ഷാർജ: ലോക്ക് ഡൗൺ ആയതോടെ ഇന്ത്യയിൽ കുടുങ്ങിയ അമ്മയെ തിരികെ എത്തിക്കണമെന്ന് അഭ്യർഥിച്ച ഒൻപത് വയസുകാരിയുടെ കത്ത് വൈറലാകുന്നു. ഇന്ത്യൻ ഹൈസ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർഥി രാശിയാണ് തന്‍റെ അമ്മയെ മടങ്ങിവരാൻ സഹായിക്കണമെന്ന് ആവശ്യപ്പെട്ട് കത്തെഴുതിയത്.
അമ്മ പൂനം കുടുംബവുമായി നിൽക്കുന്ന പെൻസിൽ ചിത്രവും രാശി പങ്കുവച്ചു. പിതാവ് ഹരേഷ് കരംചന്ദാനിയാണ് ട്വീറ്ററിൽ കത്ത് പങ്കുവച്ചത്. തുടർന്ന് വിദേശമാധ്യമങ്ങള്‍ വാർത്ത റിപ്പോർട്ട് ചെയ്തതോടെ രാശിയുടെ കത്ത് വൈറലായി. സുഖമില്ലാത്ത അമ്മയെ കാണാൻ മാർച്ച് 18നാണ് പൂനം മുംബൈയിലേക്ക് പോയത്. 10 ദിവസത്തിന് ശേഷം അമ്മ മരിച്ചു. എന്നാൽ ലോക്ക് ഡൗൺ ഏർപ്പെടുത്തിയതോടെ ഏപ്രിൽ ആദ്യം തിരിച്ചെത്തേണ്ടിയിരുന്ന പൂനത്തിന് മടങ്ങാൻ കഴിഞ്ഞില്ല. ദയവായി അമ്മയെ മടങ്ങിയെത്താൻ സഹായിക്കണമെന്നും 59 ദിവസമായി അമ്മയെ കണ്ടിട്ടില്ലെന്നും രാശി കത്തിലൂടെ പറഞ്ഞു. ഇലക്ട്രിക്കൽ കമ്പനിയിൽ ജോലി ചെയുന്ന പിതാവാണ് രാശിയെയും 15 വയസ്സുള്ള മകൻ ക്രിഷിനെയും പരിപാലിക്കുന്നത്.