ജെറുസലേം : ഇസ്രയേലിൽ ബെഞ്ചമിന്‍ നെതന്യാഹു സർക്കാർ പുറത്ത്. പുതിയ സഖ്യകക്ഷി സര്‍ക്കാരിന് പാര്‍ലമെന്‍റിന്‍റെ അംഗീകാരം. 59 നെതിരെ 60 വോട്ടുകൾക്ക് സഖ്യകക്ഷി സർക്കാർ വിശ്വാസവോട്ട് നേടി. നഫ്തലി ബെന്നറ്റ് ആണ് പുതിയ പ്രധാനമന്ത്രി. ഇതോടെ 12 വർഷം നീണ്ട നെതന്യാഹു യുഗത്തിന് അന്ത്യം.
ബെഞ്ചമിൻ നെതന്യാഹുവിന്‍റെ മുന്‍ അനുയായിയും വലതുപക്ഷ പാര്‍ട്ടി യമിനയുടെ നേതാവുമാണ് നഫ്തലി ബെന്നറ്റ്. അടിയന്തര കെനെസ്സെറ്റ് ചേര്‍ന്നാണ് വിശ്വാസ വോട്ടെടുപ്പ് നടത്തിയത്.
നഫ്തലി ബെന്നറ്റും മറ്റൊരു പ്രതിപക്ഷ കക്ഷി നേതാവായ യായിർ ലാപ്പിഡും തമ്മിലുണ്ടാക്കിയ കരാര്‍ പ്രകാരം പ്രധാനമന്ത്രിപദത്തിലെ ആദ്യ ഊഴം നഫ്തലിക്ക് ആയിരിക്കും. 2023 സെപ്റ്റംബർ വരെയാകും ബെന്നറ്റിന്‍റെ കാലാവധി. അതിനുശേഷമുള്ള രണ്ടുവര്‍ഷം ലാപിഡ് ഭരിക്കും.
ഇസ്രായേലിന്‍റെ ചരിത്രത്തിൽ ആദ്യമായി ഒരു അറബ് പാർട്ടി ഭരണസഖ്യത്തിൽ വരുന്നു എന്ന പ്രത്യേകതയുണ്ട്. അറബ് കക്ഷിയായ 'റാം' ബെനറ്റ് സർക്കാറിൽ പങ്കാളിയാകും.
Read more: പ്രതിപക്ഷം ഒന്നിക്കുന്നു; ഇസ്രായേലിലെ നെതന്യാഹു ഭരണം അവസാനിച്ചേക്കും
വിശ്വാസ വോട്ടെടുപ്പിന് മുന്‍പുതന്നെ നെതന്യാഹു പരാജയം സമ്മതിച്ചിരുന്നു. എല്ലാവര്‍ക്കും നന്ദി അറിയിച്ചുകൊണ്ട് ഫെയ്സ്ബുക്കിലും ട്വിറ്ററിലും അദ്ദേഹം പോസ്റ്റുകള്‍ ഇട്ടിരുന്നു. ഇസ്രയേലിന്‍റെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ കാലം പ്രധാനമന്ത്രി ആയ ആളാണ് നെതന്യാഹു.