ബെയ്റൂത്ത് : 9/11ആക്രമണത്തിന്‍റെ 20-ാം വാർഷികത്തില്‍ അൽ-ഖ്വയ്‌ദ പുറത്തുവിട്ട വീഡിയോയിൽ തങ്ങൾ നടത്തിയ ആക്രമണങ്ങളെ പ്രശംസിച്ച് അൽ-ഖ്വയ്‌ദ നേതാവ് അയ്‌മാൻ അൽ-സവാഹ്രി. മരണപ്പെട്ടുവെന്ന അഭ്യൂഹം നിലനിൽക്കവെയാണ് സവാഹ്രിയുടെ വീഡിയോ ജിഹാദിസ്റ്റ് വെബ്‌സൈറ്റ് നിരീക്ഷികരായ 'സൈറ്റ്' ഇന്‍റലിജൻസ് ഗ്രൂപ്പ് പുറത്തുവിട്ടത്.
ജറുസലേം ഒരിക്കലും ജൂതവൽക്കരിക്കപ്പെടില്ലെന്ന് പറഞ്ഞ സവാഹ്രി, സിറിയയിലെ റഷ്യൻ സൈന്യത്തെ ലക്ഷ്യം വച്ചതുൾപ്പെടെയുള്ള അൽ-ഖ്വയ്‌ദ ആക്രമണങ്ങളെയും പ്രശംസിച്ചു. കൂടാതെ 20 വർഷത്തെ പോരാട്ടത്തിനുശേഷമുള്ള അഫ്‌ഗാനിലെ യുഎസ് സൈന്യത്തിന്‍റെ പിന്മാറ്റത്തെക്കുറിച്ചും സവാഹ്രി സംസാരിക്കുന്നുണ്ട്. അതേസമയം അഫ്‌ഗാനിലെ താലിബാന്‍റെ മുന്നേറ്റത്തെക്കുറിച്ച് ഒരു പരാമർശവും നടത്തിയതുമില്ല.
also read:താലിബാൻ ഭരണത്തില്‍ കടുത്ത ആശങ്ക ; കലാകാരര്‍ പലായനത്തില്‍
റഷ്യൻ സൈന്യത്തെ ലക്ഷ്യമിട്ടുള്ള 'ജനുവരി 1' ആക്രമണത്തിനുപിന്നാലെ അൽ സവാഹ്രി അസുഖ ബാധിതനായി മരിച്ചുവെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. അതിനുശേഷം ഇന്നുവരെ സവാഹ്രി ജീവിച്ചിരിക്കുന്നുവെന്നതിന് ഒരു തെളിവുകളും പുറത്തുവന്നിട്ടില്ലായിരുന്നു. അങ്ങനെയിരിക്കെയാണ് സവാഹ്രി ജീവിച്ചിരിക്കുന്നുവെന്ന് തെളിയിക്കുന്ന ദൃശ്യങ്ങൾ അല്‍ഖ്വയ്‌ദ പുറത്തുവിട്ടിരിക്കുന്നത്.