ജക്കാർത്ത : ഇന്തോനേഷ്യയിലെ കിഴക്കൻ പ്രവിശ്യയായ പാപുവയിൽ ഭൂചലനം (5.0 Magnitude Earthquake Hits Indonesia). വ്യാഴാഴ്‌ചയാണ് ഭൂചലനം ഉണ്ടായത്. റിക്‌ടർ സ്കെയിലിൽ 5.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടതെന്ന് കാലാവസ്ഥ, ജിയോഫിസിക്കൽ ഏജൻസി അറിയിച്ചു.
വ്യാഴാഴ്‌ച പുലർച്ചെ 1.29 നാണ് പ്രദേശത്ത് ഭൂചലനം രേഖപ്പെടുത്തിയതെന്ന് ഏജൻസി വ്യക്തമാക്കി. കീറോം റീജൻസിയിൽ നിന്ന് തെക്കുപടിഞ്ഞാറായി 62 കിലോമീറ്റർ താഴ്‌ചയിലാണ് ഭൂചലനത്തിന്‍റെ പ്രഭവകേന്ദ്രം. അതേസമയം രാജ്യത്ത് സുനാമി മുന്നറിയിപ്പ് നൽകിയിട്ടില്ല. ഭൂചലനത്തിൽ ആളപായമോ നാശനഷ്‌ടങ്ങളോ റിപ്പോർട്ട് ചെയ്‌തിട്ടില്ലെന്ന് പ്രവിശ്യാ ദുരന്ത നിവാരണ ഏജൻസി ഉദ്യോഗസ്ഥൻ വില്യം മണ്ടേരി അറിയിച്ചതായാണ് സിൻഹുവ വാർത്താ ഏജൻസിയുടെ റിപ്പോർട്ട്.
ദ്വീപസമൂഹ രാഷ്ട്രമായ ഇന്തോനേഷ്യ "പസഫിക് റിംഗ് ഓഫ് ഫയർ" എന്ന് വിളിപ്പേരുള്ള ഭൂകമ്പ പ്രക്ഷുബ്‌ധ പ്രദേശത്താണ് സ്ഥിതി ചെയ്യുന്നത്. അതുകൊണ്ട് തന്നെ രാജ്യത്ത് ഇടയ്ക്കിടെ ഭൂകമ്പങ്ങൾ അനുഭവപ്പെടാനുള്ള സാധ്യത കൂടുതലാണ്.
ജപ്പാൻ ഭൂകമ്പത്തിൽ മരണസംഖ്യ 222 : പുതുവർഷ ദിനത്തിൽ ജപ്പാനിലുണ്ടായ ഭൂകമ്പത്തിൽ പരിക്കേറ്റ എട്ടുപേർകൂടി മരിച്ചു. ചികിത്സയിലിരുന്നവരാണ് മരിച്ചത്. ഇതോടെ മരണസംഖ്യ 222 ആയി(Japan Earthquake Death Toll). റിക്‌ടർ സ്കെയിലിൽ 7.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ കനത്ത നാശനഷ്‌ടങ്ങൾ റിപ്പോർട്ട് ചെയ്‌തിരുന്നു.
26,000-ത്തോളം ആളുകൾ ഇപ്പോഴും സ്‌കൂളുകൾ അടക്കമുള്ള താത്‌കാലിക ദുരിതാശ്വാസ കേന്ദ്രങ്ങളിലാണ്. ഇവരിൽ ഭൂരിഭാഗം പേരുടെയും വീടുകൾ പൂർണമായോ ഭാഗികമായോ തകർന്ന നിലയിലാണ് (Japan Earthquake Crisis). പുതുവർഷ ദിനത്തിൽ നടന്ന 7.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന് പിന്നാലെ ആയിരത്തോളം തുടർ ചലനങ്ങൾ നടന്നിരുന്നു. ഇതുമൂലം ഈ ഭൂഭാഗത്തെ മണ്ണ് അയഞ്ഞ നിലയിലാണ്. ഇവിടങ്ങളില്‍ ചെറിയ മഴയോ മഞ്ഞുവീഴ്‌ചയോ ഉണ്ടായാൽ പോലും മണ്ണിടിച്ചിൽ ഉണ്ടാകാൻ സാധ്യതയുണ്ട്. ഇത് പാതി തകർന്ന വീടുകൾ പൂർണമായി നിലംപൊത്താൻ ഇടവരുത്തും (Japan Earthquake Aftershocks).
