അങ്കാറ: തുർക്കിയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 31,891 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇവരിൽ 2,673 പേർ ലക്ഷണങ്ങളോടുകൂടിയവരും 3,534 പേർ ഗുരുതരാവസ്ഥയിലുള്ളവരുമാണ്. ഇതോടെ രാജ്യത്തെ ആകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 4,820,591 ആയി ഉയർന്നതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. 394 മരണം കൂടി കൊവിഡ് മൂലമാണെന്ന് കണ്ടെത്തി. ആകെ മരണസംഖ്യ 40,131 ആണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 68,183 കൂടി രോഗം ഭേദമായതോടെ ആകെ വീണ്ടെടുക്കൽ നിരക്ക് 4,323,897 ആയി.
കഴിഞ്ഞ ദിവസം 265,287 സാമ്പിളുകളാണ് രാജ്യത്ത് പരിശോധിച്ചത്. ഇതോടെ ആകെ പരിശോധനകളുടെ എണ്ണം 47,261,999 ആയി. അതേസമയം റഷ്യയുടെ സ്‌പുട്‌നിക് വി വാക്‌സിൻ അടിയന്തരമായി ഉപയോഗിക്കാൻ തുർക്കി അനുമതി നൽകിയതായി ആരോഗ്യമന്ത്രി ഫാരെറ്റിൻ കോക്ക അറിയിച്ചു. ചൈനയുടെ കൊറോണവാക്, ബയോ എൻടെക് എന്നിവയ്ക്ക് ശേഷം രാജ്യത്ത് ഉപയോഗിക്കുന്ന മൂന്നാമത്തെ വാക്‌സിനാണിത്.