ഗാസ : ഹമാസിനെതിരെ (Hamas) ആക്രമണം കടുപ്പിക്കുന്നതിനിടെ ഗാസയിൽ വെടിനിർത്തൽ ഉണ്ടാകില്ലെന്ന് ഇസ്രയേൽ. ഹമാസിന്‍റെ പിടിയിലുള്ള 200 ലധികം ബന്ദികളുടെ മോചനം വൈകുന്നതാണ് ഇതിന് കാരണമെന്നാണ് റിപ്പോര്‍ട്ട്. ഗാസയിലേക്ക് ഇന്ത്യ അടക്കം വിവിധ രാജ്യങ്ങള്‍ മാനുഷിക സഹായം ലഭ്യമാക്കിത്തുടങ്ങുന്നതിനിടെയാണ് ഇസ്രയേൽ വെടിനിർത്തൽ ഉണ്ടാകില്ലെന്ന സൂചന നൽകുന്നത്. ഇതുവരെ 14 ട്രക്ക് മാനുഷിക സഹായങ്ങൾ (Humanitarian Relief) ഗാസയിലേക്ക് കടന്നതായാണ് റിപ്പോർട്ട് (Aid Trucks Entered Gaza Strip Through Rafah Crossing- Israel Says No Ceasefire). ദുരിതാശ്വാസ ട്രക്കുകൾ റഫ അതിര്‍ത്തി വഴിയാണ് ഗാസ മുനമ്പിലേക്ക് പ്രവേശിച്ചത്. ഈജിപ്ഷ്യൻ റെഡ് ക്രസന്‍റും ഐക്യരാഷ്ട്ര സഭയും (Egyptian Red Crescent and the United Nations) സ്പോൺസർ ചെയ്‌ത ട്രക്കുകളാണിവ.
പലസ്‌തീൻ അഭയാർഥികൾക്ക് വേണ്ടിയുള്ള യുഎൻ ഏജൻസിയായ യുഎൻആർഡബ്ല്യുഎയുടെ ഗാസ സ്റ്റോറേജ് സൗകര്യങ്ങളിലേക്ക് ഈ ട്രക്കുകൾ പ്രവേശിപ്പിച്ചിട്ടുണ്ടെന്നും, ഇവ നിലവിൽ പുറത്തിറക്കി കൊണ്ടിരിക്കുകയാണെന്നും ഗാസയിലെ പലസ്‌തീൻ റെഡ് ക്രസന്‍റ് സൊസൈറ്റിയിലെ ഒരു ഉദ്യോഗസ്ഥൻ അന്താരാഷ്‌ട്ര മാധ്യമങ്ങളോട് സ്ഥിരീകരിച്ചു. ഇതുകൂടാതെ യുഎൻആർഡബ്ല്യുഎ സൈറ്റിലേക്കുള്ള യാത്രമധ്യേ ക്രോസിങ്ങിന്‍റെ പലസ്‌തീന്‍ ഭാഗത്ത് രണ്ടാം സെറ്റ് ട്രക്കുകൾ കയറ്റുന്നതിന്‍റെ ചിത്രങ്ങൾ പലസ്‌തീനിയൻ ക്രോസിങ് അതോറിറ്റി പുറത്തുവിട്ടതായും റിപ്പോര്‍ട്ടുണ്ട്.
