ഗസ: കിഴക്കൻ ഗസ മുനമ്പിനും ഇസ്രയേലിനും ഇടയിലുള്ള അതിർത്തിയിൽ ഇസ്രയേൽ സൈനികരുമായി ഉണ്ടായ ഏറ്റുമുട്ടലിൽ നിരവധി പലസ്‌തീനികൾക്ക് പരിക്കേറ്റുവെന്ന് പലസ്‌തീൻ ഡോക്ടർമാർ. 15 കുട്ടികളുൾപ്പെടെ 41 പലസ്‌തീനിയൻ പ്രക്ഷോഭകർക്ക് ഇസ്രയേൽ സൈകനികരുടെ വെടിയേറ്റുവെന്നും രണ്ട് പേരുടെ നില ഗുരുതരമാണെന്നും ഗസ നഗരത്തിലെ ഷിഫ ആശുപത്രി ഡയറക്ടർ മുഹമ്മദ് അബു സിൽമിയ പറഞ്ഞു.
അതിർത്തിയിൽ എത്തിയ 100ഓളം പലസ്‌തീനികൾ സൈനികർക്ക് നേരെ ഗ്രനേഡുകൾ എറിഞ്ഞുവെന്നും പ്രതിഷേധക്കാരെ പിരിച്ചുവിടാൻ ആണ് വെടിയുതിർത്തത് എന്നുമാണ് ഇസ്രയേലിന്‍റെ വാദം. പലസ്‌തീൻ പ്രതിഷേധക്കാർ അതിർത്തിയിലെ മുള്ളുവേലിയുടെ കമ്പികൾ മുറിച്ചതായും ഇസ്രയേൽ മാധ്യമങ്ങൾ പറയുന്നു.
എന്നാൽ വെടിയുതിർത്തതിന്‍റെ പൂർണ ഉത്തരവാദിത്തം ഇസ്രയേലിനാണെന്ന് ഹമാസ് നേതാവ് ഇസ്മായിൽ റെഡ്‌വാൻ മാധ്യമങ്ങളോട് പറഞ്ഞു.
Also Read: ഇന്ത്യയുടെ പിന്തുണയെ അഭിനന്ദിച്ച് അഫ്‌ഗാൻ പ്രതിനിധി മാമുന്ദ്സെ
കിഴക്കൻ ജറുസലേമിലെ അൽ-അഖ്‌സ പള്ളി കത്തിച്ചതിന്‍റെ 52-ാം വാർഷികത്തോടനുബന്ധിച്ച് ഗസ മുനമ്പിലെ പലസ്‌തീൻ വിഭാഗങ്ങൾ ഇസ്രയേലിന്‍റെ അതിർത്തി പ്രദേശത്ത് പ്രകടനം നടത്താൻ അതിർത്തിയിലുള്ളവരോട് വെള്ളിയാഴ്ച ആവശ്യപ്പെട്ടിരുന്നു.