ടെഹ്‌റാൻ: ടെഹ്‌റാനിലെ മെഡിക്കൽ ക്ലിനിക്കില്‍ ഗ്യാസ് ചോർച്ചയെ തുടർന്നുണ്ടായ സ്‌ഫോടനത്തിലും തീപിടിത്തത്തിലും 13 പേർ കൊല്ലപ്പെട്ടു. ആറ് പേർക്ക് പരിക്കേറ്റു. 10 പുരുഷൻന്മാരും മൂന്ന് സ്ത്രീകളുമാണ് മരിച്ചത്. ക്ലിനിക്കിന്‍റെ മധ്യഭാഗത്തെ ഓക്‌സിജൻ ടാങ്കുകൾ പൊട്ടിത്തെറിച്ചാണ് അപകടം ഉണ്ടായതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. പരിക്കേറ്റവർ താജ്രിഷ് ആശുപത്രിയിൽ ചികിത്സയിലാണെന്ന് ടെഹ്‌റാൻ പ്രോസിക്യൂട്ടർ അലി അൽക്കാസിമെഹർ അറിയിച്ചു. സാമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന വീഡിയോയിൽ ഒന്നിൽ കൂടുതൽ തവണ സ്ഫോടനം ഉണ്ടകുന്നതും കെട്ടിടത്തിൽ നിന്ന് കറുത്ത പുകയും തീയും ഉയരുന്നതും വ്യക്തമാണ്.
അഗ്നിശമന സേനാംഗങ്ങൾ സമീപത്തെ കെട്ടിടങ്ങളിൽ നിന്ന് ആളുകളെ ഒഴിപ്പിക്കാൻ ശ്രമിക്കുകയാണ് . മെഡിക്കൽ ക്ലിനിക്കിൽ ധാരാളം ഓക്സിജൻ ടാങ്കുകൾ അവശേഷിക്കുന്നതിനാൽ കൂടുതൽ സ്ഫോടനത്തിന് സാധ്യത ഉള്ളതായി അധികൃതർ അറിയിച്ചു.