ബീജിങ് : ചൈനയുടെ വടക്കുപടിഞ്ഞാറന്‍ മേഖലയിലുണ്ടായ വന്‍ ഭൂചലനത്തില്‍ 111 പേര്‍ കൊല്ലപ്പെട്ടു. ഗാന്‍ഷു പ്രവിശ്യയിലാണ് റിക്‌ടര്‍ സ്കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഉണ്ടായത്. ഇവിടെ മാത്രം 100 പേര്‍ മരിച്ചതായി ഔദ്യോഗിക വാര്‍ത്താഏജന്‍സിയായ സിന്‍ഹുവ അറിയിച്ചു. തൊട്ടടുത്ത പ്രവിശ്യയായ ഖ്വിന്‍ഘായില്‍ 11 പേര്‍ മരിച്ചു.
ഇന്നലെ അര്‍ദ്ധരാത്രിയോടെയാണ് ഭൂകമ്പം അനുഭവപ്പെട്ടത്. 200 ലേറെ പേര്‍ക്ക് പരിക്കേറ്റു. വൈദ്യുതി-ജലവിതരണ ശൃംഖലകള്‍ തകര്‍ന്നതായും അധികൃതര്‍ അറിയിച്ചു. ആശയവിനിമയസംവിധാനങ്ങളും റോഡുകളും തകര്‍ന്നിട്ടുണ്ട്. ഗാന്‍ഷു പ്രവിശ്യയുടെ തലസ്ഥാനമായ ലാന്‍ഷുവിലാണ് ഭൂകമ്പം ആദ്യം അനുഭവപ്പെട്ടത്. ആളുകള്‍ പുറത്ത് കൂട്ടം കൂടി നില്‍ക്കുന്ന ചിത്രങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
Also read: മഴയിൽ തളർന്ന് തമിഴ്‌നാട്; സ്‌റ്റാലിൻ നാളെ പ്രധാനമന്ത്രിയെ കാണും
മരണസംഖ്യ കുറയ്ക്കാന്‍ അടിയന്തര തെരച്ചിലിനും രക്ഷാപ്രവര്‍ത്തനത്തിനും ചൈനീസ് പ്രസിഡന്‍റ് ഷി ജിന്‍പിങ് നിര്‍ദേശം നല്‍കി. കഴിഞ്ഞ മാസം നേപ്പാളിലുണ്ടായ ഭൂചലനത്തില്‍ 157 പേര്‍ കൊല്ലപ്പെട്ടിരുന്നു. ഈ ചലനത്തിന്‍റെ പ്രതിഫലനം 500 മൈല്‍ അകലെ ഇന്ത്യന്‍ തലസ്ഥാനമായ ന്യൂഡല്‍ഹിയെയും പിടിച്ചുകുലുക്കിയിരുന്നു. ഒക്ടോബറില്‍ അഫ്‌ഗാനിലുണ്ടായ വന്‍ ഭൂകമ്പത്തില്‍ 2000 ജീവനുകളാണ് നഷ്ടമായത്.