ബാഗ്‌ദാദ്: ഇറാഖിലെ ബാസ്ര പ്രവിശ്യയില്‍ പ്രവര്‍ത്തിക്കുന്ന യുഎസ് എണ്ണക്കമ്പനിയായ ഹാലിബർട്ടൺ എണ്ണ കമ്പനിക്ക് സമീപം റോക്കറ്റ് ആക്രമണം. ആക്രമണത്തില്‍ ആര്‍ക്കും പരിക്കില്ലെന്ന് സുരക്ഷാ വൃത്തങ്ങൾ അറിയിച്ചു. ഇറാഖ് സുരക്ഷാ സേന നടത്തിയ തെരച്ചിലില്‍ റോക്കറ്റ് ലോഞ്ചർ കണ്ടെത്തിയതായി ഉദ്യോഗസ്ഥർ വ്യക്തമാക്കി.
അതേസമയം ആക്രമണത്തിന്‍റെ ഉത്തരവാദിത്തം ഇതുവരെ ഒരു സംഘടനകളും ഏറ്റെടുത്തിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇറാഖില്‍ വിന്യസിച്ചിരിക്കുന്ന അമേരിക്കന്‍ സൈനികരുടെ താവളങ്ങള്‍ക്ക് നേരെ മുമ്പും റോക്കറ്റ് ആക്രമണങ്ങള്‍ നടന്നിരുന്നു. ബാഗ്‌ദാദിൽ അമേരിക്ക നടത്തിയ ഡ്രോൺ ആക്രമണത്തില്‍ ഇറാനിലെ റെവല്യൂഷൻ ഗാർഡ് കോർപ്‌സിന്‍റെ കുഡ്‌സ് ഫോഴ്‌സിന്‍റെ മുൻ കമാൻഡർ കാസെം സോളിമാനി കൊലപ്പെടുത്തിയതിന് പിന്നാലെ ജനുവരി അഞ്ചിന് നടന്ന പാർലമെന്‍റ് സമ്മേളനത്തില്‍ ഇറാഖിൽ വിദേശ സേനയുടെ സാന്നിധ്യം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പ്രമേയം പാസാക്കിയിരുന്നു.
ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദ സംഘടനക്കെതിരായ പോരാട്ടങ്ങളിൽ പ്രാദേശിക സേനയെ പിന്തുണയ്ക്കുന്നതിനായി അയ്യായിരത്തിലധികം യുഎസ് സൈനികരെയാണ് ഇറാഖിൽ വിന്യസിച്ചിരിക്കുന്നത്.