പെന്‍സില്‍വാനിയ: നൂറാമത്തെ കൊച്ചുമകനെ കൈയിലെടുത്ത് യുഎസിലെ ഒരു മുത്തശ്ശി. ജീവിതത്തിന്‍റെ ഒരു ഘട്ടത്തില്‍ കന്യാസ്‌ത്രീയായിരുന്ന 99 വയസുള്ള മാര്‍ഗരറ്റ് കൊല്ലറിനാണ് ഈ ഭാഗ്യം ലഭിച്ചിരിക്കുന്നത്. 11 കുട്ടികളാണ് മാര്‍ഗരറ്റ് കെല്ലറിനുള്ളത്. പേരമക്കളും അവരുടെ കുട്ടികളും ചേര്‍ത്താണ് ഇപ്പോള്‍ എണ്ണം 100 ആയിരിക്കുന്നത്.
യുഎസിലെ പെന്‍സില്‍വാനിയ സ്വദേശിയാണ് മാര്‍ഗരറ്റ് കൊല്ലര്‍. 100-ാമത്തെ പേരക്കുട്ടിക്ക് കൊല്ലര്‍ വില്യം ബാള്‍സ്‌റ്റര്‍ എന്നാണ് പേരിട്ടിരിക്കുന്നത്. തന്‍റെ ഭര്‍ത്താവിന്‍റെ പേരായ വില്യം ബാള്‍സ്റ്ററും തന്‍റെ കൊല്ലെര്‍ എന്ന പേരും ചേര്‍ത്തുള്ള പേര് കുട്ടിക്ക് നല്‍കിയതില്‍ സന്തുഷ്‌ടയാണ് ഈ മുത്തശ്ശി.
1922ലാണ് മാര്‍ഗരറ്റ് കൊല്ലെര്‍ ജനിക്കുന്നത്. കന്യാസ്‌ത്രീയായിരിക്കുമ്പോഴാണ് വില്യമിനെ കണ്ടുമുട്ടുകയും പ്രണയത്തിലാകുകയും ചെയ്യുന്നത്. വില്യം കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് മരണപ്പെടുന്നത്. പേരക്കുട്ടികളില്‍ ഒരാളായ ക്രിസ്റ്റീന്‍ ബാള്‍സ്‌റ്റര്‍ ഈ മാസം നാലാം തിയതിയാണ് ആണ്‍കുട്ടിയെ പ്രസവിക്കുന്നത്.
തനിക്ക് അതിയായ സന്തോഷം നല്‍കുന്ന വേളയാണിതെന്ന് മാര്‍ഗരറ്റ് കൊല്ലര്‍ പ്രതികരിച്ചു. താന്‍ കുറച്ചുകാലം ജീവിതത്തില്‍ ഒറ്റയ്‌ക്കായിരുന്നു എന്നും വില്യമിനെ കണ്ടുമുട്ടിയതോടെയാണ് തനിക്ക് ഒരുപാട് കുട്ടികളുള്ള വലിയൊരു കുടുംബം വേണമെന്ന ചിന്തയുണ്ടായതെന്ന് കൊല്ലര്‍ പറഞ്ഞു. എതാനും ദിവസങ്ങള്‍ക്കുള്ളില്‍ ഈ മുത്തശ്ശിക്ക് 100 വയസ് പൂര്‍ത്തിയാകും. മക്കളും നൂറ് പേരമക്കളും കൂടി മാര്‍ഗരറ്റ് മുത്തശ്ശിയുടെ 100-ാം പിറന്നാള്‍ വലിയ ആഘോഷമാക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.