ടെഹ്‌റാന്‍: ഇസ്രയേലുമായി അടുപ്പം സ്ഥാപിക്കാനുള്ള യു.എ.ഇയുടെ തീരുമാനത്തെ വിമര്‍ശിച്ച് ഇറാന്‍. ഇസ്‌ലാമിക രാജ്യങ്ങളുടെ ശത്രുവിനൊപ്പം ഒരു അയല്‍രാജ്യം കൈകോര്‍ക്കുന്നത് ദൗര്‍ഭാഗ്യകരമാണെന്ന് പ്രസിഡന്‍റ് ഹസന്‍ റുഹാനി പറഞ്ഞു. പലസ്തീന്‍ ജനതയുടെ ഘാതകരും സയോണിസ്റ്റ് പ്രസ്ഥാനവുമായ രാജ്യത്തോട് അടുക്കാനാണ് ഇവരുടെ നീക്കം. ഇസ്‌ലാം വിശ്വാസികള്‍ ജീവിക്കുന്ന രാജ്യമാണത്. പക്ഷേ അവരുടെ ഭരണാധികാരികള്‍ തെറ്റ് ചെയ്തെന്നും റുഹാനി കൂട്ടിച്ചേര്‍ത്തു. ഇസ്രയേലും യു.എ.ഇയും തമ്മിലുള്ള സമാധാന കരാര്‍ പലസ്തീന്‍ ലക്ഷ്യത്തെ ഒറ്റിക്കൊടുക്കുന്നതിന് തുല്യമാണ്. നിലവിലെ തീരുമാനത്തില്‍ നിന്ന് യു.എ.ഇ പിന്മാറുമെന്നാണ് വിശ്വസിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഇരു രാജ്യങ്ങളും നയതന്ത്ര ബന്ധം സ്ഥാപിക്കാന്‍ തീരുമാനിച്ചത് യു.എസിന്‍റെ മധ്യസ്ഥതയില്‍ നടന്ന ചര്‍ച്ചയിലാണ്. ഇസ്രയേലുമായി കൈകോര്‍ക്കുന്ന ആദ്യ അറബ് രാജ്യമായി മാറാനുള്ള യു.എ.ഇയുടെ തീരുമാനത്തെ ചരിത്ര നിമിഷമെന്നാണ് യു.എസ് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് വിശേഷിപ്പിച്ചത്. വരും ആഴ്ചയില്‍ കരാര്‍ ഒപ്പിടുമെന്നാണ് പുറത്തുവരുന്ന വിവരം.