ജപ്പാനിലെ നോട്ടോ ഉപദ്വീപിലെ ഇഷികാവയില്‍ പുതുവത്സര ദിനത്തില്‍ പ്രാദേശിക സമയം 4.10നാണ് ആദ്യ ഭൂകമ്പമുണ്ടായത്. ഭൂമിക്കടിയില്‍ പത്ത് കിലോമീറ്റര്‍ ഉള്ളിലായാണ് പ്രകമ്പനമുണ്ടായത്. തകർന്ന അവശിഷ്‌ടങ്ങൾക്കിടയിൽ നിന്ന് ഇപ്പോഴും മൃതദേഹങ്ങൾ കണ്ടെത്തുന്നുണ്ട് (Noto Peninsula Earthquake).
ഇതുവരെ മരിച്ചവരിൽ 98 പേർ സുസു നഗരത്തിലും, 83 പേർ വാജിമയിലും, 20 പേർ അനാമിസുവിലും നിന്നുള്ളവരാണ്. അതേസമയം കാണാതായവരുടെ എണ്ണം 52 ആണ്. 567 പേർ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നുണ്ട്. 1,830 വീടുകൾ ഇതിനോടകം തകർന്നു. 14,000-ലധികം വീടുകളിൽ ഇപ്പോഴും വൈദ്യുതി ഇല്ല. 59,000 ത്തോളം വീടുകളിൽ കുടിവെള്ളത്തിന്‍റെ അഭാവവുമുണ്ട്.
കഴിഞ്ഞ ആഴ്‌ചയിൽ നടന്ന വലിയ പ്രകമ്പനത്തിന് ശേഷം ജപ്പാനിലെ ചില മേഖലകളിൽ 3 മീറ്റർ (10 അടി) ഉയരത്തിൽ വരെ സുനാമി തിരകൾ ആഞ്ഞടിച്ചിരുന്നു. ഇത് നിരവധി വീടുകൾക്ക് കേടുപാടുകള്‍ വരുത്തി. വാജിമ നഗരത്തില്‍ വലിയ തോതിലുള്ള തീപിടിത്തത്തിനും ഭൂകമ്പം കാരണമായി. അഗ്നിബാധയില്‍ നഗരത്തിന്‍റെ ഒരു ഭാഗം കത്തി നശിച്ചു.
അതേസമയം ദുരിതാശ്വാസ കേന്ദ്രങ്ങളിൽ തിങ്ങിപ്പാർക്കുന്ന ആളുകൾക്കിടയിൽ പകർച്ചവ്യാധികൾ പൊട്ടിപ്പുറപ്പെടാനുള്ള സാധ്യതയെക്കുറിച്ച് അധികൃതർ മുന്നറിയിപ്പ് നൽകി. പല ദുരിതാശ്വാസ കേന്ദ്രങ്ങളിലും ഭക്ഷണത്തിന്‍റെയും കുടിവെള്ളത്തിന്‍റെയും അഭാവം റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. പല കേന്ദ്രങ്ങളിലും ആളുകൾ തറയിലാണ് കിടന്നുറങ്ങുന്നത്. പുതപ്പ് പോലുമില്ലാതെ തണുപ്പിനെയും കാറ്റിനെയും അതിജീവിച്ച് ക്യാമ്പുകളിൽ കഴിയുകയാണിവർ.
ഇഷിക്കാവയിൽ 500 പേർക്ക് താമസിക്കാവുന്ന ഒരു വലിയ ഹാളിൽ ക്യാമ്പിംഗ് ടെന്‍റുകൾ സ്ഥാപിച്ചിട്ടുണ്ട്. ഗർഭിണികൾക്കും രോഗികൾക്കും പ്രായമായവർക്കുമാണ് ഇവിടെ മുൻഗണന. അതിനിടെ പ്രദേശത്തെ ചില വലിയ ഹോട്ടലുകൾ ദുരിതാശ്വാസ കേന്ദ്രങ്ങളാകാന്‍ സന്നദ്ധതയറിയിച്ച് രംഗത്തുവന്നിട്ടുണ്ട്. 110 ഹോട്ടലുകളും ലോഡ്‌ജുകളും ഇത്തരത്തിൽ സ്വമേധയാ രംഗത്തുവന്നതായാണ് റിപ്പോർട്ട്. 3000 പേരെ ഇത്തരത്തിലുള്ള ഷെൽട്ടറുകളിലേക്ക് മാറ്റാനാകും.