കാബൂള്‍: അഫ്‌ഗാനിസ്ഥാനില്‍ ഭൂകമ്പത്തില്‍ 255 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. കിഴക്കന്‍ അഫ്‌ഗാനിസ്ഥാനിലെ പക്തിക പ്രവശ്യയില്‍ ബുധനാഴ്‌ച രാവിലെയാണ് ഭൂകമ്പമുണ്ടായത്. അഫ്‌ഗാന്‍ സര്‍ക്കാരിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന വാര്‍ത്ത ഏജന്‍സിയായ ബഖ്‌താറാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്‌തത്.
റിക്‌ടര്‍ സ്‌കെയിലിൽ 6 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമാണുണ്ടായത്. രക്ഷാപ്രവർത്തകർ ഹെലികോപ്റ്ററിൽ എത്തിക്കൊണ്ടിരിക്കുകയാണെന്ന് വാർത്ത ഏജൻസി റിപ്പോർട്ട് ചെ്‌യതു. ഭൂകമ്പത്തില്‍ 90 വീടുകള്‍ തകര്‍ന്നുവെന്നും നിരവധി പേര്‍ അവശിഷ്‌ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുകയാണെന്ന് ബക്താര്‍ ഡയറക്‌ടര്‍ ജനറല്‍ അബ്‌ദുല്‍ വാഹിദ് റയാന്‍ ട്വിറ്ററില്‍ കുറിച്ചു.
പത്രിക പ്രവശ്യയിലെ നാല് ജില്ലകളിലാണ് ഭൂകമ്പമുണ്ടായതെന്ന് താലിബാന്‍ സര്‍ക്കാരിന്‍റെ ഡെപ്യൂട്ടി വക്‌താവ് ബിലാല്‍ കരിമി ട്വിറ്ററിലൂടെ അറിയിച്ചു. മേഖലയിലേക്ക് രക്ഷാപ്രവര്‍ത്തക സംഘത്തെ അയയ്ക്കാന്‍ സന്നദ്ധ സംഘടനകളോട് അഫ്‌ഗാന്‍ സര്‍ക്കാർ അഭ്യര്‍ഥിച്ചു. റിക്‌ടര്‍ സ്‌കെയിലിൽ 6.1 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമാണ് അനുഭവപ്പെട്ടതെന്ന് പാകിസ്ഥാന്‍ മെട്രോളജിക്കല്‍ വകുപ്പ് അറിയിച്ചു.
പാകിസ്ഥാന്‍റെ തലസ്ഥാനമായ ഇസ്ലാമാബാദിലും കിഴക്കൻ പഞ്ചാബ് പ്രവശ്യയിലും ഭൂകമ്പം അനുഭവപ്പെട്ടു. അഫ്‌ഗാനിസ്ഥാൻ, പാകിസ്ഥാൻ, ഇന്ത്യ എന്നിവിടങ്ങളിലായി 500 കിലോമീറ്ററിലധികം (310 മൈൽ) പ്രദേശങ്ങളില്‍ ഭൂകമ്പത്തിന്‍റെ പ്രകമ്പനമുണ്ടായതായി യൂറോപ്യൻ സീസ്‌മോളജിക്കല്‍ ഏജൻസിയായ ഇഎംഎസ്‌സി അറിയിച്ചു.