ട്രക്കുകളിൽ ഗാസയിലേക്കുള്ള ഭക്ഷണവും മരുന്നുകളും കൊണ്ടുപോയതായി പലസ്‌തീൻ ക്രോസിങ് അതോറിറ്റിയിലെ (Palestinian Crossing Authority) പബ്ലിക് റിലേഷൻസ് മേധാവി വെയ്ൽ അബു ഒമർ നേരത്തെ പ്രസ്‌താവനയിൽ പറഞ്ഞിരുന്നു. സഹായവുമായി 17 ട്രക്കുകൾ റഫ അതിർത്തി കടന്ന് തെക്കൻ ഗാസ മുനമ്പിലേക്ക് പ്രവേശിച്ചതായി ഇസ്രയേലി മാധ്യമങ്ങളും ഞായറാഴ്‌ച റിപ്പോർട്ട് ചെയ്‌തു. ശനിയാഴ്‌ചയും ഗാസയിലേക്ക് 20 ട്രക്കുകളിൽ ദുരിതാശ്വാസ സഹായമെത്തിയിരുന്നു. ഗാസയിലെ അടിയന്തര ആവശ്യങ്ങൾ നിറവേറ്റാൻ പ്രതിദിനം 100 ട്രക്കുകൾ ആവശ്യമാണെന്നാണ് ഐക്യരാഷ്ട്രസഭയുടെ കണക്ക്. ഗാസയിലേക്ക് മാനുഷിക സഹായവുമായി പോയ ട്രക്കുകളില്‍ ഭക്ഷണവും വെള്ളവും മെഡിക്കൽ സപ്ലൈകളും അടക്കം ഉണ്ടായിരുന്നെങ്കിലും അവയില്‍ ഇന്ധനം ഉള്‍ക്കൊള്ളിച്ചിട്ടില്ല.
സഹായവുമായി ഇന്ത്യയും: യുദ്ധം മൂലം ബുദ്ധിമുട്ടനുഭവിക്കുന്ന പലസ്‌തീന്‍ ജനതയ്‌ക്ക് ഇന്ത്യയും സഹായഹസ്‌തം നീട്ടി (India sends medical aid, disaster relief material to Palestine). യുദ്ധത്തിന്‍റെ ദുരിതം പേറുന്ന പലസ്‌തീനിലെ ജനങ്ങൾക്ക് സഹായം അയച്ചതായി വിദേശകാര്യ മന്ത്രാലയത്തിന്‍റെ ഔദ്യോഗിക വക്താവ് അരിന്ദം ബാഗ്‌ചി (Arindam Bagchi) ഞായറാഴ്‌ച (ഒക്‌ടോബർ 22) അറിയിച്ചു.
'പലസ്‌തീനിലെ ജനങ്ങള്‍ക്കായി 6.5 ടണ്‍ മെഡിക്കല്‍ സഹായവും 32 ടണ്‍ ദുരന്ത നിവാരണ സാമഗ്രികളുമായി ഈജിപ്‌തിലെ അല്‍ഹരീഷ് വിമാനത്താവളത്തിലേക്ക് വ്യോമസേനയുടെ സി-17 ഗ്ലോബ്‌മാസ്റ്റര്‍ വിമാനം പുറപ്പെട്ടു'- വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി എക്‌സിലൂടെ വ്യക്തമാക്കി.
മെഡിക്കൽ സപ്ലൈകളിൽ അത്യാവശ്യമായ ജീവൻ രക്ഷ മരുന്നുകളും അടിയന്തര മെഡിക്കൽ സാഹചര്യങ്ങൾ കൈകാര്യം ചെയ്യാൻ ലക്ഷ്യമിട്ടുള്ള സംരക്ഷണ, ശസ്‌ത്രക്രിയ വസ്‌തുക്കളും ഉൾപ്പടുത്തിയാണ് ഇന്ത്യ സഹായം അയച്ചത്. ദ്രവരൂപത്തിലുള്ള മരുന്നുകളും വേദനസംഹാരികളും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഏകദേശം 32 ടൺ ഭാരമുള്ള ദുരന്ത നിവാരണ വസ്‌തുക്കളിൽ ടെന്‍റുകൾ, സ്ലീപ്പിങ് ബാഗുകൾ, ടാർപോളിനുകൾ, അടിസ്ഥാന സാനിറ്ററി യൂട്ടിലിറ്റികൾ, ജല ശുദ്ധീകരണ ഗുളികകൾ തുടങ്ങിയവയും ഉൾപ്പെടുന്നു.