ന്യൂയോര്‍ക്ക് : അമേരിക്കയിലെ ബഫലോ നഗരത്തിലെ ടോപ്‌സ് ഫ്രന്‍ഡ്‌ലി സൂപ്പർമാർക്കറ്റില്‍ നടന്ന വെടിവയ്പ്പില്‍ 10 പേര്‍ കൊല്ലപ്പെട്ടു. സംഭവത്തില്‍ 3 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ശനിയാഴ്‌ച ഉച്ചയോടെയാണ് വെടിവയ്പ്പുണ്ടായത്. തോക്കുധാരിയായ യുവാവ് സൂപ്പർമാർക്കറ്റിലേക്ക് കയറി വന്ന് പൊടുന്നനെ നിറയൊഴിക്കുകയായിരുന്നു. ഇയാള്‍ സൈനിക വേഷവും ഹെല്‍മെറ്റും ധരിച്ചിരുന്നു.
ന്യൂയോർക്കിലെ കോൺക്ലിന്‍ സ്വദേശിയായ പെയ്‌ടൺ ജെൻഡ്രോൺ എന്ന 18കാരനാണ് വെടിവച്ചതെന്നാണ് പൊലീസ് കണ്ടെത്തല്‍. എന്നാല്‍ സംഭവത്തിനുപിന്നിലെ കാരണം ഇനിയും വ്യക്തമല്ല. കറുത്തവർഗക്കാര്‍ കൂടുതലുള്ള പ്രദേശത്താണ് സൂപ്പർമാർക്കറ്റ് സ്ഥിതിചെയ്യുന്നത്. അതിനാല്‍ വംശീയ വിദ്വേഷമാകാം കൃത്യത്തിലേക്ക് നയിച്ചതെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം.
സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ബഫലോയിലെ വെടിവയ്പ്പിനെ തുടര്‍ന്നുള്ള സംഭവങ്ങള്‍ സൂക്ഷ്‌മമായി നിരീക്ഷിച്ചുവരികയാണെന്ന് ഗവർണർ കാത്തി ഹോച്ചുൾ ട്വീറ്റ് ചെയ്‌തു. 2021 മാർച്ചിൽ കൊളറാഡോയിലെ ബോൾഡറിലെ കിംഗ് സൂപ്പേഴ്‌സ് ഗ്രോസറിയിൽ 10 പേരുടെ മരണത്തിനിടയാക്കിയ ആക്രമണം നടന്ന് ഒരു വർഷത്തിന് ശേഷമാണ് ഇത്തരമൊരു സംഭവം അമേരിക്കയില്‍ നടക്കുന്നത്.