ന്യൂയോര്‍ക്ക്: ഇസ്രയേൽ-പലസ്‌തീന്‍ സംഘർഷത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ യുഎന്‍ രക്ഷാസമിതി ആദ്യ പൊതുയോഗം ചേര്‍ന്നു. ആക്രമണം അങ്ങേയറ്റം ഭയാനകമാണെന്നും ഇസ്രയേലിനോടും ഹമാസിനോടും പരസ്‌പരമുള്ള റോക്കറ്റ്, വ്യോമാക്രമണങ്ങള്‍ നിര്‍ത്താനും സെക്രട്ടറി ജനറൽ അന്‍റോണിയോ ഗുട്ടറസ് ആവശ്യപ്പെട്ടു. ഇസ്രയേല്‍-പലസ്‌തീന്‍ മേഖലയില്‍ മാത്രമല്ല മുഴുവന്‍ പ്രദേശത്തും തീവ്രവാദം വളര്‍ത്താനും മാനുഷിക പ്രതിസന്ധി സൃഷ്ടിക്കാനും ആക്രമണം വഴിവെക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നൂറുകണക്കിനാളുകളുടെ ജീവനെടുത്ത ആക്രമണം ഒരാഴ്‌ച പിന്നിടുമ്പോഴാണ് വിഷയത്തില്‍ യുഎന്‍ ആദ്യമായി ഇടപെടുന്നത്. ഞായറാഴ്‌ച ചേര്‍ന്ന യോഗത്തില്‍ പലസ്‌തീന്‍, ഇസ്രയേല്‍ നേതാക്കള്‍ പിന്തുണ ആവശ്യപ്പെട്ടിരുന്നുവെങ്കിലും കാര്യമായ നടപടികളൊന്നും യുഎന്‍ സമിതി എടുത്തിട്ടില്ല.
ഇസ്രായേല്‍ നടത്തുന്നത് വര്‍ണവിവേചനമാണെന്ന് പലസ്‌തീന്‍ വിദേശകാര്യ മന്ത്രി റിയാദ് അൽ മാലികി ആരോപിച്ചു. അധിനിവേശ ശക്തി എന്ന നിലയില്‍ ഇസ്രയേല്‍ അനന്തരഫലങ്ങള്‍ നേരിടേണ്ടവരാണെന്നും മാലികി പറഞ്ഞു. ദീർഘകാലമായി കാത്തിരുന്ന തെരഞ്ഞെടുപ്പ് നീട്ടിയതിനെ തുടര്‍ന്ന് പൂർണമായും മുൻകൂട്ടി നിശ്ചയിച്ചാണ് ഹമാസ് ആക്രമണം നടത്തുന്നതെന്ന് ഐക്യരാഷ്ട്രസഭയിലെ ഇസ്രായേൽ അംബാസഡർ ഗിലാദ് എർദാൻ ആരോപിച്ചു. ഹമാസ് സാധാരണക്കാരെ ലക്ഷ്യമിടുമ്പോള്‍ ഇസ്രയേൽ തീവ്രവാദികളെയാണ് ലക്ഷ്യമിടുന്നതെന്നും എർദാൻ പറഞ്ഞു.
അതേ സമയം, അമേരിക്കയുടെ ഇടപെടല്‍ മൂലമാണ് വിഷയത്തില്‍ ശക്തമായ നടപടികളൊന്നും ഉണ്ടാകാത്തതെന്ന് ചൈന വിമര്‍ശിച്ചു. അമേരിക്കയോട് ഉത്തരവാദിത്തം ഏറ്റെടുക്കാനും ചൈനയുടെ വിദേശകാര്യ മന്ത്രി വാങ് യി ആവശ്യപ്പെട്ടു. സ്വയം പ്രതിരോധിക്കാന്‍ ഇസ്രയേലിന് അവകാശമുണ്ടെന്നായിരുന്നു വിഷയത്തില്‍ അമേരിക്കന്‍ പ്രസിഡന്‍റ് ജോ ബൈഡന്‍ സ്വീകരിച്ച നിലപാട്.
പലസ്‌തീനികള്‍ ജെറുസലേമിലെ അല്‍-അക്‌സ പള്ളിയില്‍ പ്രവേശിക്കുന്നതില്‍ ഇസ്രയേല്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയതിന് പിന്നാലെയാണ് ഹമാസ് റോക്കറ്റാക്രമണം ആരംഭിച്ചത്. തുടര്‍ന്ന് ഇസ്രയേല്‍ ഗാസ മുനമ്പിലുള്‍പ്പെടെ വ്യോമാക്രമണം ആരംഭിച്ചു. പരസ്‌പരമുള്ള ആക്രമണങ്ങളെ തുടര്‍ന്ന് 55 കുട്ടികള്‍ ഉള്‍പ്പെടെ 190 പേര്‍ പലസ്‌തീനിലും 10 പേര്‍ ഇസ്രയേലിലും ഇതുവരെ കൊല്ലപ്പെട്ടിട്ടുണ്ട്.