന് നടക്കുന്ന തെരഞ്ഞെടുപ്പില്‍ എല്ലാവരും വോട്ട് ചെയ്യണമെന്ന് കഴിഞ്ഞ ദിവസം പ്രധാനമന്ത്രി ഷെയ്‌ഖ് ഹസീന ജനങ്ങളോട് ആവശ്യപ്പെട്ടിരുന്നു. രാജ്യത്ത് ജനാധിപത്യം നിലനില്‍ക്കുന്നുവെന്ന് എല്ലാവരെയും ഇതിലൂടെ ബോധ്യപ്പെടുത്തണമെന്നും അവര്‍ ചൂണ്ടിക്കാട്ടി.
പൊതുതെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് രാജ്യത്ത് ഹര്‍ത്താലുകളും പ്രതിഷേധങ്ങളും തുടരുകയാണ്. പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ അനധികൃത സര്‍ക്കാരിന്‍റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷമായ ബംഗ്ലാദേശ് നാഷണലിസ്റ്റ് പാര്‍ട്ടി (ബിഎന്‍പി) രാജ്യവ്യാപകമായി നാല്‍പ്പത്തെട്ട് മണിക്കൂര്‍ ഹര്‍ത്താല്‍ ആചരിക്കുകയാണ്.
Also Read: ബംഗ്ലാദേശില്‍ ട്രെയിന് തീയിട്ടു, നാല് പേര്‍ മരിച്ചു; ആക്രമണം നാളെ പൊതുതെരഞ്ഞെടുപ്പ് നടക്കാനിരിക്കെ