ജെറുസലേം: പെഗാസസ് സോഫ്റ്റ്‌വെയർ ദുരുപയോഗം അവലോകനം ചെയ്യാനായി കമ്മിറ്റി രൂപീരിച്ച് ഇസ്രയേൽ. ലൈസൻസുകൾ നൽകുന്ന മുഴുവൻ കാര്യങ്ങളും അവലോകനം ചെയ്യുമെന്ന് അധികൃതർ വ്യക്തമാക്കി. ഇന്ത്യയുൾപ്പെടെ നിരവധി രാജ്യങ്ങളിലെ മാധ്യമപ്രവർത്തകർ, മനുഷ്യാവകാശ സംരക്ഷകർ, രാഷ്ട്രീയക്കാർ, എന്നിവരുടെയടക്കം ഫോൺ സംഭാഷണങ്ങളും രേഖകളും ചോർത്താനായി പെഗാസസ് സോഫ്റ്റ്‌വെയർ ഉപയോഗിച്ചുവെന്നാരോപിച്ച് ആശങ്കകളുയർന്നിരുന്നു.
കമ്മിറ്റിയുടെ അവലോകനത്തിന് ശേഷം തിരുത്തലുകൾ ആവശ്യമാണെന്ന് മനസിലായാൽ തിരുത്തലുകൾ വരുത്തേണ്ടതുണ്ടോ എന്ന് വിലയിരുത്താൻ ആവശ്യപ്പെടുമെന്നും ഇസ്രയേലിന്‍റെ മൊസാദ് ചാര ഏജൻസിയുടെ മുൻ ഡെപ്യൂട്ടി മേധാവിയായിരുന്ന ബെൻ-ബരാക് അറിയിച്ചു.
ലൈസൻസുകൾ നൽകുന്നതിലെ മുഴുവൻ കാര്യങ്ങളും അവലോകനം ചെയ്യുകയെന്നതിനാണ് ഇസ്രയേൽ പ്രധാന മുൻഗണന നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു. എൻഎസ്‌ഒയുടെ ചീഫ് എക്‌സിക്യൂട്ടീവ് ഷാലെവ് ഹുലിയോ ഈ നടപടി സ്വാഗതം ചെയ്‌തു. അന്വേഷണത്തിലൂടെ തങ്ങൾക്കേറ്റ ചീത്തപ്പേര് മാറ്റാൻ കഴിയുമെന്നും ഹുലിയോ കൂട്ടിച്ചേർത്തു.
പൊഗാസസ് ഉപയോഗിച്ച് നിരവധി തീവ്രവാദ ബന്ധമുള്ള ഫോൺ കോളുകൾ കണ്ടെത്താൻ കഴിഞ്ഞിട്ടുണ്ടെങ്കിലും ഏതെങ്കിലും തരത്തിൽ സോഫ്റ്റ്‌വെയർ ദുരുപയോഗം ചെയ്‌തിട്ടുണ്ടെങ്കിൽ അത് അന്വേഷിക്കേണ്ട കാര്യമാണെന്നും ബെൻ-ബരാക് വ്യക്തമാക്കി. കമ്മിറ്റിയുടെ അവലോകനത്തിൽ ഏതെങ്കിലും തരത്തിലുള്ള ദുരുപയോഗം കണ്ടെത്തിയാൽ ശക്തമായ നടപടി സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു.
Also Read: ഡാനിഷ് സിദ്ദിഖിയുടെ കൊലപാതകത്തില്‍ അനുശോചിച്ച് അഫ്‌ഗാൻ പ്രസിഡന്‍റ്