ലണ്ടൻ: ചൈനയിലെ തങ്ങളുടെ മാധ്യമപ്രവർത്തകനെ പൊലീസ് അറസ്റ്റ് ചെയ്‌ത് മർദിച്ചുവെന്ന് ബിബിസി. ചൈനയിൽ ഭരണകൂടം ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾക്കെതിരെ ഷാങ്ഹായിൽ നടന്ന ജനകീയ പ്രതിഷേധം റിപ്പോർട്ട് ചെയ്യുന്നതിനിടെയാണ് മാധ്യമപ്രവർത്തകനായ എഡ് ലോറൻസിനെ പൊലീസ് അറസ്റ്റ് ചെയ്‌തത്. പൊലീസ് അദ്ദേഹത്തെ അറസ്റ്റ് ചെയ്‌ത് കൈവിലങ്ങ് അണിയിക്കുകയും മർദിക്കുകയും മണിക്കൂറുകളോളം തടഞ്ഞു വയ്ക്കുകയും ചെയ്‌തുവെന്ന് ബിബിസി അറിയിച്ചു.
കർത്തവ്യനിർവഹണത്തിനിടെ ഒരു മാധ്യമപ്രവർത്തകന് ഇത്തരത്തിൽ ആക്രമിക്കപ്പെടേണ്ടി വന്നത് ആശങ്കാജനകമെന്ന് ബിബിസി പറഞ്ഞു. എന്നാൽ, ആൾക്കൂട്ടത്തിൽ നിന്ന് കൊവിഡ് പകരാതിരിക്കാൻ അദ്ദേഹത്തിന്‍റെ നന്മയെ കരുതിയാണ് അറസ്റ്റ് ചെയ്‌തതെന്നാണ് ലോറൻസിനെ മോചിപ്പിച്ചുക്കൊണ്ട് ഉദ്യോഗസ്ഥർ അറിയിച്ചു. എന്നാൽ, ഇത് വിശ്വസിനീയമായ വിശദീകരണമല്ലെന്നും ചൈനീസ് അധികാരികളിൽ നിന്ന് ഞങ്ങൾക്ക് ഔദ്യോഗിക വിശദീകരണമോ ക്ഷമാപണമോ ഉണ്ടായിട്ടില്ലെന്നും ബിബിസി അറിയിച്ചു.
ചൈനയിലെ പ്രധാന നഗരങ്ങളിലെല്ലാം സർക്കാരിന്‍റെ സീറോ കൊവിഡ് നയത്തിനെതിരെ പ്രതിഷേധം ശക്തമാണ്. സിൻജിയാങ് പ്രവിശ്യയുടെ തലസ്ഥാനമായ ഉറുംകിയിലെ ഒരു അപ്പാർട്ട്‌മെന്‍റ് ബ്ലോക്കിലുണ്ടായ തീപിടിത്തമാണ് പ്രതിഷേധത്തിലേക്ക് നയിച്ചത്. വ്യാഴാഴ്‌ച ഉണ്ടായ തീപിടിത്തിൽ കെട്ടിടത്തിൽ കുടുങ്ങിപ്പോയവരിലേക്ക് എത്തിപ്പെടുന്നതിൽ രക്ഷാപ്രവർത്തകർക്ക് ബുദ്ധിമുട്ട് നേരിടേണ്ടി വന്നു. സംഭവത്തിൽ 10ഓളം പേർ മരിച്ചു. ലോക്‌ഡൗൺ നടപടികൾ മൂലം രക്ഷാപ്രവർത്തനം വൈകിയതാണ് പൊതുജനങ്ങളെ വലിയ പ്രതിഷേധത്തിലേക്ക് നയിച്ചത്.